09:14am 25 June 2026
NEWS
രൂപ വീണ്ടും കൂപ്പുകുത്തി
04/12/2025  11:48 AM IST
nila
രൂപ വീണ്ടും കൂപ്പുകുത്തി

ഇന്ത്യൻ രൂപയുടെ തകർച്ച ഇന്ന് കൂടുതൽ രൂക്ഷമായി. രാവിലെ വ്യാപാരം തുടങ്ങുന്നതിനോടൊപ്പം തന്നെ മൂല്യം 90.43 എന്ന പുതിയ സർവകാല താഴ്ചയിലെത്തുകയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ 90.19 എന്ന ക്ലോസിങ് നിരക്കും തകർന്നതോടെ രൂപയുടെ ഇടിവ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയിലുള്ളതെന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സാധാരണ 5 രൂപ ഇടിവിന് നൂറുകണക്കിന് ദിവസങ്ങൾ എടുക്കുമെന്നാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തവണ ഡോളറിനെതിരെ രൂപ 85ൽ നിന്ന് 90ലേക്ക് വീഴാൻ ഒരു വർഷം പോലുമെടുത്തില്ല.

റിസർവ് ബാങ്ക് ഇടപെടാതെ മാറിനിൽക്കുന്നതും അവബോധപൂർവമായ നീക്കമാണെന്ന് നിരീക്ഷകർ പറയുന്നുണ്ട്. ഇടപെട്ടാൽ വിദേശനാണയ ശേഖരം വേഗത്തിൽ ചോർന്നുപോകാൻ സാധ്യതയുള്ളതിനാൽ ആർബിഐ സൂക്ഷ്മമായ സമീപനം തുടരുന്നു. അതേസമയം, രൂപയുടെ ഇടിവ് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമായി മാറി. യുഎഇ ദിർഹം 24.5 രൂപയിലെത്തിയതോടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വർധിക്കുകയും, പലരും പതിവിലേക്കാൾ മൂന്നു ഇരട്ടി തുക വരെ അയക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎസ് താരിഫ് നടപടികളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും രൂപയ്ക്ക് ശക്തമായ സമ്മർദമുണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. ട്രംപ് ഭരണകൂടം ഏപ്രിൽ 2 മുതൽ ആരംഭിച്ച പകരംതീരുവ നടപടികൾക്ക് പിന്നാലെ, വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചത് രൂപയെ കൂടി തളർത്തി. സ്വർണ–വെള്ളി വില ഉയർന്നിട്ടും ഇറക്കുമതി കുറയാതിരുന്നതും ഡോളറിനുള്ള ആവശ്യം വർധിപ്പിക്കുകയും ഇതുവഴി രൂപയുടെ മൂല്യത്തകർച്ച വേഗത്തിലാക്കുകയും ചെയ്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img