07:28pm 06 November 2026
NEWS
തലതിരിഞ്ഞ നടപടികൾ; യൂണിവേഴ്‌സിറ്റികളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന ട്രംപ് ഭരണകൂടം
12/05/2025  05:34 AM IST
അഡ്വ.ജി.സുഗുണൻ
തലതിരിഞ്ഞ നടപടികൾ; യൂണിവേഴ്‌സിറ്റികളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന ട്രംപ് ഭരണകൂടം

ഡൊണാൾഡ് ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭ്രാന്തൻ ഭരണനടപടികൾ ഓരോന്നായി നടപ്പിലാക്കിക്കൊ ണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിറുത്തി വച്ചതും, നാസയ്ക്ക് നൽകേണ്ട ഫണ്ടിൽ ഗണ്യമായ കുറവ് വരുത്തിയതുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നീതീകരണമില്ലാത്ത ഇറക്കുമതി ചുങ്കത്തിന്റെ വർദ്ധിപ്പിക്കൽ മൂലം ലോകത്തെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളുടേയും എതിർപ്പ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റുവാങ്ങുകയാണ്. ഇറക്കുമതി ചുങ്കവർദ്ധനവ് ചൈനയ്ക്ക് നേരെ മാത്രമല്ല മറ്റ് പല രാജ്യങ്ങളേയും ലക്ഷ്യം വച്ച് കൊണ്ടുള്ളതാണ്. യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും ട്രംപിന്റെ നീതീകരണമില്ലാത്ത ഇറക്കുമതി ചുങ്ക വർദ്ധനവിനെതിരായ പ്രതിഷേധത്തിലാണ്. ഈ പ്രശ്‌നം ലോകരാഷ്ട്രീയത്തിൽ തന്നെ ഏതാണ്ട് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. 

ട്രംപിന്റെ അനാവശ്യമായ കടന്നുകയറ്റം ആ രാജ്യത്തെ സർവ്വകലാശാലകൾക്കു നേരെയും തുടങ്ങിവച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രമുഖവും നീണ്ടകാലത്തെ പാരമ്പര്യവും ഉള്ള ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെ വരിഞ്ഞ് മുറുക്കുവാനും കഴുത്തു ഞെരിച്ചു കൊല്ലാനുമുള്ള നീക്കമാണ് യു.എസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി, ബ്രൗൺ യൂണിവേഴ്‌സിറ്റി, പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സർവ്വകലാശാലകൾക്കു നേരെയും ട്രംപ് കൊലക്കത്തി ഉയർത്തിയിരിക്കുകയാണ്. 

ഹാർവാർഡ് യൂണിവേഴ്‌സിറ്റിക്കുള്ള സാമ്പത്തിക സഹായം ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചത് ലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ട് മില്യൻ ഡോളറിന്റെ ഫെഡറൽ ഫണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഭരണ നിർവ്വഹണത്തിൽ വൈറ്റ്ഹൗസ് ഇടപെടൽ അനുവദിക്കാതിരുന്നതിന്റെ പ്രതികാരമാണ് ഈ നടപടിക്ക് കാരണം. യൂണിവേഴ്‌സിറ്റിക്കുള്ളിലെ ജൂതവിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങൾ അവസാനിപ്പിക്കണം, കാമ്പസിനകത്ത് വൈവിദ്ധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ നിർത്തലാക്കണം എന്നതടക്കമുള്ള സർക്കാരിന്റെ ഉത്തരവുകൾ യൂണിവേഴ്‌സിറ്റി പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ ഈ യൂണിവേഴ്‌സിറ്റിക്കുണ്ടായിരുന്ന ഇൻകംടാക്‌സ് ഇളവും ഫെഡറൽ സർക്കാർ പിൻവലിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയെ ഞെരിച്ചു കൊല്ലാൻതന്നെയാണ് ട്രംപ് ഒരുമ്പെട്ടിരിക്കുന്നത്. 

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭണങ്ങൾ തടയണമെന്നും, പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പറഞ്ഞ് വിടണമെന്നും അടക്കമുള്ള പരിഷ്‌ക്കരണങ്ങൾ സർവ്വകലാശാല നിയമാവലിയിൽ വരുത്തണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനത്തിലും ഇടപെടൽ തുടങ്ങിയതോടെ യൂണിവേഴ്‌സിറ്റി എതിർപ്പ് അറിയിക്കുകയായിരുന്നു. സർക്കാർ ഏകാധിപത്യം അംഗീകരിക്കുകയില്ലെന്നാണ് യൂണിവേഴ്‌സിറ്റിയുടെ നിലപാട്. പ്രസിഡന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ വലിയ പ്രകടനങ്ങൾ നടക്കുകയും ചെയ്തു. 

സർവ്വകലാശാലയുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ കൈ കടത്തുകയാന്നെും, ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ട് ഹാർഡ്‌വാർഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അലർഗാർബർ വിദ്യാഭ്യാസ വകുപ്പിന് കത്ത് അയച്ചിരുന്നു. അതിന് പിന്നാലെയാണ് യൂണിവേഴ്‌സിറ്റിക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വന്നത്. അധികാരത്തിലുള്ള ഏത് രാഷ്ട്രീയ പ്പാർട്ടിയാണെങ്കിലും അവർ സ്വകാര്യ സർവ്വകലാശാലകൾ എന്തു പഠിപ്പിക്കണം, ആരെ ജോലിക്ക് വെക്കണം, ഏതൊക്കെ പഠന മേഖലകൾ ഉൾപ്പെടുത്തണം എന്നീ വിഷയങ്ങളിൽ ഇടപെടരുത്. ആ രാജ്യത്തെ പൗരാവകാശ നിയമ പ്രകാരം ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല.  ഹാർവാർഡിൽ നടക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് അലർഗാർബർ പറഞ്ഞു. 

