11:15am 13 November 2026
NEWS
പ്രകൃതിയുടെ കാവൽക്കാർക്ക് ആദരം; ഹരിത സുസ്ഥിരതയുടെ സന്ദേശമുയർത്തി ഖത്തറിൽ ലോക തേനീച്ച ദിനാചരണം
21/05/2026  11:53 AM IST
nila
പ്രകൃതിയുടെ കാവൽക്കാർക്ക് ആദരം; ഹരിത സുസ്ഥിരതയുടെ സന്ദേശമുയർത്തി ഖത്തറിൽ ലോക തേനീച്ച ദിനാചരണം

​ദോഹ: ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിൽ തേനീച്ചകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഖത്തർ നഗരസഭ മന്ത്രാലയത്തിന്റെ (Ministry of Municipality) ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ലോക തേനീച്ച ദിനം (മെയ് 20) ആചരിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും വിവിധ നഗരസഭകളും സംയുക്തമായാണ് വൈവിധ്യമാർന്ന വിദ്യാഭ്യാസ-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.
​രാജ്യത്തെ തേനീച്ച വളർത്തൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക തേൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ഖത്തർ നടത്തിവരുന്ന നിരന്തരമായ ശ്രമങ്ങളെ പൊതുജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ ഈ ദിനാചരണം വേദിയൊരുക്കി.അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വിളാജിയോ മാളുമായി സഹകരിച്ച് “നാഷണൽ ബീ പ്രോജക്ട്... സുസ്ഥിര കൃഷിയിലേക്കൊരു പങ്കാളിത്തം” എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം ദൃശ്യമായ ഈ ചടങ്ങിൽ, 2013-ൽ തുടക്കം കുറിച്ച ദേശീയ തേനീച്ച പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ചു. കർഷകർക്കും തേനീച്ച വളർത്തലുകാർക്കും പിന്തുണ നൽകുക, അവരുടെ വരുമാന മാർഗ്ഗങ്ങൾ വൈവിധ്യവൽക്കരിക്കുക, പ്രാദേശിക തേൻ ഉത്പന്നങ്ങളുടെ ഗുണനിലവാരവും വിപണിയിലെ വിശ്വാസ്യതയും ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ 12 പ്രമുഖ ഫാമുകളും തേനീച്ച വളർത്തൽ കേന്ദ്രങ്ങളും തങ്ങളുടെ തനത് ഉത്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു.തേനീച്ചകളുടെ പാരിസ്ഥിതിക പ്രാധാന്യം വരുംതലമുറയ്ക്ക് പകർന്നുനൽകുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് നിരവധി ശില്പശാലകൾ നടന്നു.പ്രാദേശിക കാർഷിക ഉത്പന്നങ്ങളോടും സുസ്ഥിര കൃഷിരീതികളോടും ഖത്തറിലെ പൊതുസമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് വളർന്നുവരുന്ന താല്പര്യത്തിന്റെ നേർക്കാഴ്ചയായി മാറി ഈ വർഷത്തെ തേനീച്ച ദിനാചരണ പരിപാടികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img