11:48pm 09 November 2026
NEWS
രാജി മാത്രം പോര കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം വി പി സജീന്ദ്രന്‍ എംഎല്‍എ
25/07/2026  08:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജി മാത്രം പോര കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം വി പി സജീന്ദ്രന്‍ എംഎല്‍എ

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത് സമരത്തിന്റെ വിജയമാണെന്നും, എന്നാല്‍ മന്ത്രിയുടെ രാജിയില്‍ വിഷയം അവസാനിപ്പിക്കാനാകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരക്കാരെ അധികാരത്തിന്റെ അഹങ്കാരത്തില്‍ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്‌തെന്ന് സജീന്ദ്രന്‍ പറഞ്ഞു. സമരത്തെ പിന്തുണച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടായപ്പോഴും കോണ്‍ഗ്രസ് നിലപാടില്‍ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും വിവിധ പരീക്ഷകള്‍ നടക്കാനിരിക്കുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥി സമരത്തോട് മുഖംതിരിച്ചവര്‍ക്ക് ഒടുവില്‍ രാജിവയ്‌ക്കേണ്ടിവന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേനകയില്‍നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു. എംഎല്‍എമാരായ ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ അഡ്വ. വി കെ മിനിമോള്‍, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുള്‍ മുത്തലിബ്, എം ആര്‍ അഭിലാഷ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, സക്കീര്‍ ഹുസൈന്‍, ചാള്‍സ് ഡയസ്, എല്‍ദോസ് കുന്നപ്പിള്ളി, തമ്പി സുബ്രഹ്‌മണ്യം, കെ എം സലിം, അബ്ദുല്‍ ലത്തീഫ്, എം പി ശിവദത്തന്‍, എന്‍ ആര്‍ ശ്രീകുമാര്‍, ഷാജി കുറുപ്പശ്ശേരി, പി ഡി മാര്‍ട്ടിന്‍, സേവിയര്‍ തായങ്കരി, കെ വി പി കൃഷ്ണകുമാര്‍, വി കെ ശശികുമാര്‍, പി കെ അബ്ദുറഹ്‌മാന്‍, കെ എക്‌സ് സേവിയര്‍, കെ വി പോള്‍, ബാബു പുത്തനങ്ങാടി, ജോഷി പള്ളന്‍, വിജു ചൂളക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img