03:38pm 09 November 2026
NEWS
കേരളത്തിൽ ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം നടന്നെന്ന് റിപ്പോർട്ട്


01/05/2025  01:46 PM IST
nila
കേരളത്തിൽ ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം നടന്നെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം നടന്നെന്ന് റിപ്പോർട്ട്. ജനുവരി 17നു രാത്രിയിൽ കോട്ടയം ജില്ലയിലെ കുമരകത്തുള്ള ഒരു റിസോർട്ടിലാണ് ആർ എസ് എസ് അനുഭാവികളായ ജയിൽ ഉദ്യോ​ഗസ്ഥർ യോ​ഗം ചേർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും അഞ്ച് അസി.പ്രിസൺ ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യോ​ഗം.

രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ജയിൽ ഉദ്യോ​ഗസ്ഥർ ആർ എസ് എസ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ യോ​ഗം ചേർന്നത്. ഇതുസംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ രഹസ്യയോ​ഗത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുക്കാൻ സർക്കാർ ധൈര്യം കാട്ടിയില്ലെന്നും ഇപ്പോൾപുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ  യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തിൽ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. ‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലർ ചിത്രം വാട്സാപ് സ്റ്റാറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. കേരളത്തിലെ ജയിലുകളിൽ ബിജെപിക്ക് 250ൽ ഏറെ രാഷ്ട്രീയത്തടവുകാരുണ്ട്. ഇവരെക്കൂടി സംഘടിപ്പിക്കുന്നതിനു മുന്നോടിയായ നീക്കമെന്നാണു സംശയം.

ആർഎസ്എസ് യോ​ഗത്തിൽ പങ്കെടുത്ത ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി ഒഴിവാക്കാൻ ബിജെപി ഉന്നതൻ ഇടപെട്ടെന്നാണു വിവരം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണിൽനിന്നു കണ്ണൂർ സോണിലേക്കു മാറ്റിയപ്പോൾ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരം. തുടർന്ന് ഇവർക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img