01:09am 18 January 2026
NEWS
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് ചുവടുപിഴച്ചു
16/11/2025  02:35 PM IST
nila
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് ചുവടുപിഴച്ചു

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യയ്‌ക്ക് ചുവടുപിഴച്ചു. 124 റൺസെന്ന ചെറുവിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 93 റൺസിന് ഒതുങ്ങി, 30 റൺസിന്റെ നിരാശാജനക തോൽവിയോടെ ഇന്ത്യ പരമ്പരയിൽ പിന്നിലായി (1-0).

തുടക്കം മുതൽ തന്നെ ഇന്ത്യയുടെ തകർച്ചയുടെ ലക്ഷണങ്ങളായിരുന്നു. മറുപ്പടിയുടെ നാലാം പന്തിൽ തന്നെ മാർക്കോ യാൻസൻ യശസ്വി ജയ്സ്വാളിനെയും കെ.എൽ. രാഹുലിനെയും അതിവേഗം പുറത്താക്കി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. മൂന്നാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദർ – ധ്രുവ് ജുറെൽ കൂട്ടുകെട്ട് 32 റൺസ് ചേർത്തതോടെ ചെറിയ ആശ്വാസം കിട്ടിയെങ്കിലും നീണ്ടുനിന്നില്ല. സൈമൺ ഹാർമറിന്റെ വലയിലകപ്പെട്ട ജുറെലിന്റെ പുറത്താകലോടെയാണ് ഇന്ത്യൻ ഇന്നിങ്സ് പൂർണ്ണമായി തകർന്നുതുടങ്ങിയത്.

തുടർന്ന് ഋഷഭ് പന്തും (2) പടിയിറങ്ങുകയും ജഡേജ – സുന്ദർ സഖ്യവും 26 റൺസിൽ നിലച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ പെട്ടെന്ന് ചുരുങ്ങി. 42 റൺസെടുത്ത സുന്ദറിനെ ഏയ്ഡൻ മാർക്രം പുറത്താക്കിയപ്പോഴേക്കും ഇന്ത്യ ആറിന് 72 എന്ന നിലയിൽ തകരാറിലായിരുന്നു.

ഒടുവിലെത്തിയ അക്ഷർ പട്ടേൽ ഇന്ത്യയെ മെച്ചപ്പെട്ട സ്കോറിലെത്തിക്കാൻ ചെറുപരിശ്രമം നടത്തി. കേശവ് മഹാരാജിന്റെ ഒരു ഓവറിൽ രണ്ട് സിക്‌സുകൾ അടിച്ചശേഷം 26 റൺസിൽ അക്ഷർ പട്ടേലിനും ക്രീസ് വിടേണ്ടി വന്നു. അതേ ഓവറിൽ മഹാരാജ് സിറാജിന്റെയും വിക്കറ്റെടുത്തു.

അതിന് മുമ്പ്, 93/7 എന്ന നിലയിൽ ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ടെംബ ബവുമയുടെ പക്വമായ അർധസെഞ്ചുറിയാണ് 153 റൺസിലേക്ക് നയിച്ചത്. 136 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റന്റെ ഇന്നിങ്സാണ് ഇന്ത്യയ്‌ക്ക് മുന്നിൽ വെല്ലുവിളിയായി മാറിയത്. ബവുമയോടൊപ്പം കോർബിൻ ബോഷും (25) വിലപ്പെട്ട പ്രതിരോധം കാഴ്ചവെച്ചു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്നാണ് അവസാന വിക്കറ്റുകൾ പൊളിച്ചത്.

ഇന്ത്യയ്ക്കായി ജഡേജ 4 വിക്കറ്റും കുൽദീപ് യാദവ് – സിറാജ് എന്നിവർ 2 വീതവും നേടി. എങ്കിലും മൂന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img