01:53pm 25 June 2026
NEWS
വയനാടൻ കോൺഗ്രസ്സിൽ അസ്വസ്ഥതയുടെ മർമ്മരങ്ങൾ; നേതൃമാറ്റം പരിഹാരമാകുമോ ?
01/10/2025  09:00 PM IST
കോയാമു കുന്നത്ത്
വയനാടൻ കോൺഗ്രസ്സിൽ അസ്വസ്ഥതയുടെ മർമ്മരങ്ങൾ; നേതൃമാറ്റം പരിഹാരമാകുമോ ?

വയനാട് ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ വികൃതമുഖങ്ങളുടെ പ്രവർത്തികളുടെ ഭാഗമായി ആത്മഹത്യകളും, ആത്മഹത്യാശ്രമങ്ങളും അനുബന്ധ സംഭവങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നു. വയനാട് ഡി.സി.സിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് കളികളുടെ ഭാഗമായി  ഡി.സി.സി പ്രസിഡന്റിന് നേരെയുള്ള കൈയേറ്റം, കൈയേറ്റത്തിൽ പ്രതിഷേധിച്ച് പരസ്യതല്ല്, കള്ളക്കേസിൽ കുടുക്കി സഹപ്രവർത്തകരെ ജയിലിലടയ്ക്കൽ തുടങ്ങി നാനാവിധ പ്രവർത്തനങ്ങളിലൂടെ വയനാട് ജില്ലാകമ്മിറ്റി കുപ്രസിദ്ധി നേടിയിരിക്കുകയാണ്. വിവാദങ്ങളെ അനുകൂലിച്ചും, പ്രതികൂലിച്ചും പരസ്പര വിരുദ്ധ നിലപാടെടുത്ത് കെ.പി.സി.സിയും ഈ അസംബന്ധ നാടകത്തിൽ പങ്കുചേരുന്നു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെയ്ക്കുകയും, കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ ഐസക്കിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല താൽക്കാലികമായി നൽകുകയും ചെയ്‌തെങ്കിലും ഉൾപ്പാട്ടി കലാപം ശമിക്കാനിടയില്ല. 

മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.വി. ജോൺ, ഡി.സി.സി ജില്ലാട്രഷറർ ആയിരുന്ന എൻ.എം. വിജയൻ, മകൻ ജിജേഷ്, പുൽപ്പള്ളിയിലെ കർഷകനായ രാജേന്ദ്രൻ നായർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ജോസ് നെല്ലേടം എന്നിവരാണ് ആത്മഹത്യയിൽ അഭയം തേടിയത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെയാണ് കള്ളക്കേസിൽ കുടുക്കി പതിനേഴ് ദിവസം ജയിലിലടച്ചത്. രാഷ്ട്രീയ മേഖലയിൽ സംഭവിക്കാൻ പാടില്ലാത്ത വിധത്തിലുള്ള നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ഡി.സി.സിയും കെ.പി.സി.സിയും രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്.

മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ജനസമ്മതനുമായ പി.വി. ജോൺ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. കോൺഗ്രസിനും യു.ഡി.എഫിനും കനത്ത സ്വാധീനമുള്ള വാർഡിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം കുതികാൽവെട്ടി പി.വി. ജോണിനെ പരാജയപ്പെടുത്തുകയായിരുന്നു എന്നാണ് ഒരു വിഭാഗം കോൺഗ്രസ്സുകാർ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവും സാമ്പത്തിക പ്രയാസവും, സ്വന്തം സഹപ്രവർത്തകരിൽ നിന്നുണ്ടായ ചതിയും മൂലമുണ്ടായ സംഘർഷത്തിനൊടുവിൽ മാനന്തവാടി പാർട്ടി ആഫീസിൽ തന്നെ ജീവിതം അവസാനിപ്പിച്ചു. മരണത്തെ തുടർന്ന് പതിവ് പ്രതിഷേധങ്ങൾ, പ്രസ്താവന യുദ്ധങ്ങൾ, അവസാനം കെ.പി.സി.സി അന്വേഷണകമ്മീഷൻ പ്രഖ്യാപനം തുടങ്ങി അനന്തര നടപടികളെല്ലാം ജലരേഖയായി അവസാനിപ്പിച്ചു. കോൺഗ്രസ് നേതൃത്വം തടിയൂരി. വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെട്ടവർ പിന്നീടും തൽസ്ഥാനങ്ങളിൽ തുടരുന്നു.

