
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം. 450 അംഗ റഷ്യൻ സ്റ്റേറ്റ് ഡ്യൂമയിൽ 355 സീറ്റുകളാണ് യുണൈറ്റഡ് റഷ്യ സ്വന്തമാക്കിയത്. സെപ്റ്റംബർ 18 മുതൽ 20 വരെ നടന്ന മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ സെപ്റ്റംബർ 21ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മേധാവി എല്ല പാംഫിലോവ പുറത്തുവിട്ടു.
95 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴുള്ള ഫലമാണിത്. 2016ലെ 343 സീറ്റെന്ന സ്വന്തം റെക്കോർഡും യുണൈറ്റഡ് റഷ്യ മറികടന്നു. 450 അംഗ സഭയിലെ ഏകദേശം 80 ശതമാനം സീറ്റുകളും നിയന്ത്രിക്കുന്നതോടെ പാർട്ടിക്ക് ഭരണഘടനാ ഭൂരിപക്ഷം നിലനിർത്താനായി. ഇതിലൂടെ മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ ഭരണഘടനാ ഭേദഗതികൾക്ക് തുടക്കമിടാനും നിയമങ്ങൾ പാസാക്കാനും കഴിയുന്ന സ്ഥിതിയാണ് യുണൈറ്റഡ് റഷ്യയ്ക്ക്.
2003 മുതൽ സ്റ്റേറ്റ് ഡ്യൂമയിൽ ഭൂരിപക്ഷം നിലനിർത്തുന്ന പാർട്ടിയാണ് യുണൈറ്റഡ് റഷ്യ. 2021ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 450ൽ 324 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2030ലാണ് നടക്കേണ്ടത്.
40 സീറ്റുകളുമായി റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (കെപിആർഎഫ്) രണ്ടാം സ്ഥാനത്തെത്തി. അൾട്രാനാഷണലിസ്റ്റ് നിലപാടുകൾക്ക് പേരുകേട്ട ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ (എൽഡിപിആർ) 25 സീറ്റുമായി മൂന്നാമതും ബിസിനസ് അനുകൂലവും പ്രായോഗികവുമായ നിലപാടുകൾ മുന്നോട്ടുവയ്ക്കുന്ന ന്യൂ പീപ്പിൾ പാർട്ടി 20 സീറ്റുമായി നാലാമതുമെത്തി.
പ്രധാന വിഷയങ്ങളിലെല്ലാം ഈ പാർട്ടികൾ സമീപ വർഷങ്ങളിൽ യുണൈറ്റഡ് റഷ്യയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിട്ടുള്ളത്.
സ്റ്റേറ്റ് ഡ്യൂമയിലെ 450 സീറ്റുകളിൽ പകുതി പാർട്ടി പട്ടിക അടിസ്ഥാനത്തിലും ബാക്കി പകുതി ഒറ്റ അംഗ മണ്ഡലങ്ങളിലൂടെയുമാണ് തിരഞ്ഞെടുക്കുന്നത്. ഇത്തവണ 59 ശതമാനമായിരുന്നു പോളിങ്. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ഉയർന്നതായി പാംഫിലോവ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന 'മാനസിക സമ്മർദങ്ങൾ'ക്കിടയിലും വോട്ട് രേഖപ്പെടുത്തിയ റഷ്യൻ ജനതയ്ക്ക് അവർ നന്ദി അറിയിച്ചു.
2022ൽ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള റഷ്യയിലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്.
തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട റഷ്യയിലെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആയിരത്തിലധികം ഡിഡിഒഎസ് ആക്രമണങ്ങൾ നടന്നതായി പാംഫിലോവ ആരോപിച്ചു. റഷ്യയുടെ കിഴക്കൻ മേഖലകളിൽ ആശയവിനിമയ സംവിധാനങ്ങൾ തകർക്കാനുള്ള ശ്രമങ്ങളും നടന്നതായി അവർ പറഞ്ഞു.
സ്റ്റേറ്റ് ഡ്യൂമ തിരഞ്ഞെടുപ്പിനൊപ്പം റഷ്യയിലെ 39 മേഖലകളിലെ നിയമനിർമാണ സഭകളിലേക്കും 10 ഭരണപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. 11 മേഖലകളിൽ ഗവർണർമാരെയും തിരഞ്ഞെടുത്തു.
കനത്ത ഡ്രോൺ ആക്രമണത്തിനിടെ വോട്ടെടുപ്പ്
തിരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ സെപ്റ്റംബർ 20ന് യുക്രൈൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണവും റഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നായിരുന്നു ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
19 റഷ്യൻ മേഖലകളിലും റഷ്യ 2014ൽ കൂട്ടിച്ചേർത്ത ക്രിമിയയിലുമായി 1,110 യുക്രൈൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന ഒറ്റരാത്രി ഡ്രോൺ ആക്രമണ കണക്കാണിത്. ഓഗസ്റ്റിൽ 822 ഡ്രോണുകളായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന കണക്ക്.
മോസ്കോ മേഖലയിൽ മൂന്ന് പേരും റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രൈൻ മേഖലയായ ഖേഴ്സണിൽ രണ്ട് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണറും തിരഞ്ഞെടുപ്പ് കമ്മിഷനും അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് മോസ്കോ മേയർ സെർഗെയ് സോബ്യാനിൻ ആരോപിച്ചു. എന്നാൽ ഈ ആരോപണം യുക്രൈൻ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യൻ എണ്ണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. യുക്രൈൻ നിർമിത ഫ്ലമിംഗോ, പെലിക്കൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് സാമ്പത്തികമായി സമ്മർദം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സെലെൻസ്കി പറഞ്ഞു.
