05:02am 17 September 2026
NEWS
താലിബാനെ വിശുദ്ധരാക്കി റഷ്യ; തന്ത്രപ്രധാനമായ നീക്കത്തിന് പിന്നിൽ..
06/08/2025  06:09 PM IST
കല്ലമ്പലം അൻസാരി
താലിബാനെ വിശുദ്ധരാക്കി റഷ്യ; തന്ത്രപ്രധാനമായ നീക്കത്തിന് പിന്നിൽ..

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. താലിബാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ലോകരാജ്യമാണ് റഷ്യ. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം പിൻവലിച്ചതോടെയാണ് 2021 ൽ താലിബാൻ അവിടെ ഭരണം ഉറപ്പിക്കുന്നത്. അന്നുതൊട്ട് ഇന്നേവരെ ലോകരാജ്യങ്ങളിൽ മതിപ്പ് ഉളവാക്കി നയതന്ത്ര അംഗീകാരം നേടാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു താലിബാൻ. എന്നാൽ ഒരു കാലത്ത് ഉറ്റ ചങ്ങാതിയായിരുന്ന പാകിസ്ഥാൻ പോലും ഇതുവരെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കാൻ മടിച്ചുനിൽക്കുകയാണ്. ഒരുപരിധിവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളായിരിക്കുന്ന അവസ്ഥയിലും ആണിപ്പോൾ. ഈ വേളയിലാണ് ഇൻഡ്യ തന്ത്രപരമായി താലിബാൻ സർക്കാരുമായി ചില ചർച്ചകൾ നടത്തിയിട്ടുള്ളത്. ചൈനയും താലിബാൻ സർക്കാരുമായി ഉറ്റബാന്ധവം പുലർത്തുന്നുണ്ട്. അവരുടെ അംബാസിഡർ വരെ കാബൂളിലുണ്ട്. എങ്കിലും താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ല. ഈ വേളയിലാണ് സകലരെയും കടത്തിവെട്ടി റഷ്യ അഫ്ഗാനിസ്ഥാൻ സർക്കാരിനെ അംഗീകരിച്ചുകൊണ്ട് വിളംബരമിറക്കിയിരിക്കുന്നത്.

ചരിത്രത്തിലെ തികച്ചും വിചിത്രമായ ഒരേടായി താലിബാനെ അംഗീകരിക്കാനുള്ള റഷ്യയുടെ നടപടി വേറിട്ട് നിൽക്കുകതന്നെ ചെയ്യും. ഒരുകാലത്ത് താലിബാന്റെ പിൻമുറക്കാരായ മുജാഹിദീനുകളുമായി പടവെട്ടി, ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബദ്ധശത്രുവായി നിലനിന്ന രാജ്യമാണ് റഷ്യ. 

1979 ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നതോടെയാണ് ചരിത്രത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിന് കാലം വഴിമാറുന്നത്. അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ സംരക്ഷിക്കാൻ ഒരു ദശകത്തോളം നീണ്ട അധിനിവേശവും യുദ്ധവുമാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നയിച്ചത്. അഫ്ഗാനിസ്ഥാനെ വിമോചിപ്പിക്കുവാൻ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയായ മുജാഹിദീനായിരുന്നു സോവിയറ്റ് യൂണിയനെ നേരിട്ടത്. പിന്നീട് മുജാഹിദീനിന്റെയും താലിബാന്റെയും പ്രധാന ശത്രുവായി മാറിയ അമേരിക്കയുടെ സൈനിക സാമ്പത്തിക സഹായത്തോടെയായിരുന്നു മുജാഹിദീൻ സോവിയറ്റ് യൂണിയനെ നേരിട്ടത്. അന്ന് അവരോടൊപ്പം ഉറച്ചുനിന്ന പാകിസ്ഥാൻ വഴിയായിരുന്നു സഹായങ്ങളുടെ സിംഹഭാഗവും മുജാഹിദീനികളിലേക്ക് എത്തിയത്.

