
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ 30 തവണ വിദേശയാത്ര നടത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഈ യാത്രകളിലൂടെ 17 രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. എന്നാൽ 30 യാത്രകളിൽ എട്ടെണ്ണത്തിന്റെ ചെലവ് വിവരങ്ങൾ മാത്രമാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. മുളക്കുളം സൗത്ത് സ്വദേശിയായ എം.ടി. തോമസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഈ എട്ട് യാത്രകൾക്കായി 74.59 ലക്ഷം രൂപ ചെലവഴിച്ചെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അതേസമയം, വിദേശ സന്ദർശനങ്ങളിലെ താമസച്ചെലവ് ‘പൂജ്യം’ എന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നാല് തവണ ചികിത്സാവശ്യങ്ങൾക്കായി അമേരിക്ക സന്ദർശിച്ചതായും മറുപടിയിൽ പറയുന്നു. കൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും നടത്തിയിട്ടുണ്ട്. 2018 ജൂലൈയിൽ അമേരിക്കയിലേക്കു നടത്തിയ ഒരു യാത്ര സർക്കാർ രേഖകളിൽ ‘സ്വകാര്യ യാത്ര’യായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിനായി 3.82 ലക്ഷം രൂപയുടെ യാത്രാച്ചെലവ് അനുവദിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അമേരിക്ക, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തോനേഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയാണ് സന്ദർശിച്ച രാജ്യങ്ങൾ.
യാത്രകളുടെയും താമസത്തിന്റെയും പൂർണ ചെലവുവിവരങ്ങൾ ലഭ്യമാക്കാത്തതിനെതിരെ അപ്പീൽ നൽകുമെന്ന നിലപാടിലാണ് എം.ടി. തോമസ്.










