01:54am 24 July 2026
NEWS
സിജെപിയുടെ പ്രതിഷേധത്തിനിടെ പൊലീസ് വാൻ തടഞ്ഞ ആ യുവതി ആരെന്നറിയേണ്ടേ..?
23/07/2026  12:56 PM IST
nila
സിജെപിയുടെ പ്രതിഷേധത്തിനിടെ പൊലീസ് വാൻ തടഞ്ഞ ആ യുവതി ആരെന്നറിയേണ്ടേ..?

മുംബൈ: ഡൽഹിയിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ഒരു യുവതിയുടെ ധീരനടപടി സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നു. മഴ പെയ്യുന്നതിനിടെ അറസ്റ്റിലായ സമരക്കാരെ കൊണ്ടുപോയ പോലീസ് വാനിന് മുന്നിൽ കയറി നിന്ന് വാഹനം തടഞ്ഞ നടിയും മോഡലുമായ റിയ യാദവ് പ്രതിഷേധത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ഹുഡിയും തൊപ്പിയും ധരിച്ച് മഴയെ അവഗണിച്ച് റോഡിലിറങ്ങിയ റിയ പോലീസ് വാനിന് മുന്നിൽ നിന്നു. വാഹനത്തിൽ കൈയൂന്നി നിന്ന് 'ആസാദി' മുദ്രാവാക്യം മുഴക്കിയതോടെ പ്രതിഷേധക്കാർ ഒന്നടങ്കം മുദ്രാവാക്യങ്ങളുമായി പിന്തുണ അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി.

റിയയുടെ ഇടപെടലിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ചില സമരക്കാരെ മോചിപ്പിക്കാൻ സാഹചര്യമൊരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. താൻ വിദ്യാർഥിയല്ലെങ്കിലും വിദ്യാർഥികളുടെ പോരാട്ടത്തിനൊപ്പം നിൽക്കാനാണ് എത്തിയതെന്ന് റിയ പ്രതികരിച്ചു. "പോലീസ് സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കിൽ പൗരന്മാരെന്ന നിലയിൽ ആ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കും," എന്ന് റിയ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ വിദ്യാർഥികൾക്കെതിരെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തിയ നടപടിയെയും റിയ ശക്തമായി വിമർശിച്ചു.

സമൂഹമാധ്യമങ്ങളിൽ റിയയ്ക്ക് അഭിനന്ദന പ്രവാഹമാണ്. നിരവധി പേർ റിയയെ "ഈ സമരത്തിന്റെ ഹീറോ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു ലക്ഷം ഫോളോവേഴ്സുള്ള റിയ സംഗീത വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. 'ദിൽബര' എന്ന മ്യൂസിക് വീഡിയോയിൽ അവസാനമായി പ്രത്യക്ഷപ്പെട്ട റിയ, 'റിയാസത്ത്' എന്ന ബ്രാൻഡിന്റെ ഉടമകൂടിയാണ്.

മുംബൈയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി കൊമേഡിയൻ രോഹൻ ജോഷിയും രംഗത്തെത്തി. "മുംബൈയിലെ യുവാക്കൾ ഇന്ന് രോഷത്തോടെയെങ്കിലും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ആക്രമിക്കപ്പെട്ടു, കസ്റ്റഡിയിലെടുത്തു, എങ്കിലും അവർ തങ്ങളുടെ അവകാശത്തിനായി അന്തസ്സോടെ നിലകൊണ്ടു," എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഡൽഹിയിലെ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേന ഭവൻ എന്നിവിടങ്ങളിലായി തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധങ്ങൾ നടന്നു. ജൂലൈ 18 മുതൽ 22 വരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 400 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img