
കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നിർണയം ആർഎസ്പിക്കുള്ളിൽ വലിയ പ്രതിസന്ധിയായി മാറുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കടുത്ത അതൃപ്തിയെ തുടർന്ന് ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ ഒഴിവാക്കി, എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു ‘സമവായ സ്ഥാനാർഥി’യെ മുന്നോട്ടുവച്ചതോടെയാണ് രാജിയിലേക്ക് നീങ്ങേണ്ടി വന്നതെന്ന് നൗഷാദ് വ്യക്തമാക്കി. സ്വന്തം മകന് സീറ്റ് ഉറപ്പാക്കാനുള്ള പ്രേമചന്ദ്രന്റെ നീക്കമാണ് പാർട്ടിയുടെ വിജയസാധ്യതയെ തന്നെ ബാധിക്കുന്നതെന്നും, ആർഎസ്പി എന്നത് ‘റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി’ ആണെന്നും ‘റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി’ അല്ലെന്നുമായിരുന്നു നൗഷാദിന്റെ രൂക്ഷ വിമർശനം.
പാർട്ടി ഐക്യം സംരക്ഷിക്കണമെന്ന പേരിൽ വ്യക്തിപരമായ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും, ഇതിനെതിരെയുള്ള പ്രതിഷേധമായി തദ്ദേശ സ്വയംഭരണ പ്രതിനിധികളും മുൻ കൗൺസിലർമാരും ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നും നൗഷാദ് മുന്നറിയിപ്പ് നൽകി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം ആർഎസ്പിക്ക് നിർണായകമാണ്. സ്ഥാനാർഥി ചർച്ചകളിൽ എൻ. നൗഷാദിന്റെ പേരിന് വലിയ പിന്തുണ ലഭിച്ചിരുന്നുവെങ്കിലും, മകൻ കാർത്തിക്കിന് അവസരം നൽകണമെന്ന നിലപാടിൽ പ്രേമചന്ദ്രൻ ഉറച്ചുനിന്നതോടെയാണ് തർക്കം രൂക്ഷമായത്.
വെള്ളിയാഴ്ച ചേർന്ന പാർട്ടി യോഗത്തിൽ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർഥിയാക്കാൻ കഴിയില്ലെന്ന നിലപാട് ഷിബു ബേബി ജോൺ പക്ഷം കടുപ്പമായി ഉയർത്തി. ഇതിന് മറുപടിയായി ഷിബുപക്ഷം മുന്നോട്ടുവച്ച സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന നിലപാട് പ്രേമചന്ദ്രൻ പക്ഷവും സ്വീകരിച്ചു. തർക്കം പരിഹരിക്കാനാകാതെ വന്നതോടെ, സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആർഎസ്പി യുവനേതാവ് അഡ്വ. വിഷ്ണുമോഹനെ സമവായ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ പാർട്ടി തീരുമാനങ്ങൾ ഒരു കേന്ദ്രത്തിലേക്ക് മാത്രം ചുരുങ്ങുകയാണെന്നും, മുന്നണി മാറ്റം ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ പോലും പ്രേമചന്ദ്രന്റെ വ്യക്തിപരമായ ലാഭത്തിനായി എടുത്തതാണെന്നും നൗഷാദ് ആരോപിച്ചു. കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർഥിയാകില്ലെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി എ. അസീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും, പിന്നീട് ചേർന്ന ജില്ലാ-സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വെറും പ്രഹസനമായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.











