
കൊച്ചി:സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും പുഴുക്കുത്തുകൾക്കും എതിരായ റിട്ട. ഡി.വൈ.എസ്.പി സി.ഡി.ശ്രീനിവാസൻ്റെ പോരാട്ടം അവസാനിക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ മുഖം നോക്കാതെ കർത്തവ്യനിർവഹണം നടത്തിയ അദ്ദേഹം കാക്കിയഴിച്ച ശേഷവും നീതിക്കു വേണ്ടിയുള്ള പോരാട്ടം നിയമ വഴികളിലൂടെ തുടരുന്നു.
ഇത്തവണ എതിർപക്ഷത്തുള്ളത് നിസ്സാരക്കാരനല്ല. വിവാദങ്ങളുടെ കളിത്തോഴനായ ബോബി ചെമ്മണ്ണൂരാണ്. കോടികളുടെ ആസ്തിയുള്ള കേരളത്തിലെ ബിസിനസ് പ്രമുഖൻ. നിയമത്തെ വെല്ലുവിളിച്ചുള്ള ബോബി ചെമ്മണ്ണൂരിൻ്റെ നടപടികൾക്കെതിരെയാണ് ശ്രീനിവാസൻ്റെ കുരിശുയുദ്ധം .
കേരള അബ്കാരി നിയമ പ്രകാരം കള്ള്, വിദേശമദ്യം എന്നിവയുടെ വിതരണവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദനീയമല്ല. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലും അനൗൺസ്മെൻ്റുകളിലും ഉൾപ്പെടെ ഇതിന് വിലക്കുണ്ട്. ഇത് ലംഘിക്കുന്നത് അബ്കാരി നിയമ പ്രകാരം ക്രിമിനൽ കുറ്റമാണ്.
ഈ നിയമത്തെ കാറ്റിൽ പറത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ തൻ്റെ കള്ള് വിൽപ്പനയെ പരിപോഷിപ്പിക്കുന്ന 16 യൂട്യൂബ് പരസ്യ വീഡിയോകളാണ് ബോബി ചെമ്മണ്ണൂർ പ്രചരിപ്പിക്കുന്നത്. "ബോച്ചേ റ്റോഡി ഷോപ്പ് " എന്ന പേരിലാണ് ഈ പരസ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യാൻ നടപടി ആവശ്യപ്പെട്ടും ദ്യശ്യങ്ങൾ പോസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടി അവശ്യപ്പെട്ടും കോഴിക്കോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർക്ക് ശ്രീനിവാസൻ പരാതി നൽകിയിട്ടുണ്ട്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബ് വീഡിയോ അപ്പ്ലോഡ് ചെയ്ത തിരുവനന്തപുരത്തെ വ്ളോഗർക്ക് 50000 രൂപ എക്സൈസ് പിഴ ചുമത്തിയ കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികാര ശ്രേണിയിൽ വലിയ സ്വാധീനമുള്ള ബോബി ചെമ്മണ്ണൂരിനെതിരെ യുള്ള ഒറ്റയാൻ പോരാട്ടത്തിൽ ശ്രീനിവാസന് തുണ നിയമ വ്യവസ്ഥയോടുള്ള വിശ്വാസമാണ്.
Photo Courtesy - Google








