
ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയ അനന്തു അജി വീഡിയോയിൽ പേര് വെളിപ്പെടുത്തിയ നിധിഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് സൂചന.
അനന്തു അജി ജീവനൊടുക്കിയതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ തന്നെ എൻഎം എന്ന പേരിൽ നിതീഷ് മുരളീധരനെ സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ നിതീഷ് മുരളീധരനെ കണ്ടെത്തുകയും പ്രാഥമികമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം നിധീഷ് അന്ന് പോലീസിനോട് നിഷേധിച്ചു.
കഴിഞ്ഞ ദിവസം അനന്തുവിന്റെ മരണമൊഴിയെന്ന പേരിൽ വീഡിയോ പുറത്ത് വരികയും അതിൽ ലൈംഗികമായി ചൂഷണം ചെയ്ത ആളിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തത്തോടെ നിധീഷിന് കുരുക്ക് മുറുകുകയാണ്.
നിധീഷ് നിലവിൽ ഒളിവിൽ ആണെന്നാണ് വിവരം.കഴിഞ്ഞ ദിവസം അനന്തുവിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിലും നിധീഷിനെ പറ്റി വിവരങ്ങൾ ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ കുടുംബം നേരിട്ട് ഇപ്പോഴും പരാതി നൽകിയിട്ടില്ല.
ആദ്യ ഘട്ടത്തിൽ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹം എന്ന് പറഞ്ഞ ആർഎസ്എസ് വീഡിയോ പുറത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ്. പരസ്യ പ്രതികരണത്തിന് പക്ഷേ ആർഎസ്എസ് നേതൃത്വം തയ്യാറായിട്ടില്ല.
Photo Courtesy - Google











