
ദോഹ:ഖത്തറിലെത്തുന്ന പുതിയ പ്രവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള റസിഡന്റ് ഹെൽത്ത് കാർഡിന് അപേക്ഷിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഖത്തർ ലിവിംഗ് പുറത്തുവിട്ടു. സാധുതയുള്ള ഖത്തർ ഐഡി (QID) ലഭിച്ചതിന് ശേഷം മാത്രമേ പുതിയ പ്രവാസികൾക്ക് ഹെൽത്ത് കാർഡിനായി അപേക്ഷിക്കാൻ സാധിക്കൂ.
പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) നർആകം (Nar'aakom) ആപ്പ് വഴിയോ നിശ്ചിത പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.മുതിർന്ന പ്രവാസികൾക്ക് ഹെൽത്ത് കാർഡിന് 100 ഖത്തറി റിയാലാണ് നിരക്ക്. ജി.സി.സി പൗരന്മാർക്കും ഗാർഹിക തൊഴിലാളികൾക്കും 50 ഖത്തറി റിയാലാണ് ഫീസ്.അപേക്ഷിക്കാൻ സാധുതയുള്ള QID, അടുത്തിടെയെടുത്ത ഫോട്ടോ (4cm x 3cm), വിലാസം തെളിയിക്കുന്ന രേഖ (വാടക കരാർ അല്ലെങ്കിൽ കഹ്‌റമ ബില്ലും GIS വിലാസവും) എന്നിവ ആവശ്യമാണ്.
പണം നേരിട്ട് സ്വീകരിക്കില്ല.ഓൺലൈൻ വഴി അപേക്ഷിച്ചാലും കാർഡ് പുതുതായി കൈപ്പറ്റുന്നതും ഫീസ് അടയ്ക്കുന്നതും അതാത് പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തിയായിരിക്കും.
ഫിസിക്കൽ ഹെൽത്ത് കാർഡ് നിർബന്ധമായും കൈവശം കരുതേണ്ടതുണ്ട്.ഹെൽത്ത് കാർഡ് ഉള്ളവർക്ക് പി.എച്ച്.സി.സി സെന്ററുകളിലും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ആശുപത്രികളിലും സൗജന്യ അല്ലെങ്കിൽ സബ്‌സിഡി നിരക്കിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭിക്കും.
നിലവിലുള്ള സാധുതയുള്ള കാർഡ് നഷ്ടപ്പെട്ടാൽ പകരം ലഭിക്കാൻ 100 റിയാലും, കാലാവധി കഴിഞ്ഞ കാർഡ് നഷ്ടപ്പെട്ടാൽ 200 റിയാലുമാണ് പിഴ ഫീസ്.
സന്ദർശന വിസയിൽ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് മന്ത്രാലയം അംഗീകരിച്ച ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