വയനാട് ജില്ല ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ ഡി.സി.സി നേതൃത്വത്തിന്റെയും കെ.പി.സി.സി നേതൃത്വത്തെയും ഉലയ്ക്കുകയാണ്. ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളായിരുന്നു എൻ.എം. വിജയൻ. ബത്തേരി കാർഷികവികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുടെ ബലിയാടാവുകയായിരുന്നു എൻ.എം. വിജയൻ. സഹകരണമേഖലയിലെയും, മറ്റ് സർക്കാർ സംവിധാനങ്ങളിലെയും നിയമനം, സ്ഥലംമാറ്റം തുടങ്ങിയ പ്രവർത്തികളിലൂടെ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് സഹകരണസംഘത്തിലെ നിയമനം മുൻനിർത്തി നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുകയായിരുന്നുവത്രെ. പ്രസ്തുത തുകയിലെ ഭീമമായ വിഹിതം എം.എൽ.എ, നിലവിലെ ഡി.സി.സി പ്രസിഡന്റ് തുടങ്ങിയവർ കൈപ്പറ്റുകയും ചെയ്തിരുന്നുവത്രെ. എത്ര പണം നൽകിയവർ ജോലി ലഭിക്കാതായതോടെ പണത്തിനായി കോൺഗ്രസ് നേതാക്കളെ സമീപിച്ചു. ചില സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥതയും ചുമതലയും ഡി.സി.സി ജില്ലാട്രഷറർ എന്ന നിലയ്ക്ക് എൻ.എം വിജയൻ ഏറ്റെടുക്കുകയായിരുന്നു. 

പിന്നീട് നേതാക്കൾ കൈമലർത്തിയതോടെ സാമ്പത്തിക ഇടപാടുകൾ തീർക്കുന്നതിനുവേണ്ടി ബാങ്ക് വായ്പയെടുക്കുകയും, സ്ഥലം വിൽപ്പന നടത്തുകയും ചെയ്യേണ്ടതായി വന്നു. ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാതാവുകയും, നിയമനത്തിലെ അഴിമതികൾ പുറംലോകമറിയുകയും ചെയ്തതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം എം.എൻ. വിജയനെ കൈവിട്ടു. നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് എൻ.എം. വിജയൻ കെ.പി.സിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, പരാതി നൽകുകയും ചെയ്തിരുന്നു. നിയമനത്തിലെ അഴിമതികൾ അങ്ങാടിപ്പാട്ടായി മാറിയതോടെ ഡി.സി.സി നേതൃത്വം ഒരു അന്വേഷണ കമ്മിഷനെ നിയമിച്ചു. പ്രസ്തുത അന്വേഷണകമ്മീഷന്റെ ശുപാർശയും, മറ്റ് പരാതികളുടെയും അടിസ്ഥാനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ, ടി.എൻ. പ്രതാപൻ എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് പുറംലോകം കാണുകയോ, നടപടികൾ ഉണ്ടാവുകയോ ചെയ്തില്ല. മനംമടുത്ത വയോധികനായ നേതാവ് തന്റെയും ശാരീരിക വൈകല്യമുള്ള മകന്റെയും ജീവിതം അവസാനിപ്പിച്ച് ഭൂമിയിൽ നിന്ന് സാമൂഹ്യസേവനം അവസാനിപ്പിക്കുകയായിരുന്നു. 

എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, നിലവിലെ ഡി.സി.സി പ്രസിഡന്റും മുൻ ബത്തേരി എം.എൽ.എയുമായ നിയമങ്ങളുടെ ആനുകൂല്യത്തിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി സാമൂഹ്യപ്രവർത്തനരംഗത്ത് മാതൃകകൾ സൃഷ്ടിക്കുകയാണ്. സംഭവം വിവാദമാവുകയും സി.പി.ഐ(എം) സമരരംഗത്തിറങ്ങുകയും ചെയ്തതോടെ മുഖം രക്ഷിക്കാൻ കെ.പി.സി.സി നേതൃത്വം പതിവിൻപടി രംഗത്തിറങ്ങി. വാദപ്രതിവാദങ്ങൾക്കൊടുവിൽ വായ്പ തിരിച്ചടക്കാൻ കഴിയാതിരുന്ന കുടുംബം വീണ്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വവും, പ്രശ്‌നപരിഹാര ചുമതല നൽകിയിരുന്ന ടി.സിദ്ധിഖ് എം.എൽ.എയും പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തുവരികയും എൻ.എം. വിജയന്റെ മകന്റെ ഭാര്യയെ വിവിധ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തു. അധിക്ഷേപം വർദ്ധിച്ചതോടെ മകന്റെ ഭാര്യ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുള്ളൻകൊല്ലിയിലെ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു പത്മജ കോൺഗ്രസ് നേതാക്കളുടെ വാഗ്ദാന ലംഘനം ജനസമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ചത്. പത്മജയുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ പത്മജയ്ക്ക് നേരെയുണ്ടായ അപവാദ പ്രചരണങ്ങൾക്കൊടുവിലാണ് പത്മജ ആത്മഹത്യാശ്രമം നടത്തിയത്. 

സംഭവം വിവാദമായതോടെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. ഇതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടി.സിദ്ധിഖ് എം.എൽ.എയുടെ ആഫീസിലേക്ക് മാർച്ച് നടത്തുകയും പോലീസ് തടയുകയും ചെയ്തു. ആത്മഹത്യകളുടെയും ആത്മഹത്യാശ്രമത്തിന്റെയും ഭാഗമായി മുഖം നഷ്ടപ്പെട്ട കോൺഗ്രസ് നേതൃത്വം, എം.എൽ.എ ആഫീസ് ആക്രമിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ വ്യാപകമായ പ്രചരണവും പ്രതിഷേധപ്രകടനങ്ങളും നടത്തി ആത്മഹത്യകൾ മുൻനിർത്തിയുള്ള വിവാദങ്ങളെയും പ്രതിഷേധങ്ങളെയും പ്രതിരോധിച്ചു. ഇതേസമയം സി.പി.എം നേതാവ് എം.വി. ജയരാജൻ എൻ.എം. വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന പക്ഷം സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് നേതൃത്വം പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകളും, മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്.
വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി കോൺഗ്രസ് ജില്ലാ നേതൃത്വത്തെ പിടിച്ച് ഉലക്കുന്നതിനിടയിലാണ് മുള്ളൻകൊല്ലിയിലെ പ്രവർത്തകയോഗത്തിൽ വെച്ച് ഡി.സി.സി പ്രസിഡന്റ് പ്രവർത്തകരുടെ കൈയേറ്റത്തിന് ഇരയാവുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വിളിച്ചുചേർത്ത യോഗത്തിലാണ് കയ്യേറ്റത്തിന് ഇരയായത്.

മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റിനെ ഡി.സി.സി പ്രസിഡന്റ് ഏകപക്ഷീയമായി മാറ്റി നിയമിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സംഭവം വിവാദമായതോടെ പരാതിയില്ലെന്ന് പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് ജാള്യത കുറക്കാൻ ശ്രമിച്ചു. ഇതേസമയം കൽപറ്റയിൽ നിന്നെത്തിയ ഡി.സി.സി പ്രസിഡന്റിന്റെ അനുകൂലികൾ പുൽപ്പള്ളി ടൗണിൽ വെച്ച് രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരസ്യമായി ആക്രമം നടത്തി. ഇവർ പോലീസ് സ്റ്റേഷനിൽ അഭയം നേടിയാണ് ജീവൻ രക്ഷിച്ചത്. ഡി.സി.സി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതിലുള്ള പ്രതിഷേധവും ഗ്രൂപ്പ് തിരിഞ്ഞുള്ള സംഘർഷങ്ങളുടെയും ബാക്കിപത്രമെന്ന നിലക്കാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്.

