04:56pm 10 November 2026
NEWS
റഷ്യയിൽ വാട്സാപ്പ് നിരോധിക്കാൻ നീക്കം
24/07/2025  11:28 AM IST
nila
റഷ്യയിൽ വാട്സാപ്പ് നിരോധിക്കാൻ നീക്കം

റഷ്യയിൽ വാട്സാപ്പിന് നിരോധനമേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ മെസഞ്ചർ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് പിന്നാലെയാകും വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ റഷ്യയിലെ 70 ശതമാനത്തിലധികം ആളുകളാണ് വാട്സാപ്പ് ഉപയോ​ഗിക്കുന്നത്. 

മാക്സ് എന്ന മെസഞ്ചർ ആപ്പാണ് റഷ്യ പുറത്തിറക്കുന്നത്. ഈ വർഷം സെപ്റ്റംബർ മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ ഡിജിറ്റൽ ഉപകരണങ്ങളിലും മാക്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെന്നാണ് ദി ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് പൗരൻമാരെ നിരീക്ഷിക്കാനുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സന്ദേശം അയയ്ക്കാനും വീഡിയോ കോൾ ചെയ്യാനും മാത്രമല്ല, സർക്കാർ സേവനങ്ങളും മൊബൈൽ പേയ്മെന്റുകളും ലഭ്യമാക്കുന്ന ഒരു വലിയ വിവര ശേഖരണ സംവിധാനം കൂടിയായിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ ആപ്പിനു പിന്നിൽ ചാരപ്രോഗ്രാമായി പ്രവർത്തിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നതായും റിപ്പോർട്ടിലുണ്ട്. ഇത് റഷ്യയുടെ സുരക്ഷ ഏജൻസിയായ എഫ്എസ്ബിക്ക് കർശനമായ നിരീക്ഷണത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കും. ആപ്പിന്റെ സെർവറുകൾ റഷ്യയിൽ തന്നെയായതിനാൽ മാക്സ് റഷ്യൻ നിയമങ്ങൾക്ക് വിധേയമായിരിക്കും. വിവരങ്ങൾ പരിശോധിക്കാൻ എഫ്എസ്ബിക്ക് ആവുമെന്നും വദഗ്ദ്ധർ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img