05:42pm 24 April 2026
NEWS
കൊല്ലത്തെ ഈ ചെരുപ്പുകുത്തി നിസ്സാരക്കാരനല്ല; മുൻ കെഎസ്ഇബി ഉദ്യോ​ഗസ്ഥന്റെ ജീവിത കഥ ഇങ്ങനെ..
24/04/2026  08:31 AM IST
nila
കൊല്ലത്തെ ഈ ചെരുപ്പുകുത്തി നിസ്സാരക്കാരനല്ല; മുൻ കെഎസ്ഇബി ഉദ്യോ​ഗസ്ഥന്റെ ജീവിത കഥ ഇങ്ങനെ..

സർക്കാർ ജോലിയെന്നാൽ ജീവിതം സുരക്ഷിതമായി തീർന്നെന്ന ധാരണയിൽ ജീവിക്കുന്ന സമൂഹത്തിനിടയിൽ വ്യത്യസ്തമായൊരു ജീവിതപാത തെരഞ്ഞെടുത്ത ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ശേഷവും വിശ്രമജീവിതം സ്വീകരിക്കാതെ, സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി പരാശക്തിയുടെ ജീവിതം കുറിച്ച് ഡോ. ആഷ ഉല്ലാസ് പങ്കുവച്ച കുറിപ്പാണ് ചർച്ചയായത്. കൊല്ലത്ത് ചെരുപ്പുകുത്തിയായി ജോലി ചെയ്യുകയാണ് പരാശക്തി എന്ന വയോധികൻ. 

കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബാഗിന്റെ സിപ്പ് നന്നാക്കാൻ എത്തിയപ്പോഴാണ് ഡോ. ആഷ പരാശക്തിയെ പരിചയപ്പെടുന്നത്. ‘പത്തു മിനിറ്റ് എടുക്കും’ എന്ന് വിനയത്തോടെ പറഞ്ഞ ആ സാധാരണക്കാരന്റെ ജീവിതകഥ, അതിനിടയിൽ നടന്ന സംഭാഷണത്തിലൂടെ അതിശയിപ്പിക്കുന്നതായിരുന്നു.

ബി.എസ്.സി വിദ്യാഭ്യാസമുള്ള പരാശക്തി, കെഎസ്ഇബിയിൽ ജോലി ചെയ്ത ശേഷം വിരമിച്ചു. റിട്ടയറായപ്പോൾ ലഭിച്ച പണം ഉപയോ​ഗിച്ച് അദ്ദേഹം ഇടുക്കിയിൽ മൂന്ന് ഏക്കർ ഏലത്തോട്ടവും വീടും സ്വന്തമാക്കി. പിന്നീട് കൊല്ലത്തേക്ക് മാറിയ അദ്ദേഹം, കൈവന്ന എല്ലാ ജോലികളും ചെയ്തു. ആരോഗ്യപരിമിതികൾ വന്നപ്പോൾ ചെരുപ്പ്-ബാഗ് നന്നാക്കുന്ന തൊഴിൽ പഠിച്ച് ഇന്ന് അതിലൂടെ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായി, വെയിലും മഴയും അവഗണിച്ച് ജോലി ചെയ്യുന്ന പരാശക്തിക്ക് പെൻഷനും ഉണ്ട്. കൊല്ലത്ത് സ്വന്തമായി വാങ്ങിയ സ്ഥലത്ത് വീട് പണിതിട്ടുണ്ടെങ്കിലും, അത് വാടകയ്ക്ക് കൊടുത്ത് ചെറിയൊരു മുറിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇടുക്കിയിലെ ഏലത്തോട്ടവും പാട്ടത്തിന് നൽകിയിട്ടുണ്ട്.

ഡോ. ആഷ ഉല്ലാസ് പരാശക്തിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: 

എന്റെ ബാഗിന്റെ സിബ് പൊട്ടിപ്പോയത് മാറ്റിയിടാനായാണ് ഞാൻ കൊല്ലത്തേക്ക് പോകുന്ന വഴി ഇദ്ദേഹത്തിന്റ അടുത്തേക്ക് പോയത്.

'പത്തു മിനിറ്റ് എടുക്കും. വെയിറ്റ് പണ്ണുങ്കോ അമ്മാ എന്ന് തമിഴ് കലർന്ന മലയാളത്തിൽ എന്നോട് ഭവ്യതയോടെ പറഞ്ഞു. ബാഗ് നന്നാക്കാൻ കാത്തു നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ വിശേഷമൊക്കെ തിരക്കി.

പേര്, പരാശക്തി. നാട്, അടിമാലി ഇടുക്കി. കെഎസ്ഇബിയിൽ ആയിരുന്നു ജോലി. റിട്ടയേർഡ് ആയി. ബി എസ് സി  കഴിഞ്ഞതാണ്. ഇപ്പോൾ വയസ്സ് എഴുപതിന് അടുത്തായി. കെഎസ്ഇബിയിൽ നിന്ന് റിട്ടയർ ആയപ്പോൾ  മിക്കവരും വിശ്രമിക്കുന്ന പ്രായത്തിൽ 

പക്ഷെ പരാശക്തി ബന്ധുക്കളുള്ള കൊല്ലത്തേക്ക് വണ്ടി കയറി. റിട്ടയർമെന്റ് കാശിന് ഇടുക്കിയിൽ 3 ഏക്കർ ഏലത്തോട്ടവും അതിൽ ഒരു വീടും വാങ്ങിയിട്ടു.

