04:41am 14 September 2026
NEWS
അന്ന് അപ്പക്കച്ചവടം, ഇന്ന് എ.ഐ; പരിഹാസ്യമാകുന്ന രാഷ്ട്രീയ പ്രതിരോധങ്ങൾ
30/12/2025  12:00 PM IST
സുരേഷ് വണ്ടന്നൂർ
അന്ന് അപ്പക്കച്ചവടം, ഇന്ന് എ.ഐ; പരിഹാസ്യമാകുന്ന രാഷ്ട്രീയ പ്രതിരോധങ്ങൾ

​തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളെ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ തലയിൽ കെട്ടിവെച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകൾ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ ചർച്ചയാവുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ ആളില്ലാ കസേരകളുടെ ചിത്രം മാധ്യമങ്ങൾ പുറത്തുവിട്ടപ്പോൾ അത് എ.ഐ ചിത്രങ്ങളാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വാദം. സമാനമായി, ശബരിമലയിൽ നിന്ന് കട്ടിളയും കഴിക്കോലും ദ്വാരപാലകരുമടക്കം ചുമന്നു മാറ്റിയെന്ന് പറയപ്പെടുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴും ഗോവിന്ദൻ മാഷ് അതിനെ എ.ഐ ചിത്രമായി ചിത്രീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട ചില ദൃശ്യങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ച് നിൽക്കുന്നതായി കണ്ടതോടെ ഗോവിന്ദൻ മാഷിന്റെ വാദങ്ങൾ പരിഹാസത്തിന് പാത്രമായി.

​1972-ൽ പുറത്തിറങ്ങിയ 'സംഭവാമി യുഗേയുഗേ' എന്ന സിനിമയിലെ 'എല്ലാം മായാജാലം' എന്ന ഗാനത്തിലെ വരികൾ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവങ്ങളെന്ന് കുറിപ്പിൽ പറയുന്നു. ദീർഘദർശിയായി ഇതെല്ലാം ഗോവിന്ദൻ മാഷ് എങ്ങനെ പ്രവചിക്കുന്നുവെന്ന് ആരും അത്ഭുതപ്പെടേണ്ടതില്ലെന്നും, സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പവുമായി പോയി തിരികെ ഉച്ചഭക്ഷണം കഴിക്കാൻ കഴിയുന്ന കുടുംബശ്രീ വനിതകളുടെ സ്വപ്നതുല്യമായ ജീവിത പുരോഗതി അദ്ദേഹം വിവരിച്ചത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഈ 'മഹദ് വചനങ്ങൾ' ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. അതുല്യ ചലച്ചിത്ര കലാകാരനായ ശ്രീനിവാസന് പോലും ഇത്തരമൊരു തിരക്കഥ തയ്യാറാക്കാനായിട്ടുണ്ടോ എന്ന് സംശയമാണെന്നും കുറിപ്പ് പരിഹസിക്കുന്നു.

​ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കെ.പി.സി.സി ഭാരവാഹിക്കെതിരെ കേസെടുത്തതും, പ്രചരിച്ചത് എ.ഐ ഫോട്ടോയാണെന്ന് ഗോവിന്ദൻ മാഷ് ആവർത്തിച്ചതും വിമർശനത്തിന് ഇടയാക്കി. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ, നിയമനടപടികളിലേക്ക് കടക്കും മുമ്പ് വസ്തുതകൾ മനസ്സിലാക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട നേതാക്കളാണെന്നും കുറിപ്പ് ഓർമ്മിപ്പിക്കുന്നു.

​രണ്ടാം പിണറായി സർക്കാരിന്റെ നവകേരള സദസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ നടന്ന രക്ഷാപ്രവർത്തനവും കുറിപ്പിൽ പരാമർശവിഷയമാണ്. കെ.എസ്.യു ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഹെൽമറ്റ് ഉപയോഗിച്ച് നടത്തിയ ശ്രമങ്ങൾ ചാനലുകൾ ആഘോഷിച്ചിരുന്നു. അന്നും കേസുകൾ എടുത്തിരുന്നുവെന്നും, എന്നാൽ അന്ന് ആരും ചിത്രങ്ങളെ എ.ഐ സൃഷ്ടിയെന്ന് പറഞ്ഞില്ലെന്നും കുറിപ്പ് പറയുന്നു. പഴയ വിളനിലം സമരവും ടി.പി. ശ്രീനിവാസന് അടിയേറ്റ സംഭവവുമെല്ലാം മാധ്യമങ്ങളിൽ ചിത്രങ്ങളായി വന്നിട്ടും ആരും അന്ന് എ.ഐ വിദ്യയെക്കുറിച്ച് പറഞ്ഞുകേട്ടില്ല.

​സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ വിഷയങ്ങളുടെ നേർക്കാഴ്ചകൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ അതെല്ലാം എ.ഐ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ ബുദ്ധിമാന്മാരാക്കുമോ അതോ പരിഹാസ്യരാക്കുമോ എന്ന് സ്വയം ചിന്തിക്കണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു. "എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട്" എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, മങ്ങിയ കാഴ്ചകൾ കണ്ടുമടുക്കാൻ ജനങ്ങൾക്ക് കണ്ണട വേണ്ടെന്നും മനസ്സിന്റെ ഉൾക്കാഴ്ച മതിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img