
ദോഹ :കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ നിന്നും മടങ്ങി.
ഒക്ടോബർ 5 മുതൽ 7 വരെ നീണ്ടുനിന്ന സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനിയുമായി കൂടിക്കാഴ്ചനടത്തി.ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗോയൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ കൈമാറി. ഇരുപക്ഷവും വ്യാപാര–നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. ഖത്തർ വാണിജ്യ–വ്യവസായ മന്ത്രിയായ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി ചേർന്ന് ഇന്ത്യ–ഖത്തർ സംയുക്ത സാമ്പത്തിക, വാണിജ്യ കമ്മീഷൻ യോഗത്തിൽ കേന്ദ്ര മന്ത്രി അദ്ധ്യക്ഷത വഹിച്ചു. ഇരുവരും ചേർന്ന് ഖത്തർ ചേംബർ–ഫിക്കി (FICCI) സംയുക്തമായി രൂപീകരിച്ച ജോയിന്റ് ബിസിനസ് കൗൺസിൽ (JBC) യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സന്ദർശന വേളയിൽ ഗോയൽ, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണറും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ താനിയുമായും കൂടിക്കാഴ്ച നടത്തി. ഖത്തർ എയർവേയ്‌സ്, ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ ഡെവലപ്മെന്റ് ബാങ്ക്, ഫ്രീ സോൺ അതോറിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ അവലോകനം ചെയ്തു.
ഖത്തർ ബിസിനസ്മെൻ അസോസിയേഷൻ (QBA) സംഘടിപ്പിച്ച ഉച്ചവിരുന്നിലും ജോയിന്റ് ബിസിനസ് കൗൺസിൽ യോഗത്തിലുംപങ്കെടുത്തm അദ്ദേഹം ഖത്തറി വ്യവസായികളുമായി ആശയവിനിമയം നടത്തി.
2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുക, FTA (സ്വതന്ത്ര വ്യാപാര കരാർ) സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ധാരണയായി. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (QIA) സിഇഒയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ നിക്ഷേപാവസരങ്ങൾ കേന്ദ്ര മന്ത്രി വിശദീകരിച്ചു.
ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ലക്ഷ്യമാക്കിയുള്ള അവലോകനവും നടന്നു.
ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയിൽ ഓഫീസ് തുറക്കും. സന്ദർശനത്തിന്റെ ഭാഗമായി ഗോയൽ, ഖത്തറിലെ ഇന്ത്യൻ ബിസിനസ് പ്രതിനിധികളെയും പ്രവാസി സമൂഹാംഗങ്ങളെയും അഭിസംബോധന ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഇന്ത്യയുടെ UPI പേയ്‌മെന്റ് സംവിധാനത്തിന്റെ ഖത്തർ ലോഞ്ച് ചടങ്ങിലും പങ്കെടുത്തു.
ഗോയലിനൊപ്പം FICCI, CII, ASSOCHAM എന്നിവയുടെ ബിസിനസ് പ്രതിനിധികൾ ഉൾപ്പെട്ട സംഘവും പങ്കെടുത്തു. ഖത്തറിലെ പ്രമുഖസാമ്പത്തിക–വ്യവസായ സ്ഥാപനങ്ങളുമായും സംഘം ചർച്ചകൾ നടത്തി ഉത്പാദനം, സാങ്കേതികവിദ്യ, നവോത്ഥാനം തുടങ്ങിയ മേഖലകളിൽ സഹകരണം ആസൂത്രണം ചെയ്തു.
സന്ദർശനം ഇന്ത്യ–ഖത്തർ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് മേഖലയിൽ പുതിയ കൂട്ടുകെട്ടുകൾക്ക് വഴിയൊരുക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.











