
ലണ്ടൻ: നാല് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ നടനും കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന്റെ നിയമക്കുരുക്ക് കൂടുതൽ മുറുകുന്നു. 51 കാരനായ ബ്രാൻഡിനെതിരെ വരും ആഴ്ചകളിൽ കൂടുതൽ ബലാത്സംഗക്കേസുകൾ കോടതിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കേസുകളിലും നടപടികൾ മുന്നോട്ടുപോയാൽ വർഷങ്ങളോളം ജയിൽവാസം അനുഭവിക്കേണ്ടിവരുമെന്നതിനു പുറമേ, അമേരിക്കയിലും ബ്രിട്ടനിലുമായി നേരിടുന്ന സിവിൽ കേസുകൾ അദ്ദേഹത്തിന്റെ 16 മില്യൻ പൗണ്ടിന്റെ ആസ്തിക്കും ഭീഷണിയായേക്കും.
ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതിനുമാണ് സൗത്ത്വാർക്ക് ക്രൗൺ കോടതി ബ്രാൻഡിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ഇതിനു പുറമേ, 16 വയസ്സുകാരിയുൾപ്പെടെ രണ്ട് പേരെ ബലാത്സംഗം ചെയ്തെന്ന ആരോപണവും അദ്ദേഹത്തിനെതിരെയുണ്ട്. ഈ കേസുകൾ കൂടി കോടതിയിലെത്തിക്കാനുള്ള നടപടികൾ ക്രൗൺ പ്രോസിക്യൂഷൻ ആരംഭിച്ചിട്ടുണ്ട്.
വിചാരണയ്ക്കിടെ ബ്രാൻഡിന്റെ ലൈംഗിക പെരുമാറ്റത്തെക്കുറിച്ച് പ്രോസിക്യൂഷൻ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ലൈംഗികാസക്തി നിയന്ത്രിക്കാനാകാത്ത വ്യക്തിയെന്നാണ് അദ്ദേഹത്തെ കോടതിയിൽ വിശേഷിപ്പിച്ചത്. 5,000 സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ബ്രാൻഡ് മുന്നോട്ടുപോയിരുന്നതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
കോടതി കുറ്റക്കാരനെന്ന് വിധി പ്രസ്താവിക്കുമ്പോൾ പ്രതിക്കൂട്ടിൽ കണ്ണുകളടച്ച് നിൽക്കുകയായിരുന്നു ബ്രാൻഡ്. വിചാരണ കാണാൻ എത്തിയ ഭാര്യ ലോറ, വിധിക്കുശേഷം ബ്രാൻഡ് 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞതോടെ വികാരാധീനയായി. സഹായിയുടെ കൈപിടിച്ച് അവർ പൊട്ടിക്കരഞ്ഞു. കേസിനെക്കുറിച്ചും വിധിയെക്കുറിച്ചും മൂന്ന് മക്കളോട് വിശദീകരിക്കാൻ വാരാന്ത്യം വരെ സമയം അനുവദിക്കണമെന്ന ബ്രാൻഡിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടർന്ന് അദ്ദേഹത്തെ റിമാൻഡ് ചെയ്തു.
ഇടതുപക്ഷ രാഷ്ട്രീയ നേതാക്കൾക്കും തിരിച്ചടി
ബ്രാൻഡിനെ നേരത്തെ പിന്തുണച്ചിരുന്ന ആൻഡി ബേൺഹാം, എഡ് മിലിബാൻഡ് തുടങ്ങിയ ഇടതുപക്ഷ നേതാക്കൾക്കും വിധി വലിയ തിരിച്ചടിയായിരിക്കുകയാണ്. 2015ലെ പൊതുതെരഞ്ഞെടുപ്പിൽ യുവവോട്ടർമാരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ എഡ് മിലിബാൻഡിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി ബ്രാൻഡിന്റെ പിന്തുണ തേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങി. ഏറെ മാധ്യമശ്രദ്ധ നേടിയ വിചാരണയ്ക്കൊടുവിലാണ് ബ്രാൻഡിനെതിരെ കുറ്റം തെളിഞ്ഞത്.
