
ലഖ്നൗ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ രാത്രി 7.20ഓടെ ഇ-1 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. കല്ല് പതിച്ച ഭാഗത്തിന് എതിർവശത്തുള്ള സീറ്റിലായിരുന്നു മോഹൻ ഭാഗവത് ഇരുന്നിരുന്നത്. ഇതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണമായത്. സംഭവത്തെ തുടർന്ന് ട്രെയിൻ തുണ്ടല സ്റ്റേഷനിൽ നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കല്ലേറിൽ കോച്ചിന്റെ ജനൽചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനായി യാത്രതിരിച്ചിരിക്കെയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു.
ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹൻ ഭാഗവത് സഞ്ചരിച്ച കോച്ചിനെ ലക്ഷ്യമിട്ടാണോ ആക്രമണമെന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.










