04:47am 07 November 2026
NEWS
ഭരണഘടനയുടെ ആമുഖം തിരുത്താൻ ആർ.എസ്.എസ് നീക്കം; 2026 ഒക്‌ടോബർ 2 എന്ന തീയതി നിർണ്ണായകം
25/07/2025  10:16 PM IST
ചെറുകര സണ്ണീലൂക്കോസ്
ഭരണഘടനയുടെ ആമുഖം തിരുത്താൻ ആർ.എസ്.എസ് നീക്കം; 2026 ഒക്‌ടോബർ 2 എന്ന തീയതി നിർണ്ണായകം

2024 നവംബർ 26 ഭരണഘടനയുടെ 75-ാം വാർഷികാഘോഷം പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഭരണഘടന പിറന്ന അതേ ഹാളിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ സമ്മേളിച്ചിരിക്കുന്നു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ചേർന്ന് രാഷ്ട്രപതിയെ വേദിയിലേക്ക് സ്വീകരിച്ചുകൊണ്ടുവന്നു. പിന്നാലെ 'നാം, ഇന്ത്യയിലെ ജനങ്ങൾ' എന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖഭാഗം രാഷ്ട്രപതിക്കൊപ്പം എല്ലാവരും ഏറ്റുചൊല്ലിയതോടെ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.
പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ (കോൺസ്റ്റിറ്റിയൂവന്റ് ഹാൾ) നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു വർഷത്തെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മതനിരപേക്ഷത, സോഷ്യലിസ്റ്റ്, ജനാധിപത്യം തുടങ്ങിയ വാക്കുകൾ ബോധപൂർവ്വം ഒഴിവാക്കി.

തൊട്ടുതലേന്നാണ് സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് ഹർജിക്കാരെ സുപ്രീംകോടതി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തൊട്ടടുത്ത ദിവസം നടന്ന ഭരണഘടനയുടെ 75-ാം വാർഷികാഘോഷച്ചടങ്ങിൽ രാഷ്ട്രപതി ഭരണഘടന ആമുഖത്തിലെ സുപ്രധാനമായ വാക്കുകൾ ഒഴിവാക്കി എന്നത് ഒരു അപകടസൂചനയായി പലരും കണ്ടിരുന്നു.

രാജ്യത്തെ ജനാധിപത്യ മതേതര ചിന്താഗതിക്കാർ ഭയപ്പെട്ടതുപോലെ വാർഷികാഘോഷങ്ങൾ ഒരു വർഷം തികയുന്നതിന് മുമ്പുതന്നെ കേന്ദ്രഭരണത്തേയും സംഘപരിവാർ പ്രസ്ഥാനങ്ങളേയും ബൗദ്ധികമായി നിയന്ത്രിക്കുന്ന യഥാർത്ഥ കേന്ദ്രത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ നിന്നും നീക്കുക എന്ന ആവശ്യം ആരുടേതാണെന്ന് മറയില്ലാതെ പുറത്തുവന്നു. അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യുന്നതിനെ കുറിച്ചാലോചിക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്.

അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഒരു വർഷം മുമ്പ് സുപ്രീംകോടതി തള്ളിക്കളഞ്ഞ ആവശ്യം ആർ.എസ്.എസ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്. ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് സംഘപരിവാർ രാഷ്ട്രീയം വെട്ടിത്തുറന്നുപറയാൻ മടിക്കാത്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ഇക്കഴിഞ്ഞ ജൂൺ 29 നെഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞിട്ടുള്ള 'മതേതരത്വം, സോഷ്യലിസം എന്ന ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തിട്ടുള്ള വാക്കുകൾ ഭരണഘടനയുടെ മുഖവുരയെ അശുദ്ധമാക്കുന്നെന്നും ഈ വാക്കുകൾ പഴുത്തൊലിച്ചുകൊണ്ടിരിക്കുന്ന വ്രണമാണെന്നുമാണ്. ഈ വാക്കുകൾ സനാതനധർമ്മത്തെ അശുദ്ധമാക്കുന്നവയാണെന്നും, ഈ പാശ്ചാത്യആശയങ്ങൾക്ക് ഇന്ത്യൻ സംസ്‌ക്കാരത്തിൽ സ്ഥാനമില്ലെന്നും ഉപരാഷ്ട്രപതി കസേരയിലിരിക്കുന്ന ഉന്നതസ്ഥാനീയൻ പ്രസ്താവിച്ചിരിക്കുന്നു എന്നത് ഗൗരവതരമാണ്.

ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ആവശ്യത്തെ പിന്തുണച്ച് ചില കേന്ദ്രമന്ത്രിമാരും രംഗത്തുവന്നതോടെ മോദി സർക്കാരിന്റെ ഇനിയുള്ള മുഖ്യ അജണ്ടകളിലൊന്നായി ഈ ആവശ്യം സ്ഥാനം പിടിച്ചിരിക്കുന്നു എന്നു വ്യക്തമാണ്. അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ അടിയന്തിരാവസ്ഥയ്ക്കുശേഷം നീക്കാൻ ശ്രമങ്ങളുണ്ടായതേയില്ല എന്നും ഇനിയും ആ പദങ്ങൾ ഭരണഘടനയിൽ തുടരണോ എന്നത് പരിഗണിക്കേണ്ട സമയമാണിതെന്നുമാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. 

എന്താണ് ഈ സമയത്തിന്റെ പ്രാധാന്യം?

1925 സെപ്റ്റംബർ 27 വിജയദശമി ദിനത്തിൽ രൂപീകൃതമായ പ്രസ്ഥാനമാണ് ആർ.എസ്.എസ്. ആർ.എസ്.എസിന്റെ 100-ാം വാർഷികാഘോഷം നടക്കുന്ന 2025 ലെ വിജയദശമി ദിനം, ഗാന്ധിജയന്തി ദിനം കൂടിയായ ഒക്‌ടോബർ രണ്ടാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആക്കി മാറ്റുന്നതിനുള്ള നിർണ്ണായകമായ ചുവടുവെപ്പ് ഒക്‌ടോബർ രണ്ടിനോ അതിനുമുമ്പോ ഉണ്ടാകണം എന്ന് ആർ.എസ്.എസ് ലക്ഷ്യമിടുന്നു എന്നാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസ്ബളെയുടെ സമയമാണിത് എന്ന വാക്കുകൾ സൂചിപ്പിക്കുന്നത്.

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയുടെ മുഖവുരയിൽ എഴുതിച്ചേർത്തത് 1976 ൽ അടിയന്തിരാവസ്ഥക്കാലത്താണെന്നത് വസ്തുതയാണ്. 1949 നവംബറിൽ കോൺസ്റ്റിറ്റിയൂവന്റ്, അസംബ്ലി ഭരണഘടന പാസാക്കുമ്പോൾ ഈ രണ്ട് വാക്കുകളും ആമുഖത്തിൽ ഇല്ലായിരുന്നു എന്നതും ശരിയാണ്. പക്ഷേ അതുകൊണ്ട് ഡോ. ബി.ആർ. അംബേദ്കർ എഴുതിയ ഭരണഘടനയിൽ മതേതരത്വ സോഷ്യലിസ്റ്റ് 'ആശയങ്ങൾ' ഇല്ലായിരുന്നു എന്ന വാദം സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

1976 ലെ 42-ാം ഭരണഘടന ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത 'മതേതരത്വം, സോഷ്യലിസം' എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രഹ്മണ്യൻസ്വാമി, അഡ്വ. വിഷ്ണുശങ്കർ ജെയിൻ, അഡ്വ. അശ്വനികുമാർ ഉപാധ്യായ, ഡോ. ബൽറാം സിങ്ങ് എന്നിവർ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ്കുമാർ എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. 2024 ൽ ഭരണഘടനാദിനമായ നവംബർ 26 ന്റെ തലേന്നായിരുന്നു നിർണ്ണായകമായ വിധിയും നിരീക്ഷണങ്ങളും സുപ്രീംകോടതി നടത്തിയത്.

ഇപ്പോൾ ആർ.എസ്.എസ് പറയുന്ന വാദമുഖങ്ങളൊക്കെയും അവർക്കുവേണ്ടി കേസുനടത്തിയവർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നതാണ്. ഉദാഹരണം 1949 നവംബർ 26 ന് അംഗീകരിച്ച ഭരണഘടനയിലേക്ക് മുൻകാല പ്രാബല്യത്തോടെയാണ് 1976 ൽ ഈ വാക്കുകൾ കൂട്ടിച്ചേർത്തത്. ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ സഭ മതനിരപേക്ഷത എന്ന വാക്ക് മനപ്പൂർവ്വം ഒഴിവാക്കിയതാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സാമ്പത്തിക നയത്തെ നിയന്ത്രിക്കുമെന്നതിനാലാണ് സോഷ്യലിസ്റ്റ് എന്ന വാക്ക് ഒഴിവാക്കിയത്. അടിയന്തിരാവസ്ഥക്കാലത്ത് കാലാവധി നീട്ടിയെടുത്ത സർക്കാരാണ് 42-ാം ഭേദഗതി കൊണ്ടുവന്നത്.

ഈ വാദങ്ങൾക്ക് മറുപടിയായി കോടതിയുടെ നിരീക്ഷണങ്ങൾ ഇവയായിരുന്നു.

