വ്യാജരേഖ ചമച്ചവർക്കെതിരെ നടപടി എടുക്കുകയും ചെയ്യുക
കൊച്ചി: കേരളാ സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ അംഗീകാരം അകാരണമായി സസ്പെന്റ് ചെയ്ത നടപടി റദ്ദ് ചെയ്ത് അസോസിയേഷന്റെ അംഗീകാരം പുന:സ്ഥാപിക്കണമെന്ന് അസോസിയേഷൻ നേതാക്കൾ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടു. പണവും സ്വാധീനവും ഉപയോഗിച്ച് നിയമ വിരുദ്ധമായും അന്യായമായും ഇലക്ഷൻ പ്രൊട്ടോക്കോൾ നിലവിലുള്ളപ്പോൾ ബോക്സിംഗ് അസോസിയേഷന്റെ പേരിൽ വ്യാജ രേഖ ചമച്ചവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരം നൽകിയത് തെറ്റായ നടപടിയാണ്. ഈ വ്യാജ രേഖ ചമച്ചവർക്ക് അംഗീകാരം നൽകിയ നടപടി ബഹു: ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. ഒരു അസോസിയേഷൻ നിലവിലിരിക്കേ അതേ പേരിൽ വേറെ ഒരു കൂട്ടം ആളകൾക്ക് അംഗീകാരം നൽകിയത് തികച്ചും ധിക്കാരപരമാണ്.ഇങ്ങിനെ അംഗീകാരം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നേതാക്കൾ അഭ്യർത്ഥിച്ചു.പത്രസമ്മേളനത്തിൽ കേരളാ സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി കെ ഉസ്മാൻ,പ്രസിഡണ്ട് എം കെ പുഷ്കരൻ IPS, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: ഡാനിയൽ തോമസ്, വി സി ദീപേഷ് , കെ ശാന്തകുമാർ, വി സനൽകുമാർ , വി എസ് ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.