പ്രതിപക്ഷത്തിന് കടുത്ത നിയന്ത്രണം
യുക്രൈൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ പുടിനും യുദ്ധത്തിനുമുള്ള ജനപിന്തുണ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രെംലിൻ തിരഞ്ഞെടുപ്പിനെ അവതരിപ്പിച്ചത്. യുദ്ധമുഖത്ത് കാര്യമായ മുന്നേറ്റമില്ലാത്തതിനൊപ്പം റഷ്യൻ സൈന്യത്തിന് വലിയ ആൾനാശമുണ്ടാകുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും വൻതോതിൽ സൈനികരെ നിർബന്ധിതമായി റിക്രൂട്ട് ചെയ്യുമെന്ന ആശങ്കയും റഷ്യയിൽ ഉയർന്നിരുന്നു.
എന്നാൽ പുതിയ സൈനിക സമാഹരണത്തിന് പദ്ധതിയില്ലെന്ന് പുടിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അഭ്യൂഹങ്ങളെ അദ്ദേഹം 'പൂർണമായും അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ പ്രധാന പാർട്ടികളും യുക്രൈൻ യുദ്ധത്തിൽ പുടിനെ പിന്തുണച്ചിരുന്നു. ആഭ്യന്തര നയങ്ങളിലും പ്രസിഡന്റിനെതിരെ കാര്യമായ വിമർശനം ഉയർന്നില്ല.
'സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി' പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച ലിബറൽ യാബ്ലോകോ പാർട്ടിയെ സ്റ്റേറ്റ് ഡ്യൂമയുടെ പാർട്ടി പട്ടികയിൽ നിന്ന് കഴിഞ്ഞ മാസം റഷ്യൻ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി.
ഇതോടെ പാർട്ടിയുടെ ഏതാനും സ്ഥാനാർഥികൾക്ക് മാത്രമാണ് ഒറ്റ അംഗ മണ്ഡലങ്ങളിൽ മത്സരിക്കാനായത്. യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ദീർഘകാല തടവുശിക്ഷ ലഭിച്ചതും ആശങ്ക വർധിപ്പിച്ചു. സൈന്യത്തെ അപകീർത്തിപ്പെടുത്തുകയോ അധികൃതർ 'വ്യാജവാർത്ത'യായി കണക്കാക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്താൽ റഷ്യയിൽ ദീർഘകാല തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.
ദേശീയതലത്തിൽ യാബ്ലോകോയ്ക്ക് ഒരു സീറ്റുപോലും നേടാനായില്ല. എന്നാൽ മോസ്കോയിൽ നിന്ന് ഏകദേശം 480 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള നോവ്ഗൊറോഡ് മേഖലയിൽ 97 ശതമാനത്തോളം വോട്ടുകൾ എണ്ണിയപ്പോൾ പാർട്ടി അഞ്ച് ശതമാനം കടന്ന് പ്രാദേശിക നിയമസഭയിൽ പ്രവേശിക്കാനുള്ള സാധ്യത തെളിഞ്ഞു.
യുക്രൈനിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുന്ന യാബ്ലോകോ, നോവ്ഗൊറോഡിൽ 12,000ത്തിലധികം പേർ തങ്ങൾക്ക് വോട്ട് ചെയ്തതായി അറിയിച്ചു.
റഷ്യ കൂട്ടിച്ചേർത്ത യുക്രൈൻ മേഖലകളിലും തിരഞ്ഞെടുപ്പ്
റഷ്യ യുക്രൈനിൽനിന്ന് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ജനങ്ങളെയും ആദ്യമായി ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തി. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൺ, സപൊറീഷ്യ എന്നീ നാല് മേഖലകളിലായി 35 ലക്ഷത്തിലധികം വോട്ടർമാരുണ്ടെന്നാണ് റഷ്യൻ അധികൃതരുടെ കണക്ക്.
2022 സെപ്റ്റംബറിലാണ് റഷ്യ ഈ പ്രദേശങ്ങൾ തങ്ങളുടേതായി പ്രഖ്യാപിച്ചത്. എന്നാൽ അന്ന് ഈ മേഖലകളുടെ മുഴുവൻ പ്രദേശങ്ങളും റഷ്യൻ നിയന്ത്രണത്തിലായിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ റഷ്യയുടെ ഈ കൂട്ടിച്ചേർക്കൽ അംഗീകരിച്ചിട്ടില്ല.
റഷ്യൻ നടപടി നിയമവിരുദ്ധമാണെന്ന് യുക്രൈൻ ശക്തമായി ആരോപിച്ചു. പ്രദേശവാസികളെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്കിലെ ഒരു പോളിങ് സ്റ്റേഷനിൽ ആയുധധാരിയായ റഷ്യൻ സൈനികൻ സമീപത്ത് നിൽക്കെ വോട്ടർമാർ ബാലറ്റ് പെട്ടിയിൽ വോട്ട് നിക്ഷേപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
വിദേശത്തുള്ള റഷ്യൻ പൗരന്മാർക്കും മൂന്ന് ദിവസത്തെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവും ന്യൂഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി.
ഇന്ത്യയിൽ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഗോവ എന്നിവിടങ്ങളിലായി അഞ്ച് പോളിങ് സ്റ്റേഷനുകളാണ് റഷ്യൻ പൗരന്മാർക്കായി ഒരുക്കിയത്.
തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സെപ്റ്റംബർ 25നകം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ റഷ്യൻ സ്റ്റേറ്റ് ഡ്യൂമയുടെ പുതിയ ഘടന കൂടുതൽ വ്യക്തമായേക്കും.











