04:03am 13 November 2026
NEWS
കുസാറ്റിൽ RIPR 2026 ദേശീയ ശില്പശാല സംഘടിപ്പിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
27/02/2026  06:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ  RIPR 2026 ദേശീയ ശില്പശാല സംഘടിപ്പിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
HIGHLIGHTS

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ (IUCIPRS) ദേശീയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ (IUCIPRS) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'RIPR 2026' ദേശീയ ശില്പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയുടെ (AI) വികാസത്തെ ചെറുക്കുന്നത് വ്യർത്ഥമാണെന്നും അതിന്റെ യാന്ത്രിക വേഗതയെ പ്രയോജനപ്പെടുത്തി കൊണ്ടും അതിന് മേൽ പൂര്‍ണമായ മനുഷ്യ നിയന്ത്രണം ഉറപ്പാക്കുന്ന ഒരു ചട്ടക്കൂട് ആവശ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. "നിർമ്മിത ബുദ്ധി കാലഘട്ടത്തിലെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ" (Intellectual Property Rights in the Age of AI Revolution) എന്ന വിഷയത്തിലാണ് ദേശീയതല ശില്പശാല നടന്നത്.

ശില്പശാലയുടെ ആദ്യ സെഷൻ നുവാൽസ് (NUALS) വൈസ് ചാൻസലർ ഡോ. ജി.ബി. റെഡ്ഢി നയിച്ചു. അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ പ്രശസ്തരായ പ്രമുഖ നിയമവിദഗ്ധരും പണ്ഡിതരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (LSE), ഐ.ഐ.ടി ഖരഗ്‌പൂർ, ഡൽഹി സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും, ഡൽഹി ഹൈക്കോടതിയിലെ വിഷയ വിദഗ്ധർ (Subject Experts), വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവരും വിവിധ സാങ്കേതിക സെഷനുകൾ നയിച്ചു.

ദേശീയ പ്രാധാന്യമുള്ള ഈ ചടങ്ങിൽ സംസ്ഥാനത്തെയും രാജ്യത്തെയും വിവിധ സർവ്വകലാശാലകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിരവധി ഗവേഷകരും വിദ്യാർത്ഥികളും പങ്കുചേർന്നു. ഐ.യു.സി.ഐ.പി.ആർ.എസ് ഡയറക്ടർ ഡോ. ആരതി അശോക്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മുത്തുമണി സോമസുന്ദരൻ, ഡോ. നവീൻ ഗോപാൽ എന്നിവരാണ് ശില്പശാലയുടെ കൺവീനർമാറായിരുന്നത്. പാർവതി ബി., വൈഷ്ണവി കൃഷ്ണൻ എന്നിവർ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. ഫെബ്രുവരി 28-ന് ശില്പശാല സമാപിക്കും.

ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ (IPR) ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രമുഖ അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രവുമാണ് കുസാറ്റിലെ IUCIPRS. ദേശീയ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും അനുയോജ്യമായ രീതിയിൽ ഐ.പി നിയമങ്ങളെ രൂപപ്പെടുത്തുന്നതിനും പുതിയ നിയമ വെല്ലുവിളികളെ കുറിച്ച് പഠിക്കുന്നതിനുമുള്ള രാജ്യത്തെ പ്രധാന 'തിങ്ക്-ടാങ്ക്' (Think-tank) ആയി പ്രവർത്തിക്കുന്നതോടൊപ്പം, ഈ മേഖലയിൽ ഉന്നതനിലവാരമുള്ള അക്കാദമിക് പരിശീലനവും ഈ കേന്ദ്രം നൽകിവരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img