
കണ്ണൂർ: റിജിത്ത് കൊലക്കേസിൽ ഒമ്പത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. 20 വർഷം മുമ്പ് കണ്ണപുരം ചുണ്ടയിൽ സി.പി.എം പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രാദേശിക ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ഹൈവേ അനിൽ, പുതിയപുരയിൽ അജീന്ദ്രൻ, തെക്കേവീട്ടിൽ ഭാസ്കരൻ, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തിൽ മരിച്ചു. ഇവർ എല്ലാവരും കുറ്റക്കാരാണെന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
2005 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമൽ, വികാസ്, സജീവൻ എന്നിവർക്കൊപ്പം വീട്ടിലേക്ക് നടന്നുപോകവെയാണ് റിജിത്ത് കൊല്ലപ്പെടുന്നത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണത്തിൽ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സി.പി.എം. പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. വടിവാൾകൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോൾ തടയാൻചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു











