07:13am 14 November 2026
NEWS
സാഹോദര്യത്തിന്റെ ദീപപ്രഭയുമായി ദീപാവലി ആഘോഷത്തിൽ രാജകീയ സാന്നിധ്യം; ഒപ്പം ഒൻപത് രാജ്യങ്ങളുടെ അംബാസഡർമാരും
09/11/2026  07:18 PM IST
nila
സാഹോദര്യത്തിന്റെ ദീപപ്രഭയുമായി ദീപാവലി ആഘോഷത്തിൽ രാജകീയ സാന്നിധ്യം; ഒപ്പം ഒൻപത് രാജ്യങ്ങളുടെ അംബാസഡർമാരും

 

മനാമ: ഇന്ത്യൻ സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് നക്ഷത്രശോഭയേകി രാജകീയ സാന്നിധ്യം. പ്രമുഖ വ്യവസായിയും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരുടെ വസതിയിൽ നടന്ന ആഘോഷ പരിപാടികളിലാണ് ഇന്ത്യൻ സമൂഹത്തോടുള്ള ഭരണാധികാരികളുടെ കരുതൽ അടയാളപ്പെടുത്തി, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ഹിസ് ഹൈനെസ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫ പങ്കെടുത്തത്.

ഇന്ത്യക്കാരോടും പ്രവാസി സമൂഹത്തോടും ബഹ്റൈൻ ഭരണാധികാരികൾ പുലർത്തുന്ന ഹൃദയപൂർവമായ കരുതലിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി ഈ രാജകീയ സാന്നിധ്യം മാറി. പമ്പാവാസൻ നായർക്കും കുടുംബത്തിനും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം ദീർഘനാളുകളായുള്ള സൗഹൃദവും അനുസ്മരിച്ചു.

ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നയസമീപനങ്ങൾക്ക് സർവാത്മനാ പിന്തുണ നൽകുന്ന പ്രവാസി സമൂഹത്തിന് ഈ രാജകീയ സന്ദർശനം അതിയായ സന്തോഷവും അഭിമാനവും നൽകുന്നതായി പമ്പാവാസൻ നായർ പറഞ്ഞു. ഹിസ് ഹൈനെസിന്റെ സാന്നിധ്യം തന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ഓർമകളിലൊന്നായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികൾക്ക് ലോകത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഒരിടമാണ് ബഹ്റൈൻ. സംരംഭകത്വത്തിനും സാംസ്കാരിക ആവിഷ്കാരങ്ങൾക്കും രാജ്യം നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. സാഹോദര്യത്തിന്റെ ഈ അപൂർവ മാതൃക രാജ്യത്തിന്റെ തുടർ അഭിവൃദ്ധിക്ക് കരുത്തേകുമെന്നും പമ്പാവാസൻ നായർ പറഞ്ഞു.

കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മൽക്കി, പ്രൈം മിനിസ്റ്റർ ഓഫീസ് ഡയറക്ടർ ജനറൽ ഹമദ് യാഖൂബ് അൽ മഹ്മീദ്, ക്രൗൺ പ്രിൻസ് പാലസ് മീഡിയ അഡ്വൈസർ ഈസ അബ്ദുൽറഹ്മാൻ അലി മുഹമ്മദ് അൽഹമ്മദി, ക്രൗൺ പ്രിൻസ് പാലസ് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്ററുടെ ഓഫീസ് ഡയറക്ടർ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ, 
ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് എന്നിവർ രാജകീയ സന്ദർശനത്തിന്റെ ഭാഗമായി പങ്കെടുത്തു.

കൃഷി, മുനിസിപ്പൽ കാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി എന്നിവരും യുഎസ്എ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അംബാസഡർമാരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ദീപാവലി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img