
ആർഎസ്എസ് രാഷ്ട്രീയ പാർട്ടികളെയല്ല, നയങ്ങളെയും നിലപാടുകളെയുമാണ് പിന്തുണയ്ക്കുന്നതെന്ന് സംഘം സാർചാലക് മോഹൻ ഭാഗവത് വ്യക്തമാക്കി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാഷ്ട്രീയം വിഭജിക്കലിനുള്ളതെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്. സംഘത്തിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണെന്നും ബെംഗളുരുവിൽ ഒരു പരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയെ ആർ എസ് എസ് പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുമില്ല. രാഷ്ട്രീയം വിഭജിക്കലിനുള്ളതാണ്. സംഘത്തിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്,” ഭാഗവത് വ്യക്തമാക്കി.
“രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യം ആയിരുന്നു. ബിജെപിയാണ് അതിനൊപ്പം നിന്നത്. എന്നാൽ കോൺഗ്രസാണ് രാമക്ഷേത്ര ആശയം പിന്തുണച്ചിരുന്നതെങ്കിൽ സ്വയംസേവകരുടെ വോട്ട് കോൺഗ്രസിനായിരുന്നു ലഭിക്കേണ്ടത്.”- അദ്ദേഹം പറഞ്ഞു.
“ഏതൊരു പാർട്ടിയോടും ആർഎസ്എസിന് പ്രത്യേക അടുപ്പമില്ല”
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടും ആർഎസ്എസിന് പ്രത്യേക ബന്ധമില്ലെന്നും ഭാഗവത് കൂട്ടിച്ചേർത്തു. “സംഘത്തിന് പാർട്ടി ബന്ധമില്ല. എല്ലാം ഭാരതത്തിലെ പാർട്ടികളാണ്, അതിനാൽ അവയെല്ലാം ഞങ്ങളുടേതാണ്. രാജ്യത്തിന് ഏത് ദിശയിലാണ് പോകേണ്ടതെന്ന് ഞങ്ങൾക്കറിയാം. ആ ദിശയിലേക്ക് നയിക്കാൻ കഴിവുള്ളവരെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ആർഎസ്എസിൽ ചേരാമോ?
മുസ്‌ലിംകൾക്ക് ആർഎസ്എസിൽ ചേരാൻ കഴിയുമോ എന്ന ചോദ്യത്തിനും ഭാഗവത് മറുപടി നൽകി. ‘‘സംഘപരിവാറിൽ ചേരാൻ ബ്രാഹ്മണർക്ക് അനുവാദമില്ല, ഒരു ജാതിയിലും പെട്ട ആളുകൾക്ക് അനുവാദമില്ല. മുസ്‌ലിംകൾക്ക് അനുവാദമില്ല. ക്രിസ്ത്യാനികൾക്കും അനുവാദമില്ല. നിങ്ങൾ ശാഖയിലേക്കു വരുമ്പോൾ ഭാരതമാതാവിന്റെ പുത്രനായിട്ടാണ് വരുന്നത്. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക്, അവർ മുസ്ലിംകളോ ക്രിസ്ത്യാനികളോ ആകട്ടെ, അവരുടെ വേർതിരിവ് ഒഴിവാക്കിക്കൊണ്ട് സംഘത്തിലേക്ക് വരാം. മുസ്ലിംകളും ക്രിസ്ത്യാനികളും ശാഖയിലേക്കു വരുന്നു. എന്നാൽ, അവർ ആരാണെന്നു ഞങ്ങൾ ചോദിക്കുന്നില്ല’’ –മോഹൻ ഭാഗവത് പറഞ്ഞു.