* ഭേദഗതിക്കുള്ള സർക്കാരുകളുടെ അധികാരം അനിഷേധ്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതുമാണ്. അടിസ്ഥാനസ്വഭാവം ഇല്ലാതാക്കുന്ന ഭേദഗതികളാണ് ചോദ്യം ചെയ്യാനാകുക. 1949 നവംബർ 26 നാണ് ഭരണഘടന അംഗീകരിച്ചത് എന്നതുകൊണ്ട്, പിന്നീട് ഭേദഗതി വരുത്താനുള്ള അവകാശം ഇല്ലാതാകുന്നില്ല. അതുകൊണ്ട് 1976 ലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ കൊണ്ടുവന്നെന്ന വാദം നിലനിൽക്കില്ല. ഈ വാദം അംഗീകരിച്ചാൽ മറ്റുഭേദഗതികളേയും ബാധിക്കും.
* സമത്വം എന്ന അവകാശത്തിന്റെ ഒരു വശം തന്നെയാണ് മതനിരപേക്ഷത. മതനിരപേക്ഷത 1949 ൽ അവ്യക്തമായിരുന്നു. കാലക്രമത്തിൽ ഇന്ത്യ മതനിരപേക്ഷതയ്ക്ക് സ്വന്തം വ്യാഖ്യാനം കണ്ടെത്തി. അതുപ്രകാരം സർക്കാർ ഒരു മതത്തേയും പിന്തുണയ്ക്കുകയോ മതവിശ്വാസം പിന്തുടരുന്നതിനെ കുറ്റകരമാക്കുകയോ ചെയ്യുന്നില്ല.
* സ്വകാര്യസംരംഭകരേയോ വ്യവസായത്തേയോ നിയന്ത്രിക്കുകയല്ല, മറിച്ച് സാമൂഹിക, സാമ്പത്തിക നയങ്ങളെ നിയന്ത്രിക്കുന്ന ഒന്നായി ഇന്ത്യൻ പശ്ചാത്തലത്തിൽ സോഷ്യലിസത്തെ കാണാനാകില്ല. അരികുവൽക്കരിക്കപ്പെടുന്നവരുടെ ഉന്നതിക്ക് സഹായിച്ചുകൊണ്ട് വർഷങ്ങളെടുത്തു സ്വകാര്യമേഖല പൂത്തുതളിർക്കുകയാണ് ചെയ്തത്.

അടിയന്തിരാവസ്ഥക്കാലത്ത് മൗലിക അവകാശങ്ങൾ താൽക്കാലികമായി നിർത്തിവെച്ചപ്പോൾ പാർലമെന്റും ജുഡീഷ്യറിയും പ്രവർത്തന രഹിതമായ സമയത്താണ് മതേതരത്വവും സോഷ്യലിസവും ഭരണഘടനാ ആമുഖത്തിൽ കൂട്ടിച്ചേർത്തതെന്നും ഇന്ദിരാസർക്കാരിന്റെ ഈ നടപടി ജനഹിതമായി കാണാൻ കഴിയില്ലെന്നുമുള്ള വിഷയം പിന്നീട് അധികാരത്തിലെത്തിയ(1978) ലോക്‌സഭ ചർച്ച ചെയ്‌തെന്നു സുപ്രീംകോടി ചൂണ്ടിക്കാട്ടി. കൂട്ടിച്ചേർക്കപ്പെട്ട വാക്കുകളെക്കുറിച്ച് വിശദപരിശോധനയുണ്ടായെന്ന് കോടതി പറഞ്ഞു. പല വിധിന്യായങ്ങളിൽ ഇവ കോടതി ശരിവെച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സാമ്പത്തികഭരണ നിർവ്വഹണത്തിന്റെ ഘടന തീരുമാനിക്കാമെന്നത് പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് 2024 നവംബർ 25 നുള്ള വിധിയിൽ ചൂണ്ടിക്കാട്ടി.
മതേതരത്വം എന്നതിനെ മതത്തെ നിഷേധിക്കുന്ന ഒന്നായാണ് 1949 ൽ നിയമപണ്ഡിതന്മാർ വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ ഭരണകൂടം ഏതെങ്കിലും മതത്തെ പിന്തുണയ്ക്കുകയോ ഏതെങ്കിലും വിശ്വാസം പിന്തുടരുന്നവരെ ശിക്ഷിക്കുകയോ ചെയ്യരുത് എന്നതാണതിന്റെ ശരിയായ വ്യാഖ്യാനം എന്ന് ഇന്ത്യ പിന്നീട് കണ്ടെത്തി. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽപ്പെട്ടതാണെന്ന് കേശവാനന്ദ ഭാരതി, എസ്.ആർ. ബൊമ്മയുൾപ്പെടെയുള്ള കേസുകളിൽ ഭരണഘടനാബെഞ്ച് വിധിച്ചിട്ടുള്ള കാര്യവും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ്കുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടിയതോടെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നിവ നീക്കാനുള്ള ശ്രമം എന്നെന്നേക്കുമായി അവസാനിക്കും എന്ന് പൊതുവേ കരുതപ്പെട്ടിരുന്നതാണ്.

