01:14am 20 November 2026
NEWS
പിഎസ്‌സി, ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ; മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം; അതൃപ്തി പരസ്യമാക്കി മന്ത്രിമാർ
18/11/2026  03:09 PM IST
nila
പിഎസ്‌സി, ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ; മന്ത്രിസഭയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം; അതൃപ്തി പരസ്യമാക്കി മന്ത്രിമാർ

 

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ ദിവസങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ മന്ത്രിസഭാ യോഗത്തിലും പ്രതിഫലിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫും മന്ത്രി എ.പി. അനിൽകുമാറും രൂക്ഷമായ വിമർശനം ഉന്നയിച്ചതായാണ് വിവരം. അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോഴാണ് മന്ത്രിസഭയ്ക്കുള്ളിൽ അസാധാരണമായ രീതിയിൽ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായത്.

അഞ്ച് പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് യോഗത്തിൽ തർക്കം തുടങ്ങിയത്. യാതൊരു കൂടിയാലോചനയും നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റ് കൂടിയായ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. നിയമനങ്ങൾ അടിയന്തരമായി നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും മന്ത്രിമാരുടെ അതൃപ്തിക്ക് പരിഹാരമായില്ല.

ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിലും സമാനമായ രീതിയാണ് സ്വീകരിച്ചതെന്ന് അനിൽകുമാർ ആരോപിച്ചു. ആരുമായും ചർച്ച ചെയ്യാതെ അംഗങ്ങളെ നിശ്ചയിച്ച് ഫയൽ ഒപ്പിടാനായി അയച്ചുവെന്നായിരുന്നു വിമർശനം. നിയമിക്കപ്പെട്ട അംഗങ്ങളുടെ കാര്യത്തിൽ എതിർപ്പില്ലെന്നും എന്നാൽ പ്രധാന തീരുമാനങ്ങളിൽ മന്ത്രിമാരുമായി കൂടിയാലോചിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. പട്ടിക തയ്യാറാക്കിയത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷമാണെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തന്നെയും അറിയിക്കാതിരുന്നതിലുള്ള അതൃപ്തി സണ്ണി ജോസഫും പ്രകടിപ്പിച്ചു.

ഒടുവിൽ ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കിടയിൽ സമവായത്തിലെത്തി. ഭാവിയിൽ ഇത്തരം നിയമനങ്ങളിൽ ഒഴിവുകൾ ഉണ്ടാകുമ്പോൾ വിശദമായ കൂടിയാലോചന നടത്താമെന്ന ധാരണയിലാണ് ഫയലുകളിൽ ഒപ്പുവച്ചത്. കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മന്ത്രിസഭാ തലത്തിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് യോഗത്തിലെ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img