10:06pm 30 April 2026
NEWS
ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

20/01/2025  03:21 PM IST
nila
ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതി സഞ്ജയ് റോയി  ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും 50000 രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി.  പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാർ നഷ്ടപരിഹാരമായി 17 ലക്ഷം രൂപ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ, നഷ്ടപരിഹാരമായി പണം ആവശ്യമില്ലെന്ന് കുടുംബം വ്യക്തമാക്കി. 

അപൂർവങ്ങളിൽ അപൂർവമായ കേസെന്ന വാദം തള്ളിയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്നും ഇയാൾ ആവർത്തിച്ചു. പൊലീസ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു. 

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകൻറെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി. 

അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂ‍‍ർവങ്ങളിൽ അപൂ‍ർവമായ കേസല്ലെന്നും പ്രതിഭാ​ഗം വാദിച്ചു. തനിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img