03:32pm 26 April 2025
NEWS
പോലീസ് സേനയിൽ ആർ. എസ്.എസ് സ്ലീപ്പിംഗ് സെൽ, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി (SDPI സംസ്ഥാന പ്രസിഡന്റ്)
27/10/2024  12:30 PM IST
പ്രദീപ് ഉഷസ്സ്
പോലീസ് സേനയിൽ ആർ. എസ്.എസ് സ്ലീപ്പിംഗ് സെൽ, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി  (SDPI സംസ്ഥാന പ്രസിഡന്റ്)

'കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ സംഘപരിവാറിന് അനുകൂലമായി പാകപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ്, കാലാകാലങ്ങളായി സാമ്പ്രദായിക പാർട്ടികൾ അനുവർത്തിച്ചുവരുന്നത്. അറിഞ്ഞോ അറിയാതെയോ അത്തരം നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയുമാണ് സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതും. സംസ്ഥാനത്തെ പോലീസ് സേനയിൽ ആർ.എസ്.എസ് സെൽ പ്രവർത്തിച്ച് വരുന്നുവെന്നത് വ്യക്തമാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാറുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ വിരൽ ചൂണ്ടുന്നത്, അതിലേക്ക് തന്നെയാണ്. ഈ വിധത്തിൽ  ഗുരുതര ആരോപണങ്ങൾ ഉയരുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിയുകയാണ് വേണ്ടത്.'

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി 'കേരളശബ്ദം' മലബാർ ചീഫ് കറസ്‌പോണ്ടന്റ് പ്രദീപ് ഉഷസ്സിനോട് പറഞ്ഞു.

ആ കൂടിക്കാഴ്ചയിൽ നിന്നും:

ഉത്തരേന്ത്യക്കാരായ ഡി.ജി.പിമാരാണ് കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ പോലീസ് സേനയെ നയിച്ചുകൊണ്ടിരിക്കുന്നത്. അവരെയെല്ലാം കാലാവധികൾ കഴിഞ്ഞതിനുശേഷവും പുതിയ തസ്തികകൾ നൽകി സർക്കാർ അവരെ കേരളത്തിൽ തന്നെ നിലനിർത്തുകയാണ്. ഇതൊന്നും ഒരിക്കലും യാദൃച്ഛികമല്ല. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അടിയൊഴുക്കുകൾ നടക്കുന്നുണ്ട്.

പിണറായി സർക്കാരും സി.പി.എമ്മും ഏറെക്കാലമായി ഒട്ടേറെ പ്രതിസന്ധികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈവിധം വിഷയങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രത്തിനും, സംസ്ഥാനത്തിനുമിടയിൽ ചില ഇടനിലക്കാരെ സി.പി.എമ്മിനും, മുഖ്യമന്ത്രിക്കും ആവശ്യമുണ്ട്. ആവിധം ഇടനിലക്കാരായി പോലീസിലെ ഉന്നതരെ നിലനിർത്തുന്ന രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. രമൺ ശ്രീവാസ്തവ, ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വിരമിച്ചതിനുശേഷവും താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കപ്പെടുന്നതും ഈവിധം ചില ഒത്തുതീർപ്പുകളുടെ ഭാഗമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

നോക്കൂ, മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണ്, എ.ഡി.ജി.പി, എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചതെന്ന വിവാദം എത്ര ശക്തമായാണ് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഇളക്കിമറിച്ചതെന്ന് നാം കണ്ടതാണല്ലോ? ഭരണകക്ഷി എം.എൽ.എ തന്നെ ആരോപണവുമായി രംഗത്തുവന്നു. ഘടകകക്ഷിയായ സി.പി.ഐയും നിശിതവിമർശനങ്ങൾ ഉയർത്തി. ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായി. കേരളത്തിലെ പോലീസ്‌സേന ക്രിമിനവൽക്കരിക്കുകയും, വർഗ്ഗീയവൽക്കരിക്കുകയുമാണെന്ന ആരോപണം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ വേണം, ഈവിധ സംഭവവികാസങ്ങളെ വിലയിരുത്താൻ. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഇടനിലക്കാരായി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് ഒരു സർക്കാരിന് നിയന്ത്രിക്കാൻ കഴിയുക? നാളെ അവർ എന്തൊക്കെ വെളിപ്പെടുത്തുമെന്ന ഭീതിയാണ് ഭരണാധികാരികൾക്കുള്ളത്. ആ വിധത്തിലുള്ള ആത്മവിശ്വാസവും അഹങ്കാരവുമാണ് പോലീസിലെ ഉന്നതഉദ്യോഗസ്ഥർ ഇപ്പോൾ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പോലീസിനെ സംഘപരിവാർ ഉപയോഗിക്കുന്നു

? കേരളാ പോലീസിൽ സംഘപരിവാർ സെൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം എസ്.ഡി.പി.ഐ ഉയർത്താൻ എന്താണ് കാരണം.