സഫീർഷാ രാജാവിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ദാവൂദ്ഖാന്റെ ഭരണകാലത്താണ് കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനുമായി അഫ്ഗാനിസ്ഥാന്റെ ഊഷ്മള ബന്ധത്തിന് തുടക്കം കുറിച്ചത്. ദാവൂദ്ഖാൻ അധികാരം ഒഴിഞ്ഞപ്പോൾ 1963 ൽ പ്രധാനമന്ത്രിയായ മുഹമ്മദ് യൂസഫ് പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കക്ഷികൾക്ക് സ്വതന്ത്രമായ രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുമതി നൽകി. നിരവധി മുസ്ലിം തീവ്രവാദ സംഘടനകളോടൊപ്പം സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാൻ(പി.ഡി.പി.എ) വേരുറയ്ക്കുന്നത്  ഈ കാലഘട്ടത്തിലാണ്. 1973 ൽ രാജാവായിരുന്ന സഫീർഷായെ അട്ടിമറിച്ച് ദാവൂദ് ഖാൻ തിരിച്ചുവന്ന് അഫ്ഗാനിസ്ഥാന്റെ പ്രഥമപ്രസിഡന്റായി. പി.ഡി.പി.എയുടെ ശക്തമായ പിന്തുണയോടെയായിരുന്നു ദാവൂദ്ഖാൻ അധികാരം പിടിച്ചെടുത്തത്. ഇടതുപക്ഷക്കാരുടെ സമ്മർദ്ദത്തിൽ ദാവൂദ് ഖാൻ ആദ്യം ഇസ്ലാമികതീവ്രവാദികളെ അടിച്ചമർത്താൻ ഒരുമ്പെട്ടു. അതോടെ അവർ പാകിസ്ഥാനിലേക്കും ഇറാനിലേക്കും പലായനം ചെയ്തു. അവിടെ അവർ അമേരിക്കൻ സഹായത്തോടെ വലിയ ശക്തിയായി വളർന്നു. പിന്നീട് ദാവൂദ്ഖാനും പി.ഡി.പി.എയും തമ്മിൽ തെറ്റി. 1978 ൽ ദാവൂദ്ഖാനെ വധിച്ച് പി.ഡി.പി.എ സ്ഥാപക നേതാവും, ആദ്യജനറൽ സെക്രട്ടറിയുമായിരുന്ന നൂർ മുഹമ്മദ് താരിക്കി അധികാരം പിടിച്ച് കമ്മ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കുകയും ചെയ്തു.

നൂർ മുഹമ്മദ് താരിക്കിയുടെ കാലത്താണ് സോവിയറ്റ് യൂണിയനുമായി, പിൽക്കാലത്ത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കിയ സൗഹൃദസഹകരണക്കരാറിൽ അഫ്ഗാനിസ്ഥാൻ ഒപ്പുവയ്ക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ അന്യോന്യം ഇടപെടുന്നതിനുള്ള വ്യവസ്ഥകൾ വരെ ഈ ഉടമ്പടിയിലുണ്ടായിരുന്നു. ഇതിന്റെ ബലത്തിലാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ സൈനിക വിന്യാസം നടത്തിയത്. ഇതോടെ മുസ്ലീം തീവ്രവാദികൾ കലാപം ശക്തമാക്കുകയും, അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളും തങ്ങളുടെ അധീനതയിൽ കൊണ്ടുവരികയും ചെയ്തു. കാബൂളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സ്ഥിതി പരുങ്ങലിലായതോടെ സോവിയറ്റ് യൂണിയൻ തങ്ങളുടെ സൈനിക അധിനിവേശം അഫ്ഗാനിസ്ഥാനിൽ വ്യാപിപ്പിച്ചു. നൂർ മുഹമ്മദ് താരിക്കിയുടെ മരണശേഷം അധികാരത്തിൽ വന്നത് ഹഫീസുള്ള അമീൻ ആയിരുന്നു. മുജാഹിദ്ദീൻ വിമോചന പ്രസ്ഥാനങ്ങൾ ശക്തിയാർജ്ജിക്കുകയും, അമേരിക്കയും, പാകിസ്ഥാനും നിരന്തര സമ്മർദ്ദം ചെലുത്തുകയും ചെയ്ത വേളയിൽ അമീൻ അവരുമായി ചില അനുരഞ്ജന ശ്രമങ്ങൾ നടത്തുകയുണ്ടായി. അതോടെ അദ്ദേഹം സോവിയറ്റ് യൂണിയന്റെ ബ്ലാക്ക് ലിസ്റ്റിലായി. ഇറാനിലെ ഇസ്ലാമികവിപ്ലവവും സോവിയറ്റ് യൂണിയനെ അസ്വസ്ഥമാക്കി. അങ്ങനെ 1979 ഡിസംബറിൽ സോവിയറ്റ് സൈന്യം കാബൂളിൽ കടന്ന് ഹമീസുള്ള അമീനെ വധിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പി.ഡി.പി.എയിലെ ബാബ്രക് കാർമാലിനെ സോവിയറ്റ് സൈന്യം പ്രസിഡന്റായി നിയോഗിച്ചു.

