
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പും ഹോമിബാബ സെന്റർ ഫോർ സയൻസ് ആൻഡ് റിസർച്ചും സംയുക്തമായി നടത്തിവരാറുള്ള റീജിയണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ കേരള-ലക്ഷദ്വീപ് റീജിയണിൽ നിന്നും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പ്രഖ്യാപിച്ചു. ആദ്യതല പരീക്ഷയായ ഇന്ത്യൻ ഒളിമ്പ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മുന്നൂറോളം കുട്ടികളിൽ നിന്നും കേരളം ആൻഡ് ലക്ഷദ്വീപ് റീജിയണൽ ഒളിമ്പ്യാഡ് പരീക്ഷയിൽ (RMO 2025) ദേശീയതല പരീക്ഷ (INMO 2026) എഴുതുവാൻ 42 പേർ അർഹരായി. കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിൽ തിരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പഞ്ചദിന ട്രെയിനിങ് ക്യാമ്പ് നടത്തി.
.jpg)
റീജിയണൽ കാറ്റഗറി എ യിൽ പൂജ മോഹൻ, വിശ്വജ്യോതി പബ്ലിക് സ്കൂൾ അങ്കമാലി സ്വർണമെഡൽ നേടി. വരുൺ മേനോൻ, ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി, തൃശൂർ വെള്ളിമെഡൽ നേടി. അതുൽ മനോജ്, നൈപുണ്യ പബ്ലിക് സ്കൂൾ, കാക്കനാട് വെങ്കല മെഡൽ നേടി. കാറ്റഗറി ബി യിൽ ശ്രീജേഷ് സുനിൽ, ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ തൃശൂർ സ്വർണ മെഡലിന് അർഹനായി. സാരംഗ് പ്രജോഷ് ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ തൃശൂർ വെള്ളിമെഡൽ നേടി. അധ്വയ്ത് യു, ദേവഗിരി പബ്ലിക് സ്കൂൾ, കോഴിക്കോട് വെങ്കല മെഡൽ നേടി. ഈ വർഷത്തെ ചാംപ്യൻഷിപ് നേടിയ വിശ്വജ്യോതി പബ്ലിക് സ്കൂളിന് കുസാറ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി എവർ റോളിങ്ങ് ട്രോഫി കൈമാറി. കേരള-ലക്ഷദ്വീപ് റീജിയണിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും വർത്തമാനകാല ആശയങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ് ടെക്നോളോജികളിൽ ഗണിതപ്രാവിണ്യമുള്ള പുതുതലമുറ വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകതയെകുറിച്ച് ഒർമപ്പെടുത്തികൊണ്ട് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സംസാരിച്ചു. കുസാറ്റ് ഗണിതശാസ്ത്ര വകുപ്പ് മേധാവി ഡോ. ഷെറി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. റീജിയണൽ കോർഡിനേറ്ററും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. നൗഫൽ എ, ജോയിന്റ് കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അമ്പിളി എ എ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







