
ഇന്ത്യൻ രൂപയുടെ മൂല്യം കുത്തെനെ ഇടിയുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഒരു ഡോളറിന് 86.54 എന്നതാണ് ഇപ്പോഴത്തെ നില. ഇന്നു മാത്രം 0.7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒറ്റ ദിവസം രൂപ ഇത്ര വലിയ തകർച്ച നേരിടുന്നത്.
മറ്റ് ഏഷ്യൻ കറൻസികളും തകർച്ച നേരിടുകയാണ്. ഇന്തോനേഷ്യൻ കറൻസി 0.6 ശതമാനം ഇടിവ് നേരിട്ടു. അതേസമയം, ഡോളർ സൂചികയാകട്ടെ 110ലേയ്ക്ക് കുതിക്കുകയും ചെയ്തു. യു.എസിലെ തൊഴിൽ മേഖലയിലുണ്ടായ അപ്രതീക്ഷിത കുതിപ്പാണ് ഡോളർ ശക്തിപ്പെടാനുള്ള പ്രധാന കാരണം.
പ്രതീക്ഷിച്ച നിരക്കിളവ് ഈ വർഷം പ്രഖ്യാപിച്ചേക്കില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന് യു.എസിലെ കടപ്പത്ര ആദായത്തിൽ കുതിപ്പുണ്ടായി. വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങുന്നതും തിരിച്ചടിയായി. ജനവരിയിൽ മാത്രം നാല് ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. അതേസമയം, രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണ്യ കരുതൽ ശേഖരം 5.693 ബില്യൺ കുറഞ്ഞ് 634.585 ബില്യൺ ഡോളറായി.











