
ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് രോഹിത് ശർമയുടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുമെന്നും താരം പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
'ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. വർഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കും.' - രോഹിത് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.
കഴിഞ്ഞ വർഷം രോഹിത് ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ടി20 ലോകകപ്പിൽ ജേതാക്കളായതിന് പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇപ്പോഴിതാ ടെസ്റ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ്. ഇതോടെ, ഇനി ഏകദിന മത്സരങ്ങളിൽ മാത്രമാണ് താരത്തെ കാണാനാവുക.
2013 ൽ വിൻഡീസിനെതിരേയാണ് രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്‌ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 4301 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. 40.57 ആണ് ശരാശരി.
വിരാട് കോലി നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ രോഹിത്തെത്തുന്നത്. പിന്നാലെ രോഹിത്തിന്റെ നായകത്വത്തിൽ ഇന്ത്യ 2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌ക്കർ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്ഥാനം തുലാസിലാക്കി. എന്നാൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയം ആശ്വാസമായി.
ടീമിനെ കിരീടത്തിലേക്കു നയിച്ചെങ്കിലും റെഡ് ബോൾ ഫോർമാറ്റിലുള്ള താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരേ ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം പുതിയ നായകനുകീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.











