01:43am 08 July 2026
NEWS
ഇസ്ഗാവ, അൽ തുമാദ് മേഖലകളിൽ റോഡ്-അടിസ്ഥാനസൗകര്യ വികസനത്തിന് തുടക്കമായി; 688 ദശലക്ഷം റിയാലിന്റെ ബൃഹത് പദ്ധതി
07/07/2026  12:31 PM IST
nila
ഇസ്ഗാവ, അൽ തുമാദ് മേഖലകളിൽ റോഡ്-അടിസ്ഥാനസൗകര്യ വികസനത്തിന് തുടക്കമായി; 688 ദശലക്ഷം റിയാലിന്റെ ബൃഹത് പദ്ധതി

 

 

​ദോഹ: രാജ്യത്തുടനീളം സംയോജിത സേവനങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്ഗാവ (Izghawa), അൽ തുമാദ് (Al Thumid) മേഖലകളിൽ പുതിയ വികസന പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് (അശ്ഗാൽ). ഏകദേശം 688 ദശലക്ഷം ഖത്തർ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി അശ്ഗാൽ ഔദ്യോഗികമായി അറിയിച്ചു.ഇസ്ഗാവ, അൽ തുമാദ് മേഖലകളിലെ ജനസംഖ്യാ-നഗര വളർച്ചയ്ക്ക് പിന്തുണയേകുന്ന സുസ്ഥിരമായ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് റോഡ് പ്രൊജക്ട്സ് ഡിപ്പാർട്ട്മെന്റിലെ നോർത്തേൺ റീജിയൻസ് വിഭാഗം മേധാവി എഞ്ചിനീയർ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി. പ്രാദേശിക റോഡുകൾ നവീകരിക്കുന്നതിലൂടെ യാത്രാ സുരക്ഷ വർധിപ്പിക്കാനും, നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ള ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ഈ പ്രൊജക്ടിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സ്വദേശികളുടേതായ 669 പ്ലോട്ടുകൾക്കും പ്രദേശത്തെ നിരവധി പൊതുസേവന കേന്ദ്രങ്ങൾക്കും ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യുമെന്ന് റോഡ് എഞ്ചിനീയറിംഗ് വിദഗ്ധൻ എഞ്ചിനീയർ തലാൽ അൽ മുഗൈസിബ് അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന വാണിജ്യ പദ്ധതികൾക്കും ഭാവിയിലെ ജനസംഖ്യാ വികാസത്തിനും ഇത് ഏറെ സഹായകരമാകും.
വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും പ്രദേശവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനുമായി പദ്ധതി പ്രദേശത്തെ നാല് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ചിട്ടുണ്ട്. ഒരു ഭാഗത്തെ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന തരത്തിലാണ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img