വർഗ്ഗീയതാൽപ്പര്യങ്ങൾക്കായി പോലീസ്‌സേനയെ സംഘപരിവാർ കേന്ദ്രങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ നിരത്താനുണ്ട്. സംഘപരിവാർ കേന്ദ്രങ്ങൾ കാലാകാലമായി ഉയർത്തുന്ന ആരോപണങ്ങളെ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് ചില പോലീസുദ്യോഗസ്ഥർ കുറച്ചുകാലമായി നടത്തിവരുന്നത്.

പോലീസ് കസ്റ്റഡിയിൽ എടുത്തവരോട് 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ച് മർദ്ദിക്കുക, മുസ്ലീം ന്യൂനപക്ഷ സ്വാധീനമേഖലയായ മലപ്പുറം പോലെയുള്ളയിടങ്ങളിൽ മുഴുവൻ കുറ്റവാളികൾ ആണെന്ന് വരുത്തിത്തീർക്കുക, മലപ്പുറത്തെ കുറ്റകൃത്യങ്ങളെ എണ്ണം പെരുപ്പിച്ച് കാണിക്കുക, എഫ്.ഐ.ആറിൽ ഭീകരവകുപ്പുകൾ ചേർക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രിതമായാണ് ചിലർ നടപ്പാക്കുന്നത്. മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന സമരത്തെക്കുറിച്ച് എ.ഡി.ജി.പി നടത്തിയ പരാമർശം നമുക്ക് മറക്കാൻ കഴിയുമോ? ഡൽഹിൽനടന്ന എൻ.ആർ.സി വിരുദ്ധ സമരംപോലെ, ഷഹിൻബാഗ് പ്രതിഷേധം പോലെയാണ് മാലിന്യനിക്ഷേപത്തിനെതിരായ സമരമെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥൻ ആക്ഷേപിച്ചത് വ്യക്തമായ ആസൂത്രണത്തിലൂടെ തന്നെയാണ്. സമരം ചെയ്യുന്നവരുടെ വസ്ത്രധാരണരീതിയും, ബാഹ്യസംസ്‌ക്കാരവും, മതവുമൊക്കെ നോക്കി പ്രതികരണം നടത്താൻ പോലീസുദ്യോഗസ്ഥർ തയ്യാറാകുന്നത് അത്യന്തം അപകടകരമാണ്.

? സർക്കാരിന്റെ അനുമതിയോടെ, പോലീസ്‌സേനയിൽ വിഭാഗീയ മതപ്രവർത്തനം നടക്കുന്നുവെന്നാണോ പറയുന്നത്.

സംശയമെന്താണ്. സമീപകാലത്തെ ഒട്ടേറെ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അതിലേക്ക് തന്നെയല്ലേ.

കേരളാ പോലീസിലെ ആർ.എസ്.എസ് അനുഭാവ സ്ലീപ്പർ സെല്ലിന്റെ പ്രവർത്തനത്തെക്കുറിച്ചും, 2017 ആഗസ്റ്റ് 17 ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന പഠനശിബിരത്തിൽ, പോലീസിനുള്ളിലെ സംഘപരിവാർ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും 'കൈരളി ചാനൽ' തന്നെ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ യോഗത്തിൽ പോലീസ്‌സേനയിലുള്ള 27 ഉദ്യോഗസ്ഥർ പങ്കെടുത്തതായും 'തത്ത്വമസി' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും ആ വാർത്തയിൽ പറയുന്നുണ്ട്. കൂടാതെ ക്രൈം ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് ഉദ്യോഗസ്ഥരെ 'തത്ത്വമസി'യുടെ പ്രവർത്തനച്ചുമതല ഏൽപ്പിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അഃ്യന്തം ആപത്കരമായ സാഹചര്യമാണ്, പോലീസ് സേനയ്ക്കുള്ളിൽ നിലനിൽക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ നടക്കുന്ന ഇരട്ടനീതിയും വിവേചനവും പരിശോധിച്ചാൽ കേരളാപോലീസിലെ ആർ.എസ്.എസ് സ്വാധീനം ആർക്കും വ്യക്തമാകും. ഇതിനുവേണ്ടി വഴിവിട്ട് എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരിക്കുകയുമാണ്. വ്യക്തമായ തെളിവുകളോടെയാണ്, സി.പി.എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം വ്യക്തമായിരിക്കുന്നത്.

