
കൊച്ചി: വസ്തു തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. ഡപ്യൂട്ടി കളക്ടറും അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യാണ് പിടിയിലായത്. കേസിൽ ഭൂരേഖ തഹസിൽദാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ കൃപയെ എറണാകുളം വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം. കലൂർ സ്വദേശിയുടെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനായി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടീസിനെയും ഇടനിലക്കാരായ രാജേഷ് എൻ.എസ്., ജോസഫ് ഷിബിൻ എന്നിവരെയും വിജിലൻസ് പിടികൂടിയത്.
കേസിന്റെ തുടർ അന്വേഷണത്തിലാണ് കൈക്കൂലി ഇടപാടിൽ റിട്ട. ഡപ്യൂട്ടി കലക്ടർ എൻ.കെ. കൃപയും ഇടനിലക്കാരനായി പ്രവർത്തിച്ചതായി വിജിലൻസിന് തെളിവുകൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ വിജിലൻസ് സംഘം കൃപയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ കൃപയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
അഴിമതിയിൽ നേരിട്ട് പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെയും അവർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കുന്നതിലൂടെ അഴിമതി ശൃംഖല പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതിയുടെ ഭാഗമായാണ് വിജിലൻസിന്റെ ഈ നടപടി. അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, ഫോൺ നമ്പർ: 8592900900, വാട്സ്ആപ്പ് നമ്പർ: 9447789100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അഭ്യർഥിച്ചു.