കൺവെൻഷനിൽ ഡി.സി.സി പ്രസിഡന്റിന്റെ നടപടിയെ ശക്തമായി എതിർത്ത കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ നിന്ന് കർണ്ണാടക മദ്യവും, ഡിറ്റനേറ്റർ, ജലാസ്റ്റിൻ സ്റ്റിക്കുകൾ തുടങ്ങിയവ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുക്കുകയായിരുന്നു. കാർഷെഡിന് സമീപത്ത് നിന്നാണ് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തത്. രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്ത തങ്കച്ചൻ പിന്നീട് 17 ദിവസം ജയിൽ വാസം അനുഭവിക്കേണ്ടിവന്നു. ഇതിനിടയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതും തങ്കച്ചന്റെ നിരപരാധിത്വം പുറത്തുവരികയും ചെയ്തത്. ജയിൽമോചിതനായ തങ്കച്ചൻ പ്രാദേശിക- ജില്ലാനേതാക്കൾക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയതോടെ പോലീസ് അന്വേഷണം ശക്തമാക്കി.

പുൽപ്പള്ളി ലോക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരക്കടവ് പുത്തൻവീട്ടിൽ പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കർണ്ണാടകയിൽ നിന്ന് മദ്യം വാങ്ങി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റിമാൻഡിലായിരുന്ന പ്രതിയെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രസാദിനെ അറസ്റ്റ് ചെയ്ത വിവരവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളി ഒളിവിൽ പോവുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ ഏതാനും കോൺഗ്രസ് നേതാക്കളുടെ പേര് വിവരം പരാമർശിച്ചിട്ടുള്ളതായാണ് വിവരമെങ്കിലും പോലീസ് പുറത്ത് വിട്ടിട്ടില്ല. ബത്തേരി ഡി.വൈ.എസ്.പിയാണ് കേസിന്റെ ചുമതല വഹിക്കുന്നത്.
കേസിൽ പ്രതിസ്ഥാനത്തുള്ള കോൺഗ്രസ് നേതാവ് അനീഷ് മാമ്പള്ളിക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. 

ഇതെഴുതുന്നത് വരെ പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അനീഷ് മാമ്പള്ളിയെ പിടികൂടാനാവുന്നതോടെ മാത്രമേ കോൺഗ്രസ് നേതാക്കളുടെ പങ്കും, പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യയ്ക്ക് പ്രചോദനമായ കാര്യങ്ങളും പുറത്തുവരികയുള്ളൂ. ജില്ലാതല ഗ്രൂപ്പുകൾക്ക് പുറമെ പ്രാദേശിക ഗ്രൂപ്പ് തർക്കങ്ങളോടൊപ്പം മുള്ളൻകൊല്ലി സർവ്വീസ് സഹകരണ ബാങ്കിൽ ഒഴിവുള്ള മൂന്ന് തസ്തികകൾ സംബന്ധിച്ച തർക്കവും, പുൽപ്പള്ളിയിലും, മുള്ളൻകൊല്ലിയിലും പ്രവർത്തനം ആരംഭിക്കാൻ ശ്രമിക്കുന്ന ക്വാറികളുടെ അനുമതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമാണ് പ്രധാന കാരണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതിനുപുറമെ വരാനിരിക്കുന്ന പ്രാദേശിക ഭരണകൂട സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മേധാവിത്വം ലഭിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള കിടമത്സരങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന്റെ മുഖം വികൃതമാക്കിയിട്ടുള്ളത്.

പുൽപ്പള്ളിയിൽ തന്നെ പ്രവർത്തിച്ചിരുന്ന പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിന്റെ ഭാഗമായാണ് കർഷകനായ രാജേന്ദ്രൻനായർ ആത്മഹത്യ ചെയ്തത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം പ്രസിഡന്റായ സൊസൈറ്റിയിൽ നിന്നും അംഗങ്ങൾ അറിയാതെ കോടിക്കണക്കിന് രൂപയുടെ വായ്പ തിരിമറി നടത്തിയെന്നാണ് പരാതി. കുറഞ്ഞ തുക വായ്പയെടുത്ത കർഷകരുടെ പേരിൽ കൂടുതൽ തുക എഴുതി കബളിപ്പിക്കുകയായിരുന്നുവത്രെ. അധികവായ്പാതുകയടക്കം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പിന്നീട് ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി മുന്നോട്ടുപോയതോടെയാണ് നിരവധി കർഷകർ വായ്പാ തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്. ജപ്തിഭീഷണി ഭയന്ന രാജേന്ദ്രൻ നായർ കോൺഗ്രസ് നേതാക്കളെയും മറ്റും സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടികൾ ലഭിക്കാത്തത് മൂലം ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ സൊസൈറ്റിയിൽ നടന്നിട്ടുള്ള വായ്പ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. ഇതോടൊപ്പം വായ്പാതട്ടിപ്പിന് ഇരയായ മറ്റൊരു സർക്കാർ ജീവനക്കാരൻ ജപ്തിഭീഷണിയെ തുടർന്നുള്ള മാനസികസമ്മർദ്ദത്തിൽ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വായ്പാ തട്ടിപ്പ് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിരുന്നു.

