
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ആർഎസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഇത് എന്റെ വ്യക്തിപരമായ നിലപാടാണ്. രാജ്യത്തെ ഭൂരിഭാഗം അശാന്തികൾക്കും പിന്നിൽ ബിജെപിയും ആർഎസ്എസുമാണ്. അതിനാൽ ആർഎസ്എസിനെ നിരോധിക്കണം,” ഖാർഗെ പറഞ്ഞു.
സർദാർ വല്ലഭ്ഭായി പട്ടേലിന്റെ വീക്ഷണങ്ങളെയും ഖാർഗെ പരാമർശിച്ചു. “പട്ടേൽ ജീവിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള സംഘടനകൾക്കെതിരെ കർശനനടപടി സ്വീകരിച്ചേനേ. പ്രധാനമന്ത്രി മോദി പട്ടേലിനെ ബഹുമാനിക്കുന്നുവെന്ന് പറയുന്നുവെങ്കിൽ, അദ്ദേഹം ആർഎസ്എസിനെതിരെ പട്ടേൽ സ്വീകരിച്ച സമീപനം പിന്തുടരട്ടെ,” ഖാർഗെ ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാർ ആർഎസ്എസിന്റെയും ജമാഅത്ത് ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് പട്ടേൽ നേരത്തെ നിരോധിച്ചതായും ഖാർഗെ ഓർമ്മിപ്പിച്ചു. എന്നാൽ 2024 ജൂലൈ 9-ന് മോദിസർക്കാർ ആ നിരോധനം പിൻവലിച്ചതായും അദ്ദേഹം വിമർശിച്ചു. “പട്ടേലിന്റെ തീരുമാനം പുനഃസ്ഥാപിക്കണം,” എന്നായിരുന്നു ഖാർഗെയുടെ ആവശ്യം. ആർഎസ്എസിന്റെ ആശയധാരയെ “വിഷംപോലെ അപകടകരം” എന്നും അദ്ദേഹം പരാമർശിച്ചു.
അതേസമയം, ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ ബിജെപി ശക്തമായി പ്രതികരിച്ചു. “കോൺഗ്രസ് വർഷങ്ങളായി സർദാർ പട്ടേലിനെ അവഗണിച്ച പാർട്ടിയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ പേരുപയോഗിച്ച് ആർഎസ്എസിനെ ആക്രമിക്കുകയാണ്,” ബിജെപി വക്താവ് ഷെഹസാദ് പൂനാവാല ആരോപിച്ചു.
“ഐഎൻസി എന്നത് ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല, ഇന്ത്യൻ നാസി കോൺഗ്രസ് ആണ്,” പൂനാവാല കടുത്ത വിമർശനവുമായി പറഞ്ഞു. “കോടതി നേരത്തെ ആർഎസ്എസിന് മേലുണ്ടായിരുന്ന നിരോധനം നീക്കി. ആർഎസ്എസ് രാഷ്ട്രീയേതര സംഘടനയാണ്, അതിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാൻ അവകാശമുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











