02:03am 22 November 2026
NEWS
സൂര്യ ചിത്രത്തിലേക്ക് റിയ ഷിബു; അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷമെന്ന് റിപ്പോർട്ട്


21/11/2026  08:23 AM IST
സുരേഷ് വണ്ടന്നൂർ
സൂര്യ ചിത്രത്തിലേക്ക് റിയ ഷിബു; അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷമെന്ന് റിപ്പോർട്ട്

 

 

സൂര്യയെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളി താരം റിയ ഷിബു അഭിനയിക്കുമെന്ന് വിവരം. ‘സൂര്യ 49’ എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം രവിതേജ പ്രതിനായകനായി എത്തുമെന്നും റിപ്പോർട്ടുണ്ട്. താരനിര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
സൂര്യയുടെ ഴഗരം സ്റ്റുഡിയോസിന്റെ സഹകരണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴിലെ ഒരു പ്രമുഖ നിർമാണ ബാനറും പങ്കാളിയാകുമെന്നാണ് വിവരം. ‘ക്യാപ്റ്റൻ മില്ലർ’, ‘ഡിസി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ചിയാൻ വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പവർഹൗസി’ൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയാണ് റിയ. റിയയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണിത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി. ജി. ത്യാഗരാജൻ നിർമിക്കുന്ന ചിത്രത്തിൽ ഉർവശിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിലെ ‘ഡെലൂലു’ എന്ന കഥാപാത്രത്തിലൂടെയാണ് റിയ പ്രേക്ഷകശ്രദ്ധ നേടിയത്. അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായ റിയ, വിക്രം നായകനായ ‘വീരധീര ശൂരൻ പാർട്ട് 2’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്.
സൂര്യ ചിത്രത്തിലെ പങ്കാളിത്തം സ്ഥിരീകരിക്കപ്പെട്ടാൽ, തമിഴിൽ റിയയ്ക്ക് ലഭിക്കുന്ന മറ്റൊരു ശ്രദ്ധേയ അവസരമാകും ഇത്.


 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img