10:30am 13 November 2026
NEWS
കേസിൽപ്പെട്ട ആക്രി ബിസിനസ്സുകാരൻ്റെ സ്ഥാപനത്തിൽ റിട്ട. പോലീസുകാരന് 24 മണിക്കൂറിനകം നിയമനം പോലീസ് വകുപ്പിൽ വിവാദം മുറുകുന്നു
03/05/2025  06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേസിൽപ്പെട്ട ആക്രി ബിസിനസ്സുകാരൻ്റെ സ്ഥാപനത്തിൽ റിട്ട. പോലീസുകാരന് 24 മണിക്കൂറിനകം നിയമനം പോലീസ് വകുപ്പിൽ വിവാദം മുറുകുന്നു
HIGHLIGHTS

ആക്രി ബിസിനസ്സുകാരൻ ജൂബിൻ്റെ തിരുവാലിയിലെ ഓഫീസിൽ മാനേജർ കം ലീഗൽ അഡ്വൈസറായി ചുമതലയേറ്റ റിട്ട. ഗ്രേഡ് എസ്.ഐ ബഷീർ. ജൂബിനെതിരെ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ എഫ്.ഐ.ആർ.

കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കേസിൽപ്പെട്ട് കിടക്കുന്ന കാലപ്പഴക്കമുള്ള വാഹനങ്ങൾ അനധികൃതമായി കടത്തിക്കൊണ്ട് പോയി പൊളിച്ച് വിറ്റതിന് പ്രതി ചേർക്കപ്പെട്ടയാളുടെ സ്ഥാപനത്തിൽ  സർവീസിൽ നിന്ന് വിരമിച്ച സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മലപ്പുറം യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥന് 24 മണിക്കൂറിനകം മാനേ ജരായി നിയമനം ലഭിച്ചത് വിവാദമാകുന്നു.സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് കഴിഞ്ഞ മാസം വിരമിച്ച ഗ്രേഡ് എസ്.ഐ ബഷീറാണ് ആക്രി ബിസിനസ്സുകാരനായ മലപ്പുറം തിരുവാലി പത്തിരിയാൽ സ്വദേശി ജൂബിൻ്റെ സ്ഥാപനത്തിൽ മാനേജർ കം ലീഗൽ അഡ്വൈസറായി നിയമിതനായത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെയും ഉപയോഗശൂന്യമായും കിടക്കുന്ന വാഹനങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കി പൊളിക്കുന്നവരിൽ പ്രമുഖനാണ് ഇയാൾ .ഇതിൻ്റെ മറവിൽ അനധികൃതമായി വാഹനങ്ങൾ കടത്തിയതിന് 2023 ഏപ്രിൽ 29ന് നിലമ്പൂർ പോലീസ് ജൂബിനെ പ്രതിയാക്കി കേസെടുത്തിരുന്നു. കേസിൻ്റെ തുടരന്വേഷണത്തിൽ ജൂബിൻ നടത്തിയ അവിഹിത  ഇടപെടലുകളെത്തുടർന്ന് വേണ്ടത്ര തെളിവുകൾ ശേഖരിക്കാതെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മലപ്പുറം ജില്ലാ പോലീസ് മേധാവി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 ജൂബിൻ്റെ തിരുവാലിയിലെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച റിട്ട. ഗ്രേഡ് എസ്.ഐ ബഷീർ സർവീസിലിരിക്കെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥനാണ്. മുസ്ലീം തീവ്രവാദ വാട്സാപ്പ് കൂട്ടായ്മയിൽ അംഗങ്ങളെ ചേർത്തെന്ന ആരോപണത്തിലാണ് വകുപ്പ്തല അന്വേഷണം നേരിട്ടത്. ഇപ്പോൾ നിലമ്പൂർ ഡി.വൈ.എസ്.പിയായ സാജു കെ എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന് ക്ലീൻ ചിറ്റ് കിട്ടിയത്. ഇക്കാര്യത്തിലും ഒട്ടേറെ സംശയങ്ങൾ ഉയർന്നിരുന്നു. സാജു കെ എബ്രഹാമിന് നിലമ്പൂർ സബ് ഡിവിഷനിൽ രണ്ടാമതും നിയമനം ലഭിച്ചത് സി.പി.എം പ്രവർത്തകൻ കൂടിയായ ജൂബിൻ്റെ സ്വാധീനം മൂലമാണെന്നാണ് പിന്നാമ്പുറ സംസാരം. പോലീസും അഴിമതിക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണ് തുടരന്വേഷണം നേരിടുന്ന ജൂബിൻ്റെ ഓഫീസിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥന് 24 മണിക്കൂറിനകം നിയമനം കിട്ടിയതിന് പിന്നിലെന്ന ആരോപണം  പോലീസ് സേനയിൽ ശക്തമാണ്. ബഷീറിനെ കേരള സർവീസ് ചട്ടങ്ങൾക്ക് അനുസൃതമായ നടപടികൾക്ക് വിധേയമാക്കണമെന്ന ആവശ്യം പോലീസുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img