
സ്റ്റോക്ക്ഹോം: നിയമവാഴ്ചയും (Rule of Law) നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും പാശ്ചാത്യ രാജ്യങ്ങളോ കൊളോണിയൽ ഭരണകൂടങ്ങളോ നൽകിയ സംഭാവനയല്ലെന്നും, ഇവയ്ക്ക് ഇന്ത്യയുടെ പുരാതനമായ 'ധർമ്മ' സങ്കൽപ്പത്തിൽ ആഴത്തിലുള്ള വേരുകളുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. വ്യക്തിപരമായോ വംശീയമായോ ഉള്ള അധികാരങ്ങൾക്കുമേൽ ധർമ്മത്തിനുള്ള മേധാവിത്വം ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ ബോധമനസ്സിന്റെ ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വീഡനിൽ 'ഇന്റർനാഷണൽ ഐഡിയ' സംഘടിപ്പിച്ച “നിയമവാഴ്ച സംരക്ഷിക്കൽ: ഇന്ത്യയിൽ നിന്നും സ്വീഡനിൽ നിന്നുമുള്ള അനുഭവങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
വ്യക്തിപരമോ രാഷ്ട്രീയമോ വംശീയമോ ആയ സമ്മർദ്ദങ്ങളിൽ നിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കുമ്പോൾ മാത്രമേ നീതി നിലനിൽക്കൂ എന്ന് ഭാരതീയ ചിന്തകൾ പണ്ടേ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മഹാഭാരതത്തിലെ പ്രഹ്ലാദന്റെ കഥ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്വന്തം മകനായ വിരോചനനും പണ്ഡിതനായ സുധന്വനും തമ്മിലുള്ള തർക്കത്തിൽ, പുത്രവാത്സല്യത്തിന് മുകളിലായി സത്യത്തിനും നീതിക്കും സ്ഥാനം നൽകി സുധന്വന് അനുകൂലമായാണ് പ്രഹ്ലാദൻ വിധി പ്രസ്താവിച്ചത്. ഒരു ജഡ്ജി സത്യം കൈവിടുമ്പോൾ അത് ഹർജിക്കാരനെ മാത്രമല്ല, സമൂഹത്തിന്റെ ധാർമ്മിക വ്യവസ്ഥയെത്തന്നെയാണ് ബാധിക്കുന്നതെന്ന പുരാതന ഭാരതീയ ബോധ്യത്തെയാണ് ഈ കഥ അടിവരയിടുന്നത്.
ഒരു ഭരണഘടനാ ജനാധിപത്യത്തിൽ ജുഡീഷ്യൽ റിവ്യൂ എന്നത് കേവലം ഒരു അധികാരമല്ല, മറിച്ച് ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതികൾക്ക് നിഷ്ക്രിയരായ കാഴ്ചക്കാരാകാൻ കഴിയില്ലെന്നും ഭരണഘടനയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്ന ജാഗ്രതയുള്ള കാവൽക്കാരായി അവ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി ചരിത്രപ്രസിദ്ധമായ കേശവാനന്ദ ഭാരതി കേസിലൂടെ ഉയർന്നുവന്ന 'അടിസ്ഥാന ഘടന സിദ്ധാന്തത്തെ' (Basic Structure Doctrine) ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ പോലും ഭരണഘടനയുടെ കാതലായ സ്വത്വം തകർക്കപ്പെടാതെ സംരക്ഷിക്കുന്നത് ഈ സിദ്ധാന്തമാണ്. ഫെഡറലിസവും ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന ഘടനയാണെന്ന് വ്യക്തമാക്കിയ 'എസ്.ആർ. ബൊമ്മൈ' വിധിയും അദ്ദേഹം പരാമർശിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകാതെ പിരിച്ചുവിടാനാകില്ലെന്ന് ഉറപ്പാക്കിയത് ഈ വിധിയാണ്.
ഭരണഘടനയുടെ മൂന്ന് അവയവങ്ങളായ നിയമനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്ക് കൃത്യമായ ചുമതലകളാണ് ഭരണഘടന നൽകിയിട്ടുള്ളത്. ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തൽ, ജഡ്ജിമാരുടെ ഔദ്യോഗിക പെരുമാറ്റത്തെ നിയമസഭകളിൽ വിമർശിക്കുന്നതിൽ നിന്നുള്ള സംരക്ഷണം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ നിരവധി സുരക്ഷാ കവചങ്ങൾ ഇന്ത്യൻ ഭരണഘടന ജുഡീഷ്യറിക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ഈ മൂന്ന് അവയവങ്ങളും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലാണ് നിയമവാഴ്ചയുടെ സംരക്ഷണം അടങ്ങിയിരിക്കുന്നതെന്നും, പൊതുഅധികാര പ്രയോഗങ്ങളൊന്നും നിയമത്തിന്റെ അച്ചടക്കത്തിൽ നിന്ന് പുറത്തുപോകുന്നില്ലെന്ന് കോടതികൾ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.










