
ദോഹ/റിയാദ്: മേഖലയിലെ യാത്രാ തടസ്സങ്ങൾ നീങ്ങുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് (Flynas) റിയാദിനും ദോഹയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 19 ചൊവ്വാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുകയെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിമാന ഗതാഗതത്തിൽ നേരത്തെ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഘട്ടം ഘട്ടമായി സർവീസുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഖത്തറിലേക്കുള്ള റൂട്ടും സജീവമാകുന്നത്. ഏപ്രിൽ ആദ്യവാരം മുതൽ ദമാസ്കസ്, ദുബായ് എന്നിവിടങ്ങളിലേക്ക് ഫ്ലൈനാസ് സർവീസുകൾ തുടങ്ങിയിരുന്നു.
അതേസമയം, അബുദാബി, ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. നിലവിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി യാത്രക്കാരെ അറിയിക്കുമെന്നും ടിക്കറ്റ് ബുക്കിംഗിനായി flynas.com സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്ക് സഹായത്തിനായി +966 114349000 (സൗദിക്ക് പുറത്ത്), 920001234 (സൗദിക്കകത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സർവീസുകൾ പുനരാരംഭിക്കുന്നതോടെ റിയാദ്-ദോഹ റൂട്ടിലെ യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.










