12:26am 18 October 2026
NEWS
സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത് 11000 പട്ടയങ്ങൾ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ
17/10/2026  08:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത് 11000 പട്ടയങ്ങൾ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ
HIGHLIGHTS

എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും പട്ടയ വിതരണവും മന്ത്രി എ പി അനിൽകുമാർ നിർവഹിക്കുന്നു. കൗൺസിലർമാരായ കെ എക്സ് ഫ്രാൻസിസ്, ആന്റണി പൈനുതറ, എ ഡി എം കെ മനോജ്‌, മേയർ വി കെ മിനിമോൾ,ടി ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ ജി പ്രിയങ്ക, കൗൺസിലർ കെ വി പി കൃഷ്ണകുമാർ തുടങ്ങിയവർ സമീപം

* എറണാകുളം സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

* പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്ക് പട്ടയം വിതരണം ചെയ്തു

സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5000 പട്ടയങ്ങൾക്ക് പകരം 100 ദിവസം കൊണ്ട് 11000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചുവെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. എറണാകുളത്ത് നിർമാണം പൂർത്തീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്കുള്ള പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്.  100 ദിവസം കൊണ്ട് 25000-ത്തോളം അപേക്ഷകൾ  പരിഗണിക്കാനാണ് തീരുമാനിച്ചതെങ്കിലും 51000 പരാതികൾ പരിഹരിക്കാൻ സാധിച്ചു. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് പട്ടയങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകും. 

സർക്കാർ ഓഫീസുകൾ സ്മാർട്ട് ആവുക എന്നാൽ  അതിന്റെ ഗുണം അവിടെ നിന്ന് സേവനങ്ങൾ ലഭിക്കുന്ന ജനങ്ങൾക്കാണ്. ജനങ്ങൾക്ക് ഇവിടങ്ങളിൽ അടിസ്‌ഥാന സൗകര്യം ഉണ്ടാവേണ്ടത് അനിവാര്യമായതുകൊണ്ടാണ് എല്ലാ വില്ലേജുകളും സ്മാർട്ട് വില്ലേജ് ആക്കി മാറ്റുവാൻ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഒരു വർഷം കൊണ്ട് ഇത്തരത്തിലുള്ള മുഴുവൻ പരാതികളും പരിഹരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

ജീവനക്കാർക്ക് സർക്കാർ നൽകുന്ന പിന്തുണയുടെ ഫലം കിട്ടേണ്ടത് ജനങ്ങൾക്കാണ്. ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകരുത്. ഓഫീസുകളിലെത്തുന്ന ജനങ്ങളോട് മാന്യമായി പെരുമാറാനും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം വകുപ്പ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ. ഏതൊരു അടിയന്തര സാഹചര്യങ്ങളിലും  ഓടിയെത്തേണ്ടവരാണ് വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയ ഉദ്യോഗസ്ഥർ. അവർ നേരിട്ടിരുന്ന വാഹന അസൗകര്യം പരിഹരിക്കാനായി കഴിഞ്ഞ മന്ത്രി സഭയിൽ 152 വാഹനങ്ങൾ അനുവദിച്ചു.  ജില്ലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കേണ്ടത് ജില്ലാ കളക്ടർമാരായതിനാൽ വിവിധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലാകളക്ടർക്കും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.  ചടങ്ങിൽ വില്ലേജ് പാരഡൈസ് നഗർ 24 മുറി കോളനിയിലെ 40 കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും നടന്നു. 

ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷനായി. കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക , നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആൻ്റണി പൈനുതറ, കൗൺസിലർമാരായ കെ വി പി കൃഷ്ണകുമാർ, അഗസ്റ്റിൻ സെബാസ്റ്റ്യൻ, ആൽബർട്ട് അമ്പലത്തിങ്കൽ, കെ എക്സ് ഫ്രാൻസിസ്, അജിത് കുമാർ, ഡോ. ജലജ എസ് ആചാര്യ, അരിസ്റ്റോട്ടിൽ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img