2004 മുതൽ 2009 വരെ നടന്ന അതിക്രമങ്ങൾ
2009ൽ ലണ്ടനിലെ ഹാംപ്സ്റ്റെഡിലുള്ള വീട്ടിൽവെച്ച് അന്ന് 21 വയസ്സുണ്ടായിരുന്ന ആരാധികയെ ബലാത്സംഗം ചെയ്തെന്നതാണ് പ്രധാന കേസ്. കിടക്കയിൽ മുഖം അമർത്തിപ്പിടിച്ച് ആക്രമിച്ചെന്നും ഇതുമൂലം ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
2004നും 2009നും ഇടയിൽ മറ്റ് മൂന്ന് സ്ത്രീകൾക്കെതിരെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് കണ്ടെത്തൽ. റേഡിയോ സ്റ്റേഷനിൽവെച്ച് ഒരു സ്ത്രീയെ അശ്ലീലച്ചുവയോടെ സ്പർശിച്ചതും കേസുകളിൽ ഉൾപ്പെടുന്നു. സോഹോയിലെ ബാറിൽവെച്ച് ചാനൽ 4 ജീവനക്കാരിയുടെ മടിയിൽ കൈവെച്ച സംഭവവും കുറ്റങ്ങളിൽ ഒന്നാണ്.
വിധിക്കുശേഷം കൂടുതൽ പരാതിക്കാർ മുന്നോട്ടുവരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർഥിച്ചിട്ടുണ്ട്. 16 വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനി ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങളും അന്വേഷണപരിധിയിലുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോപണവും വീണ്ടും ചർച്ചയിൽ
2023ൽ ചാനൽ 4ന്റെ 'ഡിസ്പാച്ചസ്' പരിപാടിയിലൂടെയാണ് 'ആലീസ്' എന്ന വ്യാജപ്പേരിൽ പെൺകുട്ടി ബ്രാൻഡിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സ്കൂളിൽനിന്ന് ബ്രാൻഡിന്റെ വീട്ടിലേക്ക് കാറിൽ കൊണ്ടുപോയെന്നും അവിടെവെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു വെളിപ്പെടുത്തൽ. മൂന്ന് മാസത്തോളം ബന്ധം തുടർന്നതായും ഒരിക്കൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ബ്രാൻഡിനെ ഇടിക്കേണ്ടിവന്നതായും പെൺകുട്ടി അന്ന് പറഞ്ഞിരുന്നു.
ബിബിസിക്ക് നേരെയും ചോദ്യങ്ങൾ ഉയരുന്നു
ബിബിസി റേഡിയോ 2, 6 മ്യൂസിക് എന്നിവയിൽ അവതാരകനായി പ്രവർത്തിച്ചിരുന്ന കാലത്തെ ബ്രാൻഡിന്റെ പെരുമാറ്റവും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. തന്റെ ലൈംഗിക ചേഷ്ടകളെക്കുറിച്ച് മേലധികാരിയായ ലെസ്ലി ഡഗ്ലസ് ചോദ്യം ചെയ്തിരുന്നില്ലെന്ന് ബ്രാൻഡ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ബിബിസിയിലെ ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറിയിൽവെച്ച് 6 മ്യൂസിക് മത്സരത്തിലെ വിജയികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വരെ മേലധികാരി അനുവദിച്ചിരുന്നുവെന്ന് തന്റെ ഓർമക്കുറിപ്പിൽ ബ്രാൻഡ് എഴുതിയിരുന്നു. സംഭവങ്ങളിൽ ബിബിസി സ്വീകരിച്ച നിലപാടിനെക്കുറിച്ചും ചാനൽ 4 ബ്രാൻഡിന്റെ പെരുമാറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടോയെന്നതിനെക്കുറിച്ചും ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്.










