
കൊല്ലം സ്വദേശിനിയായ യുവതി പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നതും ഗാർഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലം ശൂരനാട് സ്വദേശിനിയായ രേഷ്മയുടെ (29) മരണം സംഭവിച്ചാണ് കുടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. രേഷ്മ ഭർതൃവീട്ടിൽ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു.
ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നുമാണ് ഉയരുന്ന ആരോപണം. 1000 രൂപ കൊടുത്താൽ കൂടെക്കഴിയാൻ ഇഷ്ടംപോലെ പേരെ കിട്ടുമെന്ന് ഭർത്താവ് പറഞ്ഞെന്നും രേഷ്മ പരാതി പറഞ്ഞിരുന്നു. ആഹാരം കഴിക്കുന്നതിന് വരെ ഭർത്താവിന്റെ വീട്ടുകാർ കണക്കുപറഞ്ഞിരുന്നെന്നും രേഷ്മ പറയുന്നതും ഫോൺ സംഭാഷണത്തിലുണ്ട്.
രേഷ്മയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ:
‘‘സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവർ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’
‘‘1000 രൂപ കൊടുത്താൽ അയാൾക്ക് (ഭർത്താവിന്) ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. അയാൾ എൻറെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ... എനിക്ക് പറയാൻ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛൻ എൻറെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്... മടുത്തു’’