കർഷകന്റെ ആത്മഹത്യയും, വായ്പാ തട്ടിപ്പും വിവാദമായതോടെ കെ.കെ. എബ്രഹാം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച് ഒഴിഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടത്തിയ അന്വേഷണങ്ങൾക്ക് പുറമെ ഇ.ഡി കേസന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു. കേസിന്റെ ഭാഗമായി കെ.കെ. എബ്രഹാം, സേവാദൾ ജില്ലാ വൈസ് ചെയർമാനായിരുന്ന കൊല്ലപ്പള്ളി സജീവൻ തുടങ്ങിയവർ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലിറങ്ങിയെങ്കിലും വായ്പാ തട്ടിപ്പിനിരയായ കർഷകർ നീതിതേടി അലയുകയാണ്.
കെ.പി.സി.സിയിൽ കാലങ്ങളായി നിലനിന്നുവരുന്ന ഗ്രൂപ്പുകൾക്ക് പിന്തുണയായി പ്രവർത്തിക്കുന്ന വിഭാഗങ്ങൾക്ക് പുറമെ പ്രാദേശിക നേതാക്കളെ ചുറ്റിപ്പറ്റി നിരവധിയായ ഗ്രൂപ്പുകളാണ് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രധാന അടിസ്ഥാനശില. ഇത്തരം ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർ ചെയ്യുന്ന എല്ലാത്തരം സാമൂഹ്യവിരുദ്ധ നടപടികൾക്കും നേതൃനിരയിൽ ഉള്ളവർ പിന്തുണ നൽകുകയും ചെയ്യുന്നു.

രാഹുൽഗാന്ധിയും പിന്നീട് പ്രിയങ്കഗാന്ധിയും പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലയ്ക്ക് ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്പര പോരാട്ടം ജില്ലയിൽ ശക്തമാണ്. കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്ത ദിനത്തിൽ സ്ഥലം എം.പി കൂടിയായ പ്രിയങ്കഗാന്ധി പരേതന്റെ വീട് സന്ദർശിക്കാനോ തയ്യാറായില്ല. പകരം കുടുംബാംഗങ്ങളെ സ്വകാര്യഹോട്ടലിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. സംഭവദിവസങ്ങളിലും സമീപദിവസങ്ങളിലുമായി സോണിയഗാന്ധി, രാഹുൽഗാന്ധി എന്നിവരും പ്രിയങ്കാഗാന്ധിയോടൊപ്പം വയനാട്ടിൽ ഉണ്ടായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ വയനാട് ജില്ലയിൽ ഉണ്ടായിരുന്നെങ്കിലും, മരണപ്പെട്ട പഞ്ചായത്ത് അംഗത്തിന്റെ വീട് സന്ദർശിക്കാനോ അന്തിമോപചാരം അർപ്പിക്കുന്നതിനോ തയ്യാറായില്ല. പകരം പ്രധാന പ്രവർത്തകരുടെ യോഗം വിളിച്ച് ശാസനകൾ നൽകി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ആഹ്വാനം നൽകി രക്ഷപ്പെടുകയായിരുന്നു. 

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളുടെയും, നേതാക്കളുടെയും അഴിമതികൾ മൂലം അനാഥത്വം പേറേണ്ടി വന്ന കുടുംബങ്ങളുടെ കണ്ണുനീരിന് ആരോപണപ്രത്യാരോപണ പ്രസ്താവനകൾ കൊണ്ട് മറകൾ തീർക്കുകയാണ് കോൺഗ്രസ് നേതൃത്വം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img