കൊല്ലത്ത് വന്നിട്ട് വെറുതെ ഇരുന്നില്ല. ആരോഗ്യം ഉള്ളപ്പോൾ കെട്ടിടപ്പണിക്ക് പോയി. കിട്ടിയ എല്ലാ ജോലിയും ചെയ്തു.വാർദ്ധക്യം ശരീരത്തെ തളർത്തിയപ്പോൾ വഴിയോരത്ത് ചെരിപ്പും ബാഗും നന്നാക്കുന്ന ‘ആശാന്റെ’ കൂടെ പോയിരുന്നു. പണി പഠിച്ചു. ഇന്ന് ആശാൻ ഇല്ല.  അതേ സ്ഥലത്ത് പരാശക്തി ആ ജോലി തുടർന്നു. കെഎസ്ഇബി പെൻഷൻ ഉണ്ട്. എന്നിട്ടും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വെയിലും മഴയും കൊണ്ട് ചെരിപ്പ് തുന്നുന്നു. 

കൊല്ലത്ത് വന്നു ജോലി ചെയ്ത പൈസക്ക് 5 സെന്റ് സ്ഥലം വാങ്ങി, ഒരു വീട് വെച്ചു. സ്വന്തം അധ്വാനത്തിൽ. 5 വർഷം മുൻപ് ഭാര്യ മരിച്ചു, മകൾ നഴ്സിംഗ് കഴിഞ്ഞ് പോണ്ടിച്ചേരി ജോലിക്ക് കയറി. ഇപ്പോൾ കൊല്ലത്തെ  വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഇടുക്കിയിലെ ഏലതോട്ടം പാട്ടത്തിന് കൊടുത്തിരിക്കുന്നു. 

കൊല്ലത്തു ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്ത് താമസം. സ്വന്തമായി പാചകം. മോൾ ഇടയ്ക് വരും. ഏലത്തോട്ടം മഹീന്ദ്ര കമ്പനി വാങ്ങാൻ വന്നിരിക്കുന്നു. “പറഞ്ഞ വില കിട്ടിയാലേ കൊടുക്കൂ” എന്ന ഉറച്ച നിലപാട്.  പെൻഷൻ ഉണ്ട്, എന്നിട്ടും ജോലി ചെയ്യുന്നു കാരണം അയാൾക്ക് അറിയാം: വിശ്രമം ശരീരത്തിനാണ്, മനസ്സിനല്ല. 

മൂന്ന് ഏക്കർ ഏലത്തോട്ടത്തിന്റെ ഉടമയാണ്, പറഞ്ഞു വന്നാൽ ചെറിയൊരു കോടീശ്വരൻ ആണ്. എന്നിട്ടും തെരുവിൽ ഇരിക്കുന്നു. കാരണം അയാൾക്ക് അറിയാം: അന്തസ്സ് കുപ്പായത്തിലല്ല, അധ്വാനത്തിലാണ്.  മകൾ നഴ്സാണ്, എന്നിട്ടും മകൾക്ക് ഭാരമാകുന്നില്ല. കാരണം അയാൾക്ക് അറിയാം: മക്കൾ നമ്മുടെ സ്വത്തല്ല, നമ്മുടെ സ്നേഹമാണ്. അവരെ വിൽക്കാനുള്ളതല്ല. 

ഭാര്യ പോയിട്ട് 5 വർഷമായി, എന്നിട്ടും തളർന്നില്ല. കാരണം അയാൾക്ക് അറിയാം: ഒറ്റയ്ക്കായാലും നട്ടെല്ല് നിവർന്നേ നിൽക്കാവൂ.

എല്ലാം ഉണ്ടായിട്ടും, ഇന്നും 6 മുതൽ 6 വരെ പണിയെടുക്കുന്നു. കാരണം അയാൾക്ക് അറിയാം: വിയർക്കുന്നത് നിർത്തുന്ന അന്ന് മരിക്കുന്നത് തുടങ്ങും. നമ്മളിൽ പലരും 25 വയസ്സിൽ പറയുന്നു “ജീവിതം മടുത്തു” എന്ന്. 30 വയസ്സിൽ പറയുന്നു “അവസരമില്ല” എന്ന്. 40 വയസ്സിൽ പറയുന്നു “ഇനി സമയമില്ല” എന്ന്. 50 വയസ്സിൽ പറയുന്നു ഇനി വയ്യെന്ന്. വാർദ്ധക്യം ഒരു അസുഖമല്ല. ഒഴിവുകഴിവാണ് അസുഖം.

പരാശക്തി സാറിന് ഒരു ബിഗ് സല്യൂട്ട്. ഇങ്ങനത്തെ മനുഷ്യരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. ഇവരെ പോലുള്ളവരാണ് ഈ ലോകത്തെ മനോഹരമാക്കുന്നതും. പ്രായം തളർത്താത്ത പോരാളി. ഇവരുടെ കഥയാണ് പാഠപുസ്തകത്തിൽ വരേണ്ടത്'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img