
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ഇക്കാര്യം അറിയിച്ചത്. താലിബാൻ ഭരണകൂടത്തെ ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഔദ്യോഗികമായി അംഗീകരിക്കുന്നത്.
റഷ്യയുടേത് ധീരമായ തീരുമാനമെന്നാണ് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിശേഷിപ്പിച്ചത്. ഈ ധീരമായ തീരുമാനം മറ്റുരാജ്യങ്ങൾക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ എല്ലാവരെക്കാളും മുൻപിലാണെന്നും ആമിർ ഖാൻ മുത്തഖി അഭിപ്രായപ്പെട്ടു. താലിബാൻ സർക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.
2021-ൽ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലേറിയ താലിബാൻ ഭരണകൂടം അന്താരാഷ്ട്ര അംഗീകാരങ്ങൾക്കായുള്ള ശ്രമങ്ങളിലായിരുന്നു. എന്നാൽ, താലിബാൻ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനിലെ എംബസികൾ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. 2022-ൽ താലിബാൻ സർക്കാരുമായി റഷ്യ അന്താരാഷ്ട്ര സാമ്പത്തിക കരാറിലും ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ 2025 ഏപ്രിലിൽ താലിബാനെ തീവ്രവാദസംഘടനകളുടെ പട്ടികയിൽനിന്ന് റഷ്യ നീക്കംചെയ്യുകയുമുണ്ടായി.