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്തെ ഹോട്ടലിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മൗനം തുടരുകതന്നെയാണ്. ആഭ്യന്തരവകുപ്പും, ആർ.എസ്.എസും തമ്മിലുള്ള ബാന്ധവത്തിന്റെ പ്രതിഫലനം സമീപകാല പോലീസ് നയനിലപാടുകളിൽ പ്രകടമാണ്. സ്വതന്ത്ര ഇൻഡ്യയിൽ ഭീകരതയുടെ പേരിൽ മൂന്നുതവണ നിരോധിക്കപ്പെട്ട ആർ.എസ്.എസിനെ 'പ്രധാന സംഘടന' എന്നാണ്, സി.പി.എം നേതാവും സ്പീക്കറുമായ എ.എൻ. ഷംസീർ വിശേഷിപ്പിച്ചത്. എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച ആദ്യം നിഷേധിച്ച എം.വി. ഗോവിന്ദൻ, പിന്നീട് വാർത്തകൾ പുറത്തുവന്നതോടെ, എ.ഡി.ജി.പി ആരെ കാണുന്നതിലും പാർട്ടിക്ക് പ്രശ്‌നമില്ല എന്നാണ് പ്രതികരിച്ചത്. ഇതെല്ലാം സി.പി.എം എത്തിനിൽക്കുന്ന അപചയത്തെ തന്നെയാണ് അടിവരയിടുന്നത്.

? കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിയെ വഴിവിട്ട് സംരക്ഷിക്കുകയാണെന്ന് പറയാൻ ഇതാണോ കാരണം.

അതിൽ എന്താണ് സംശയം. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് പിണറായിക്ക് എതിരെ നീങ്ങാത്തത് എന്നുമാത്രം ചിന്തിച്ചാൽ പോരേ? ആ വിധത്തിൽ നീങ്ങരുത് എന്നുതന്നെയാണ് ഞങ്ങളുടേയും ആഗ്രഹം. കാരണം ഫെഡറൽ നിയമതത്വങ്ങൾ അട്ടിമറിച്ച് കേന്ദ്ര സർക്കാർ, ഒരു ജനാധിപത്യഭരണകൂടത്തിന്റെ മുഖ്യമന്ത്രിക്കെതിരെ നീങ്ങരുത് എന്നത് വളരെ പ്രധാനം തന്നെയാണ്. എന്നാൽ കേന്ദ്രം ചെയ്യുന്നത് എന്താണ്? കെജ്‌രിവാൾ ഉൾപ്പെടെ രാജ്യത്തെ പല മുഖ്യമന്ത്രിമാരെയും, കേന്ദ്ര സർക്കാർ വേട്ടയാടുമ്പോൾ, എന്തുകൊണ്ട് പിണറായിക്ക് എതിരെ നീങ്ങുന്നില്ല എന്നത് ചിന്താവിഷയം തന്നെയല്ലേ...

അൻവറിന്റെ ചോദ്യങ്ങൾക്ക്

മറുപടി വേണം

? പി.വി. അൻവർ എം.എൽ.എ ഉയർത്തുന്ന ആരോപണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്.

അൻവറിന് രാഷ്ട്രീയ താൽപ്പര്യം ഉണ്ടോ എന്നതല്ല, നമുക്ക് മുന്നിലുള്ള ചോദ്യം. അൻവറിന് വേണമെങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം, അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കാം, അതുമല്ലെങ്കിൽ ഏതെങ്കിലും മുന്നണികളിൽ ചേക്കേറാം. അതെല്ലാം അൻവറിന്റെ വ്യക്തിപരമായ വിഷയങ്ങളാണ്. അതിൽ നമ്മൾക്ക് ഒരു താൽപ്പര്യവുമില്ല. അതേസമയം അൻവർ ഉയർത്തുന്ന ചോദ്യങ്ങൾ, അത് കാണാതിരിക്കാൻ ആവില്ല. അതിന് വ്യക്തമായ മറുപടികൾ കിട്ടിയേ മതിയാകൂ. മറുപടികൾ ഒന്നും നൽകാതെ ചിരിച്ചൊഴിഞ്ഞ് മാറിപ്പോകേണ്ടുന്ന വിഷയങ്ങൾ ഒന്നുമല്ല അത്. യഥാർത്ഥത്തിൽ ഒരു ഭരണകക്ഷി എം.എൽ.എ ഉയർത്തേണ്ടുന്ന ആവശ്യങ്ങളാണ് ഈ ഭരണകക്ഷി എം.എൽ.എ ഉയർത്തുന്നതെന്നത് വിസ്മരിക്കാൻ കഴിയില്ല.

കള്ളക്കടത്തിന് കൂട്ടുനിൽക്കുന്ന പോലീസുദ്യോഗസ്ഥർ, അവർ സ്വർണ്ണം പൊട്ടിക്കുന്നു, കൊലപാതകത്തിന് വരെ ബൗദ്ധികമായ പിൻബലം നൽകുന്നു തുടങ്ങിയ ആരോപണങ്ങൾ അത്യന്തം ഗൗരവമേറിയതാണ്. കേരളത്തെ വർഗ്ഗീയവൽക്കരിക്കാനും, സാമൂഹിക ചേരിതിരിവ് സൃഷ്ടിക്കാനും പോലീസ് കൂട്ടുനിൽക്കുന്നു തുടങ്ങിയ ആരോപണങ്ങൾക്കും വ്യക്തമായ വിശദീകണം നൽകാൻ സർക്കാർ തയ്യാറാകുന്നതേയില്ല. ഈവിധത്തിൽ ഉയർന്ന ചോദ്യങ്ങളുടെ പ്രാധാന്യം കേരളത്തിലെ പ്രതിപക്ഷം പോലും ഗൗരവമായി കണ്ടിട്ടില്ല എന്നതാണ് വാസ്തവം.

എന്തിനായിരുന്നു പോലീസ് സേനയ്ക്കുള്ളിൽ ഡാൻസാഫ് എന്ന പേരിലെ സംഘം? എടവണ്ണയിലെ റിദാനും, താമിർ ജിഫ്രിയും കൊല്ലപ്പെട്ടത് എങ്ങനെ? സ്വർണ്ണക്കടത്ത്, തട്ടിയെടുക്കൽ കേസുകൾ നീർവീര്യമാക്കൽ തുടങ്ങി പലതിനും മറുപടികൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായി ചില ഉദ്യോഗസ്ഥർക്കെതിരെ, എന്തെങ്കിലും ചില  നടപടികൾ സ്വീകരിച്ചതുകൊണ്ടുമാത്രം സർക്കാരിന്റെ ഉത്തരവാദിത്തം കഴിയുന്നതേയില്ല. കൈകൾ ശുദ്ധമാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇപ്പോഴും കഴിയുന്നില്ലല്ലോ.

പുറംതിരിഞ്ഞുനിൽക്കുന്ന

കോൺഗ്രസ്

? കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം കോൺഗ്രസിന് അനുകൂല സമീപനമാണല്ലോ എസ്.ഡി.പി.ഐ കൈക്കൊണ്ടത്. കോൺഗ്രസ് നിലപാടിൽ തൃപ്തരായതുകൊണ്ടാണോ ഇത്.

നോക്കൂ, കോൺഗ്രസ് അരനൂറ്റാണ്ടോളം ഇന്ത്യയിൽ ഏകകക്ഷിഭരണം നടത്തി. സാധാരണക്കാരുടെ ജീവിതപുരോഗതിക്ക്, സാമൂഹ്യക്ഷേമത്തിന് ഒക്കെ എന്ത് നേതൃത്വപരമായ പങ്കാണിവർ നടത്തിയത്. ഇന്ത്യയുടെ സാമൂഹ്യാന്തരീക്ഷത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ആസൂത്രണം ചെയ്തത് മൊറാർജി ഗവൺമെന്റാണ് അതിനുശേഷം വന്ന രാജീവ് ഗാന്ധി സർക്കാരാവട്ടെ, അത് തുറന്നുനോക്കിയിട്ടില്ല. വി.പി. സിംഗ് സർക്കാരാണ് മണ്ഡൽ കമ്മീഷൻ പാർലമെന്റിൽ എത്തിച്ചത്. അതായത് ഇന്ത്യയിലെ പിന്നോക്ക ജനത അനുഭവിക്കുന്ന അധികാര പങ്കാളിത്തത്തിന് കാരണം വി.പി. സിംഗാണെന്നത് നിഷേധിക്കാനാവാത്ത ചരിത്ര യാഥാർത്ഥ്യം. എന്നാൽ കോൺഗ്രസിന്റെയോ, സാമൂഹ്യനീതിയോട് മുഖം തിരിഞ്ഞ് നിന്ന അനുഭവവും.

അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിൽ, എണ്ണിയാൽ തീരാത്ത വർഗ്ഗീയ കലാപങ്ങൾ അരങ്ങേറിയിട്ടുണ്ട്. അതിന്റെ പേരിലൊന്നും നീതിയുക്തമായ ഒരന്വേഷണവും നടന്നിട്ടുമില്ല. ആരേയും ശിക്ഷിച്ചിട്ടുമില്ല. കോൺഗ്രസ്സ് സർക്കാർ വർഗ്ഗീയ കലാപങ്ങളെ നേരിട്ട് പ്രോത്സാഹിപ്പിച്ചിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഈ കാലത്താകട്ടെ, കേന്ദ്ര സർക്കാർ കലാപങ്ങളെ പ്രൊമോട്ട് ചെയ്യുന്നു. അതാണ് കോൺഗ്രസ് സർക്കാരും, ബി.ജെ.പി സർക്കാരും തമ്മിലുള്ള വ്യത്യാസം. ഞാൻ പറഞ്ഞുവരുന്നത്, ഇന്ത്യാമുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന് സാമൂഹ്യനീതിക്ക് വേണ്ടി നിലകൊണ്ട ചരിത്രമൊന്നും അവകാശപ്പെടാനില്ലെന്ന് ചുരുക്കം.

? എന്നിട്ടും കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സമീപനമാണല്ലോ എസ്.ഡി.പി.ഐ കൈക്കൊണ്ടത്.

ഞാൻ അതാണ് പറഞ്ഞുവന്നത്, കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ മാറണമെന്നത് സെക്യുലർ ബോധമുള്ള എല്ലാവരുടേയും ആവശ്യമായിരുന്നു. ഇന്ത്യയിൽ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ വരണം. പകരം വരാൻ സാധ്യതയുള്ള കക്ഷി എന്ന നിലയിലാണ് ഇന്ത്യാമുന്നണിക്കും, കോൺഗ്രസിനും ഞങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തത്. മറ്റൊരു പ്രധാന കാര്യം ജാതിസെൻസസ് നടപ്പിലാക്കും എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. രാഹുൽഗാന്ധി ഇത് ശക്തമായി ആവർത്തിക്കുകയും ചെയ്തിരുന്നു. സമീപകാല ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തമായ രാഷ്ട്രീയ തീരുമാനമാണത്. ഖാർഗെ കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ അടിസ്ഥാനപരമായ മാറ്റമായിക്കൂടി ഞങ്ങൾ ഇതിനെ നിരീക്ഷിക്കുന്നുമുണ്ട്.

? എസ്.ഡി.പി.ഐയുടെ പിന്തുണ വാഗ്ദാനത്തോട് പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നല്ലോ കോൺഗ്രസ്.

ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ഞങ്ങൾ ഈവിധം നയതീരുമാനം കൈക്കൊണ്ടത്. തിരിച്ചൊന്നും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല ഇത്. ഫാസിസത്തിനെതിരായ രാഷ്ട്രീയ പോരാട്ടത്തിൽ കൈക്കൊള്ളേണ്ടിയിരുന്ന രാഷ്ട്രീയതീരുമാനം അതുതന്നെയായിരുന്നുവെന്നാണ് അന്നും, ഇന്നും ഞങ്ങളുടെ ഉറച്ച നീരീക്ഷണം. അതിൽ കോൺഗ്രസുകാർ എന്ത് തീരുമാനിച്ചുവെന്നത്, അവരുടെ രാഷ്ട്രീയമര്യാദയുടെ വിഷയമാണ്.

? എസ്.ഡി.പി.ഐക്കെതിരെ ഇപ്പോഴും ഉയരുന്നത് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമാണ്. അതുകൊണ്ടുതന്നെ, എസ്.ഡി.പി.ഐ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ല എന്ന് തോന്നുന്നുണ്ടോ.

