
അഹമ്മദാബാദ്: 18 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും വിരാട് കോലിയും. ഐപിഎൽ പതിനെട്ടാം സീസണിന്റെ ഫൈനൽ മത്സരത്തിൽ കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ ആറു റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ജേതാക്കളായത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് സ്വന്തമാക്കിയത്. 191 റൺസെന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ കോലിയും കൂട്ടരും എറിഞ്ഞൊതുക്കുകയായിരുന്നു. പഞ്ചാബിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
30 പന്തിൽ പുറത്താവാതെ 61 റൺസെടുത്ത ശശാങ്ക് സിംഗിൻറെ പോരാട്ടമാണ് പഞ്ചാബിൻറെ തോൽവിഭാരം കുറച്ചത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ജോഷ് ഹേസൽവുഡിൻറെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റൺസകലെ പഞ്ചാബ് കിരീടം കൈവിട്ടു.











