08:51am 30 April 2026
NEWS
റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ
31/10/2025  08:36 PM IST
nila
റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ

തിരുവനന്തപുരം: ഓസ്കർ ജേതാവായ സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ ആകും. മുൻ ചെയർമാൻ സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. പുതിയ ഭരണസമിതിയിൽ അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി. രാഗേഷ് എന്നിവരടക്കം 26 അംഗങ്ങളുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിലാണ് രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് വൈസ് ചെയർമാനായിരുന്ന പ്രേം കുമാറിന് ചെയർമാന്റെ താൽക്കാലിക ചുമതല നൽകിയിരുന്നു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ സമിതിയെ സർക്കാർ രൂപീകരിച്ചത്.

പുതിയ ചെയർമാനെയും സമിതിയെയും കാത്തിരിക്കുന്നത് തിരക്കേറിയ ദിവസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യം നാളെ നടത്താനിരുന്നെങ്കിലും സിനിമാ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കുന്നതുമൂലം അവാർഡ് പ്രഖ്യാപനം മാറ്റുകയായിരുന്നു.

ജൂറി ചെയർമാൻ പ്രകാശ് രാജ് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതായതും തീയതി മാറ്റത്തിന് കാരണമായി. ഡിസംബറിൽ ഐഎഫ്എഫ്കെയും നടക്കാനിരിക്കെ, പുതിയ ഭരണസമിതിക്ക് മുന്നിൽ നിരവധി പ്രധാന ചുമതലകളാണ്. 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരം നടക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img