
കൊച്ചി: മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ മാൻഹോളുകൾ വൃത്തിയാക്കുന്നത് കേരളത്തിൽ നിന്നുള്ള യന്ത്രമനുഷ്യർ. ലോകത്തെ ആദ്യത്തെ റോബോട്ടിക്ക് സ്കാവഞ്ചറായ ബാൻഡി കോട്ട് യന്ത്രമനുഷ്യൻ ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലെ പ്രദർശന സ്റ്റാളിലുമെത്തി.
പ്രയാഗ് രാജിൽ നാല് യന്ത്രമനുഷ്യരാണ് മാൻഹോളുകൾ വൃത്തിയാക്കുന്നത്. ആറ് ജീവനക്കാരും ഒരു സൈറ്റ്മാനും സർവീസ്മാനും യൂണിറ്റിനൊപ്പമുണ്ട്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്സ് എന്ന സ്ഥാപനമാണ് നിർമ്മാതാക്കൾ. മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ കോഴിക്കോട്ടെ നൗഷാദ് എന്ന യുവാവ് ശ്വാസം മുട്ടി മരിക്കാനിടയായ അപകടമാണ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജിലെ ആറു വിദ്യാർത്ഥികളെ റോബോട്ടിക്ക് സ്കാവൻജർ നിർമ്മാണത്തിലേക്ക് നയിച്ചത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം നടത്തിയത്.സാങ്കേതികമായി കൂടുതൽ വികസിച്ച സ്കാവഞ്ചർ റോബോട്ടുകളെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളും ഗുരുവായൂർ നഗരസഭയും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മൊത്തം 400 ബാൻഡികോട്ട് സ്കാവൻഞ്ചർ റോബോട്ടുകളെ ജെൻ റോബോട്ടിക്സ് ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.