ആ ധാരണകളെയെല്ലാം മറികടന്നാണ് ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്കെതിരായി വീണ്ടും വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. അടൽ ബിഹാരി വാജ്‌പേയി, ലാൽകൃഷ്ണ അദ്വാനി എന്നീ ജനസംഘത്തിന്റെ ഏറ്റവും സമുന്നതരായ നേതാക്കൾ കൂടി പങ്കാളികളായ 1977 ൽ അധികാരത്തിൽ വന്ന ജനതാസർക്കാർ 43, 44 ഭരണഘടനാഭേദഗതികൾ റദ്ദാക്കിയെങ്കിലും ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ സോഷ്യലിസ്റ്റ് എന്ന് കൂട്ടിച്ചേർത്തത് നിലനിർത്തുകയായിരുന്നു എന്നതും ആർ.എസ്.എസ് ഇപ്പോൾ കണക്കിലെടുക്കുന്നില്ല.
ആർ.എസ്.എസ് എന്തുകൊണ്ടാണ് സെക്യുലറിസത്തെ ഭരണഘടനയിൽ നിന്ന് നിഷ്‌കാസനം ചെയ്യാൻ ശഠിക്കുന്നത് എന്നത് വ്യക്തമാണ്. ഇന്ത്യാരാജ്യത്തെ ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ സങ്കുചിതവും വിഭാഗീയവുമായ രാഷ്ട്രമാക്കാനുള്ള ത്വരയാണ് അതിന്റെ പിന്നിൽ. ഇസ്ലാംമതവും ക്രിസ്തുമതവും വൈദേശിക മതങ്ങളാണെന്നും ആ മതങ്ങൾക്കും അതിൽ വിശ്വസിക്കുന്നവർക്കും ഹിന്ദുമതവുമായി തുല്യത പാടില്ല എന്നതാണ് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ 2025 ജൂൺ 27 ലെ ആവശ്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സാധിക്കുമെങ്കിൽ 2025 ഒക്‌ടോബർ 2 ലെ മഹാനവമിക്ക് മുമ്പ് ഭരണഘടന ആമുഖത്തിൽ ഭേദഗതി വരുത്താൻ മോദി സർക്കാർ എല്ലാ ശ്രമവും നടത്തും എന്നതുറപ്പാണ്. അതിനനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ഒരുക്കുന്നതിനുവേണ്ടിയാണ് അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികം പ്രമാണിച്ച് കേന്ദ്ര സർക്കാർ ഒരു വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. 2025 ജൂൺ 25 ന് ബി.ജെ.പി രാജ്യവ്യാപകമായി 'ഭരണഘടനാഹത്യാദിന'മായി ആചരിച്ചിരുന്നു. കേന്ദ്രം സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് 2026 ജൂൺ 25 വരെ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനായി ചീഫ് സെക്രട്ടറിമാർക്കെല്ലാം കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം കത്തയച്ചിരുന്നു. അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള പ്രദർശനം ഗ്രാമങ്ങളിലും നടത്താനും, സർക്കാർ പുറത്തിറക്കിയിട്ടുള്ള ഹ്രസ്വചിത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും ശിൽപ്പശാലകൾ നടത്താനും മറ്റും  സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തിരാവസ്ഥയിലെ ജനാധിപത്യ ധ്വംസനത്തെ പ്രചാരണ ആയുധമാക്കി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്കായി നിലകൊള്ളുന്ന ജനാധിപത്യ റിപ്പബ്ലിക്കായിരിക്കാനുള്ള ഇന്ത്യയുടെ ഭരണഘടനാവാഗ്ദാനത്തെ ദുർബലപ്പെടുത്താനും സ്വേച്ഛാധിപത്യവും ഭൂരിപക്ഷ വർഗ്ഗീയതയും അരക്കിട്ടുറപ്പിക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഒരു ജനതയുടെ പ്രാഥമിക  ചുമതലയാണ്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യൻ ഭരണഘടന നേരിട്ടുവന്ന വെല്ലുവിളികൾ അതിന്റെ മൂർദ്ധന്യത്തിലാണ്. അതിന് ജനാധിപത്യപരമായി തടയിടാൻ രാജ്യസ്‌നേഹികൾ ജാഗരൂകരാകുകയേ പ്രതിവിധിയുള്ളൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img