02:41pm 06 November 2026
NEWS
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് നാലുപേർ മരിച്ചോ? പ്രചരിക്കുന്ന പത്രവാർത്തയുടെ വാസ്തവം ഇതാ..
20/02/2025  02:18 PM IST
nila
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് നാലുപേർ മരിച്ചോ? പ്രചരിക്കുന്ന പത്രവാർത്തയുടെ വാസ്തവം ഇതാ..

റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന തലകെട്ടുള്ള ഒരു പത്രത്തിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

പ്രചരിക്കുന്ന വാർത്ത ഇങ്ങനെ: 

ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനിവാസികളായ മുത്ത് പാണ്ടി(06),കണ്ണപ്പൻ (28), രാജി മോഹൻ(38) വീരപ്പൻ മുത്തു(10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നടന്ന ഘോഷ യാത്രയിലായിരുന്നു ആനയെ എഴുന്നള്ളിച്ചത്. ഈ സമയം ചെറിയ മഴയുണ്ടായിരുന്നു. വെള്ളക്കെട്ടിൽ ആന ഇറങ്ങിയതോടെയാണ് പുറത്തേക്ക് വൈദ്യുതി പ്രവഹിച്ചത്. ആനയുടെ ഉടമസ്ഥനും മരിച്ചവരിൽ പെടുന്നു. ആനയുടെ ചലനം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന മോട്ടറിൽ നിന്നാണ് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചത്. ഹൈവോൾട്ടേജ് പവർ ഉള്ള ബാറ്ററികളാണ് റോബട്ടിക്ക് ആനയിൽ ഘടിപ്പിച്ചിരുന്നത്.

വളരെ പെട്ടെന്നാണ് ഈ പത്ര കട്ടിം​ഗ് പ്രചരിക്കുന്നത്. എന്നാൽ, കേരളശബ്​ദം നടത്തിയ ഫാക്ട് ചെക്കിൽ ഈ പ്രചാരണം വാസ്തവമല്ലെന്നാണ് ബോധ്യപ്പെട്ടത്. കഴിഞ്ഞ വർഷം ആദ്യവും ഇതേ പത്ര കട്ടിം​ഗ് സമൂ​ഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാത്രവുമല്ല, പത്രത്തിന്റെ പേരോ തീയതിയോ പ്രചരിക്കുന്ന ഫോട്ടോയിൽ ഉണ്ടായിരുന്നില്ല. 

അപകടം നടന്നു എന്നു പറയുന്ന ചോൾകൊണ്ടപുരം എന്ന ഒരു സ്ഥലമോ അവിടെ പെരുമാളമ്മൻ എന്നൊരു ക്ഷേത്രമോ ഉള്ളതിനെ പറ്റി യാതൊരു വിവരവും ഇന്റർനെറ്റിൽ ലഭ്യവുമല്ല. തമിഴ് പത്രങ്ങളിലൊന്നും ഇത്തരം ഒരു വാർത്ത വന്നിട്ടില്ല എന്നതും അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം ഒരു സംഭവം നടന്നിരുന്നുണെങ്കിൽ അത് വാർത്ത പ്രാധാന്യം നേടുമായിരുന്നു എന്നത് ഉറപ്പാണല്ലോ. ഇതുകൂടാതെ, ഞങ്ങൾ  ഇംഗ്ലീഷിലും, മലയാളത്തിലും കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഇത്തരം ഒരു വാർത്ത ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img