പാർട്ടിയെ ദുരൂഹമായ അന്തരീക്ഷത്തിൽ നിർത്താനും, നിറം പിടിപ്പിച്ച വാർത്തകൾ പ്രചരിപ്പിക്കാനുമുള്ള നീക്കങ്ങൾ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നുവെന്നതും വ്യക്തമാണ്. ധ്രുവീകരണ വാദമുഖങ്ങൾ ഉയർത്തി, വോട്ടുബാങ്കുകൾ നിലനിർത്താനുള്ള നീക്കങ്ങൾ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏറെയാണ്. ബൗദ്ധിക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നുവെന്ന് അഭിമാനിക്കുന്ന മാർക്‌സിസ്റ്റുകൾ തന്നെയാണ് ഈവിധം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വാസ്തവം.

സുലൈമാൻസേട്ട് സാഹിബിനെ വിഘടനവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച പാർട്ടിയാണ് സി.പി.എം. വിഘടനവാദത്തിന്റെ വാൾ സുലൈമാൻസേട്ടിന്റെ കയ്യിലും എന്നെഴുതിയ പത്രമാണ് ദേശാഭിമാനി. അതേ സേട്ടുസാഹിബും അനുയായികളും പിന്നീട് സി.പി.എമ്മിന് സ്വീകാര്യരായി മാറി.

ഇനി അബ്ദുൾ നാസർ മഅദ്‌നിയുടെ കാര്യം നോക്കൂ, അദ്ദേഹത്തെ മതതീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രം എന്ന നിലയിലാണ് സി.പി.എം അടക്കമുള്ളവർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് മഅദ്‌നി സി.പി.എമ്മിന് സ്വീകാര്യനായി. അദ്ദേഹത്തെ മതേതരവാദിയെന്ന് വിശേഷിപ്പിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടായില്ല. എന്തുകൊണ്ടാണിത്? മഅദ്‌നി ഇടതുപക്ഷത്തെ പിന്തുണച്ചു; അതോടെ അദ്ദേഹത്തിന്റെ തീവ്രവാദചായ്‌വ് ഒഴിഞ്ഞുമാറുകയും ചെയ്തു.

ഇപ്പോൾ നോക്കൂ, ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളുമായി സി.പി.എം കേന്ദ്രങ്ങൾ വളരെയധികം സമ്പർക്കത്തിലായിരുന്നു. എന്നാൽ അവർ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകിയപ്പോൾ, അവർ ഇടതുപക്ഷത്തെ വിമർശിച്ച് തുടങ്ങിയപ്പോൾ, പിന്തുണ നൽകാതെയായപ്പോൾ, ജമാ അത്തെ ഇസ്ലാമിക്കാർ തീവ്രവാദികളായി, മതരാഷ്ട്രവാദികളായി.

അതായത് ചില പ്രസ്ഥാനത്തേയും, വ്യക്തികളേയും, പ്രത്യേക ചാപ്പ കുത്തി മാറ്റി നിർത്തേണ്ടത്, മതധ്രുവീകരണരാഷ്ട്രീയത്തിന് അത്യാവശ്യമാണ്. അത് വളരെയധകം വിദഗ്ദ്ധമായി നിറവേറ്റുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നതിലും തർക്കമില്ല. എസ്.ഡി.പി.ഐയ്ക്ക് മുകളിൽ  മതതീവ്രവാദ മുദ്രചാർത്താൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയവും ഇതുതന്നെയാണ്.

എസ്.ഡി.പി.ഐ മുന്നോട്ട് വയ്ക്കുന്നത് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ്. ഒരിക്കലുമത് മത ആശയത്തിന്റേയോ, മതപാർട്ടിയുടേതോ അല്ല. ഇന്ന് എസ്.ഡി.പി.ഐയ്ക്ക് ആയിരത്തിനടുത്ത് ത്രിതല പഞ്ചായത്ത് അംഗങ്ങളുണ്ട്. അതിൽ എല്ലാ മതവിഭാഗത്തിന്റേയും പ്രതിനിധികൾ ഉണ്ട്. ഒരിക്കലുമത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധികൾ ആണെന്ന് ആർക്കെങ്കിലും ആരോപിക്കാൻ കഴിയുമോ?

സാമൂഹ്യനീതിയെന്ന മുദ്രാവാക്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐയെ തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടി ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് പിന്നിലെ ലക്ഷ്യം വളരെ വ്യക്തവുമാണ്. എന്നാൽ പൊതുസമൂഹം ഇതെല്ലാം തള്ളിക്കളയുകയും, അകമഴിഞ്ഞ പിന്തുണ നൽകുകയുമാണ്. തീർച്ചയായുമിത് ആവേശം നിറഞ്ഞതും, അഭിമാനകരവുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img img