
ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള പൊതു ഇടങ്ങളിൽ പത്തോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് വിലക്കുന്ന ഗവണ്മെന്റ് ഉത്തരവ് കഴിഞ്ഞ മാസം 28ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. അതിനെതിരെ ഗവണ്മെന്റ് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. പൗരന്മാരുടെ ജനാധിപത്യ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും ഒരു ഗവണ്മെന്റ് ഉത്തരവിലൂടെ നിരോധിക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവ് സ്റ്റേ ചെയ്തത്. പൊതു ഇടങ്ങളുടെ സംരക്ഷണം പരിഗണിച്ച് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി ഡിവിഷൻ ബെഞ്ച് മുമ്പാകെ വാദിച്ചു. പരാതിയുണ്ടെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന പരാമർശത്തോടെയാണ് ജസ്റ്റിസുമാരായ എസ് ജി പണ്ഡിറ്റ്, ഗീത കെ ബി എന്നിവരടങ്ങിയ ബെഞ്ച് അപ്പീൽ തള്ളിയത്. ഒക്ടോബർ 18നാണ് സ്കൂൾ, കോളജ്, പാർക്ക്, കളിസ്ഥലം തുടങ്ങിയ ഇടങ്ങളിൽ ഒത്തുചേരുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥയോടെ സിദ്ധരാമയ്യ ഗവണ്മെന്റ് ഉത്തരവിറക്കിയത്. ശതാബ്‌ദിയാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ആർ എസ് എസ്സിന്റെ യോഗങ്ങളും റൂട്ട് മാർച്ചുമൊക്കെ നടന്നുവരുന്നുണ്ട്. അതിന് തടയിടാനാണ് ഗവണ്മെന്റ് ഉത്തരവിറക്കിയത്. ഐ ടി ബി ടി മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തെഴുതിയതോടെയാണ് നടപടികളുടെ തുടക്കം. ഹുബ്ബള്ളിയിലെ രണ്ട് സംഘടനകളും മറ്റു രണ്ടു വ്യക്തികളുമാണ് ഗവണ്മെന്റ് ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
Photo Courtesy - Google











