
ഹൈദരാബാദ്: ഹിന്ദുദൈവങ്ങളേക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമാകുന്നു. ഹിന്ദുമതത്തിലെ ബഹുദൈവാരാധനയെ വിമർശിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപിയും ബിആർഎസും രംഗത്തെത്തി. രേവന്ത് റെഡ്ഡി മാപ്പു പറയണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
‘എത്ര ദൈവങ്ങളിലാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത്? മൂന്നുകോടിയുണ്ടോ? എന്തുകൊണ്ടാണ് ഇത്രയധികം ദൈവങ്ങൾ നിലകൊള്ളുന്നത്? അവിവാഹിതരായവർക്ക് ഒരു ദൈവമുണ്ട്- ഹനുമാൻ. രണ്ടുവട്ടം വിവാഹം കഴിക്കുന്നവർക്കായി മറ്റൊരു ദൈവമുണ്ട്. മദ്യപിക്കുന്നവർക്കു വേണ്ടി മറ്റൊരു ദൈവവമുണ്ട്. കോഴിയെ ബലികൊടുക്കാൻ ഒരെണ്ണം. ചോറിനും പരിപ്പിനും വേറൊരെണ്ണം. എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ ദൈവമുണ്ട്’, എന്നായിരുന്നു രേവന്തിന്റെ വാക്കുകൾ.
പരാമർശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ രേവന്ത് റെഡ്ഡി ഹൈന്ദവ വിശ്വാസങ്ങളെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന വിമർശനമാണ് ബിജെപിയും ആർഎസ്എസും ഉന്നയിച്ചത്. കോൺഗ്രസിനും രേവന്ത് റെഡ്ഡിക്കും നാണമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.