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ വലിയ സമ്മർദ്ദത്തിലായ നിരവധി സർവ്വകലാശാലകളിൽ ഒന്നാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റി. പെൻസിൽ വാനിയ, ബ്രൗൺ, പ്രിൻസ്റ്റൻ തുടങ്ങിയ സർവ്വകലാശാലയ്ക്കുള്ള സാമ്പത്തിക സഹായവും യു.എസ് വിദ്യാഭ്യാസ വകുപ്പ് താൽക്കാലികമായി നിർത്തി വച്ചിരുന്നു. 

അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന യൂണിവേഴ്‌സിറ്റിയാണ് ഹാർവാർഡ്. ഈ യൂണിവേഴ്‌സിറ്റിയുടെ വൈവിദ്ധ്യവൽക്കരണ പരിപാടികൾ തടഞ്ഞുവെക്കാൻ എന്ത് അധികാരമാണ് സർക്കാരിനുള്ളതെന്ന് സർവ്വകലാശാല അധികൃതർ ചോദിക്കുന്നു. സർവ്വകലാശാലയുടെ അക്കാഡമിക് സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ഇവർക്ക് അധികാരമില്ല. അഭിപ്രായ സ്വാതന്ത്ര്യം സർവ്വകലാ ശാലകൾക്കും അതിലെ വിദ്യാർത്ഥികൾക്കുമുള്ള മൗലികമായ അവകാശമാണ്. ഇതിനു നേരെ ഭരണകൂടം കൊലക്കത്തി ഉയർത്തുന്നുന്നതിന് എന്ത് നീതീകരണമാണ് ഉള്ളതെന്ന് അദ്ധ്യാപകരടക്കം പലരും ചോദ്യം ഉയർത്തിയിട്ടുണ്ട്. 

ഇസ്രയേൽ-ഗാസ യുദ്ധത്തെ തുടർന്ന് വലിയ പ്രക്ഷോഭണങ്ങൾ ലോകത്തൊട്ടാകെ നടന്നതിന്റെ ഭാഗമായി അമേരിക്കൻ യൂണിവേഴ്‌സിറ്റികളിലും വിദ്യാർത്ഥി പ്രകടനങ്ങൾ നടന്നിട്ടുണ്ട്. ഈ പ്രകടനങ്ങൾ ജൂതവിദ്യാർത്ഥികളെ ആക്ഷേപിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്നാണ് സർക്കാരിന്റെ ഭാക്ഷ്യം. പ്രകടനത്തിന്റെ പേരിൽ വിദ്യാർത്ഥികളും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയും മാപ്പ് പറയണമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. ഇസ്രയേൽ ഭരണകൂടത്തിന്റെ മനുഷ്യക്കുരുതിക്ക് എതിരായ പ്രകടനങ്ങൾ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും ഇതാണ് ഉണ്ടായത്. 

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയതിന് പല വിദ്യാർത്ഥികളും ഇതിനകം അറസ്റ്റ് ചെയ്യപ്പെടുകയും, ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു. പാലസ്തീനിൽ നിന്നുള്ള വിദ്യാർത്ഥിയായ മൊഹ്‌സൻ മെഹ്ദാവിയെ വളരെ നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടച്ചിരുന്നു. ടഫ്റ്റസ് യൂണിവേഴ്‌സിറ്റിയിലെ റുമയ്‌സ, ദാസ്ടർക് എന്നിവർ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാക്രോറൂബിയ പറഞ്ഞത് 300 ന് പുറത്ത് വിദേശ വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റികളിൽ നിന്ന് പുറത്താക്കുമെന്നാണ്. പാലസ്തീൻ വിദ്യാർത്ഥികൾ മുതലുള്ള വിദേശ വിദ്യാർത്ഥികളെ നീതീകരണമില്ലാതെയാണ് അറസ്റ്റ് ചെയ്ത് തടവിലാക്കി യിട്ടുള്ളതെന്നാണ് വെർമൗണ്ട് സെനറ്റർബർണി സാർഡേയ്‌സ് പറഞ്ഞത്. ഇതെല്ലാം നിയമവിരുദ്ധമായ അറസ്റ്റുകളാണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. 

സർവ്വകലാശാലകളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുവാനുള്ള ഹീനമായ നീക്കങ്ങൾ ലോകത്തിലെ വിവിധ ഭരണാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്നു ണ്ടു. അമേരിക്കയിലും, യൂറോപ്പിലെ ചില രാജ്യങ്ങളിലുമെല്ലാം ഇതു കാണാൻ കഴിയും. ഇന്ത്യാമഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം ഗവർണർമാരെ ഉപയോഗിച്ചു കൊണ്ട് യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് സാർവ്വത്രികമായി നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലുകൾ പോലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ       നീക്കത്തിനെതിരായി ഉണ്ടായിട്ടുള്ളതുമാണ്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ സ്വയംഭരണാവകാശം കവർന്നെടുക്കുന്നതിനും, ഈ കലാശാലയെ യുഎസ് സർക്കാരിന്റെ കളിപ്പാവയായി മാറ്റാനുമുള്ള ഹീനമായ നീക്കത്തിനെതിരായി ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഇന്ന് ലോകത്തൊട്ടാകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന് വന്നിട്ടുള്ളത്.

(ലേഖകൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമാണ്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img