1980 മുതൽ 88 വരെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് പടയും അഫ്ഗാൻ മുജാഹിദീനുമായി പൊരിഞ്ഞ പോരാട്ടമായിരുന്നു. പാകിസ്ഥാനും ഇറാനും കേന്ദ്രീകരിച്ചായിരുന്നു മുജാഹിദീന്റെ പടനീക്കം. കൊണ്ടും കൊടുത്തും മുന്നേറിയ യുദ്ധത്തിൽ സമ്പൂർണ്ണ വിജയം ഇരുവർക്കും അന്യമായിരുന്നു. മുജാഹിദീനുകളെ സഹായിക്കാൻ അമേരിക്കയും, സഖ്യകക്ഷികളും ആയുധങ്ങളും, പണവും വാരിയൊഴുക്കി. ഇതിനിടയിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും യുദ്ധത്തിന് ഒരു അറുതിയും കണ്ടില്ല. 1985 ൽ മിഖായേൽ ഗോർബച്ചോവ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ആകുന്നതോടുകൂടി കാര്യങ്ങൾ കളം  മാറി. കാർമാലിനോട് സഹകരിക്കാൻ മുജാഹിദീനുകൾ വിസമ്മതിച്ചപ്പോൾ ഗോർബച്ചോവ് മുഹമ്മദ് നജീബുള്ളയെ പ്രസിഡന്റായി നിയോഗിച്ചു. എന്നിട്ടും മുജാഹിദീനുകൾ നിസ്സഹകരണം തുടർന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് തലയൂരുക മാത്രമായിരുന്നു ലക്ഷ്യം. അങ്ങനെ 1988 ൽ ജനീവയിൽ ഒപ്പുവച്ച കരാറിൽ സോവിയറ്റ് യൂണിയന്റെ സേനാ പിന്മാറ്റത്തിന് ഒൻപത് മാസത്തെ സമയപരിധി നിശ്ചയിച്ചു. പകരമായി മുജാഹിദീനുകൾക്ക് നൽകിയിരുന്ന എല്ലാ സഹായങ്ങളും നിർത്തിവയ്ക്കാനും ധാരണയായി. എന്നാൽ ജനീവ ചർച്ചയിൽ പങ്കാളിയല്ലാതിരുന്ന മുജാഹിദീനുകൾ ഈ കരാറിനെ അംഗീകരിക്കില്ലെന്ന് മാത്രമല്ല നജീബുള്ളയ്‌ക്കെതിരെയുള്ള യുദ്ധം കടുപ്പിക്കുകയും ചെയ്തു. ഏതായാലും ജനീവ ധാരണയനുസരിച്ച് 1989 ഫെബ്രുവരി 14 ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ അമു ദര്യ നദി കടന്ന് സോവിയറ്റ് പട താജിക്കിസ്ഥാനിലെത്തി തടി രക്ഷിച്ചു. അന്ന് സോവിയറ്റ് യൂണിയനെതിരെ പട നയിച്ച വിവിധ ഇസ്ലാമിക വിഭാഗങ്ങൾ ചേർന്നുണ്ടാക്കിയ മുജാഹിദീനുകളിൽ താലിബാൻ കക്ഷി ഉണ്ടായിരുന്നില്ല. എന്നാൽ മുജാഹിദീനുകളിലെ തീവ്രവാദ സ്വഭാവമുള്ള കക്ഷികളിലെ അറിയപ്പെടുന്ന നേതാക്കന്മാരും, അനുയായികളുമാണ് പിന്നീട് താലിബാനായി പരിണമിക്കപ്പെട്ടത്.

1979 മുതൽ 89 വരെയുള്ള കാലത്ത് ഏതാണ്ട് ഏഴരലക്ഷം സോവിയറ്റ് സൈനികർ അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചിരുന്നു. അതിൽ പതിനയ്യായിരത്തോളം പേർ അഫ്ഗാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ സേവനം ചെയ്ത സൈനികരിൽ ഭൂരിപക്ഷവും വലിയ അസംതൃപ്തിയോടും, നിരാശയോടും കൂടിയാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്. മെരുങ്ങാത്ത ചരിത്രമുള്ള അപരിചിതമായ അഫ്ഗാനിസ്ഥാനിൽ അധിനിവേശം അനാവശ്യദൗത്യമായിരുന്നു എന്ന് വിശ്വസിക്കുന്നവരായിരുന്നു സൈനികരിൽ അധികവും. നാടൻ പടയാളികളായ മുജാഹിദീനുകളെ തകർത്തെറിയാൻ കഴിയാതെ മഹാശക്തിയായ സോവിയറ്റ് യൂണിയന്റെ പിന്മാറ്റം ജനങ്ങളെയും സൈന്യത്തേയും നിരാശരാക്കി. അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ തിരിച്ചടിയും, ഖജനാവ് കാലിയാക്കുകയും ചെയ്ത ഈ യുദ്ധത്തിന് സോവിയറ്റ് ശിഥിലീകരണത്തിന് വലിയ പങ്കുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് വിശ്വാസ പ്രമാണങ്ങളിൽ വലിയ കഴമ്പില്ലെന്ന് സോവിയറ്റ് ജനത തിരിച്ചറിഞ്ഞു. അങ്ങനെ സോവിയറ്റ് യൂണിയന്റെ പതനത്തിൽ അഫ്ഗാൻ യുദ്ധം ചെറുതല്ലാത്ത ഒരു വലിയ പങ്ക് വഹിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച റഷ്യൻ നടപടി തന്ത്രപ്രധാനമായ ഒരു തീരുമാനമായി വിലയിരുത്തുന്നുണ്ട്. മദ്ധ്യ പൂർവ്വേഷ്യയിൽ മുസ്ലീം രാജ്യങ്ങളിൽ റഷ്യക്കുള്ള സ്വാധീനം അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. റഷ്യയുടെ ഉറ്റ ബന്ധുവായിരുന്ന സിറിയയിലെ ബഷർ അൽ അസദിനെ തീവ്രവാദ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ അട്ടിമറിച്ചത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അഹമ്മദ് അശാറയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അമേരിക്കയോട് വിധേയത്വം പുലർത്തുന്നവരാണ്. റഷ്യയുടെ മറ്റൊരു പ്രധാന സുഹൃത്തായ ഇറാൻ മേഖലയിൽ തന്ത്രപ്രധാനമായി ഇടപെടാൻ കഴിയാത്ത തരത്തിൽ ശക്തി ചോർന്നുപോയിരിക്കുന്നു. അമേരിക്കയും ഇസ്രായേലും കൂടി ചേർന്ന് ഇറാന്റെ ന്യൂക്ലിയർ കേന്ദ്രങ്ങളെ ആക്രമിച്ച് നശിപ്പിച്ചത് ഇറാനെ ഏറെ തളർത്തിയിട്ടുണ്ട്. ഈ അവസ്ഥയിൽ താലിബാനെ കൈയിലെടുത്ത് അഫ്ഗാനിസ്ഥാന്റെ സഹകരണം ഉറപ്പാക്കേണ്ടത് റഷ്യയുടെ ആവശ്യമായിരുന്നു. 

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലുകളിലൂടെ ചരിത്രം വിചിത്രമായി വഴിമാറി ഒഴുകുമ്പോൾ അതിലും വിചിത്രമായ നടപടിയിലൂടെയാണെങ്കിലും റഷ്യ താലിബാനെയും അഫ്ഗാനിസ്ഥാനെയും ഒന്നായി വരുതിയിലാക്കിയത് അവരെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു നീക്കമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img