03:56am 17 September 2026
NEWS
കൃഷിഭൂമി സംരക്ഷിക്കാൻ റിസർവ്ഡ് അഗ്രികൾച്ചർ ലാൻഡ്’ വരണം: സജി ചെറിയാൻ എംഎൽഎ
16/09/2026  08:33 PM IST
nila
കൃഷിഭൂമി സംരക്ഷിക്കാൻ റിസർവ്ഡ് അഗ്രികൾച്ചർ ലാൻഡ്’ വരണം: സജി ചെറിയാൻ എംഎൽഎ


​ചെങ്ങന്നൂർ: വനഭൂമി സംരക്ഷിക്കുന്ന റിസർവ്ഡ് ഫോറസ്റ്റ് മാതൃകയിൽ കൃഷിഭൂമി സംരക്ഷിക്കാനായി സംസ്ഥാനത്ത് റിസർവ്ഡ് അഗ്രികൾച്ചർ ലാൻഡ് നിയമപരമായ നിയന്ത്രണങ്ങളോടെ കൊണ്ടുവരണമെന്ന് സജി ചെറിയാൻ എംഎൽഎ . നെൽകൃഷി മേഖലയിൽ അധികവിളവ് ലക്ഷ്യമിട്ട് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സൂക്ഷ്മപോഷിണി പദ്ധതിയുടെ ശിൽപ്പശാല പുലിയൂർ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
​കൃഷിഭൂമിയും പാടശേഖരങ്ങളും വ്യാപകമായി അനധികൃതമായും കെട്ടിട നിർമാണങ്ങൾക്കും റോഡ് വികസനത്തിനുമായി നികത്തപ്പെടുകയാണ്. നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തി മാഫിയാ സംഘങ്ങൾ കൃഷിഭൂമി നഷ്ടപ്പെടുത്തുന്നു. കൂടാതെ, കർഷകർക്ക് താല്പര്യമില്ലാതായതോടെ മണ്ഡലത്തിൽ തന്നെ 445 ഹെക്ടറോളം പാടശേഖരങ്ങൾ തരിശുകിടക്കുകയാണെന്നും കാർഷിക മേഖലയിൽ വന്ന ഈ മാറ്റങ്ങൾ ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
​30 വർഷം മുമ്പ് കേരളത്തിൽ 12 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷിയുണ്ടായിരുന്നത് ഇന്ന് ഒന്നേമുക്കാൽ ലക്ഷം ഹെക്ടറായി ചുരുങ്ങി. ഏകദേശം 10 ലക്ഷം ഹെക്ടർ സ്ഥലമാണ് ഈ കാലയളവിൽ നാമാവശേഷമായത്. വികസിത രാജ്യങ്ങളിലെപ്പോലെ മറ്റ് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്ത റിസർവ്ഡ് അഗ്രികൾച്ചർ ലാൻഡ്' ആശയം ഇവിടെയും അനിവാര്യമാണെന്ന്  എംഎൽഎ വ്യക്തമാക്കി.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി  അധ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ സുസൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.  
​ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിതിൻ ചെറിയാൻ, ജി. കൃഷ്ണകുമാർ, ടി. വിശ്വനാഥൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി. പി. സിന്ധു, ആത്മാ പ്രോജക്ട് ഡയറക്ടർ എസ്. സുനിത, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, മറ്റ് ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
​2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലുൽപ്പാദനം വർധിപ്പിക്കാനും ഭക്ഷ്യോൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് സൂക്ഷ്മപോഷിണി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാടശേഖര സമിതികളെയും പഞ്ചായത്തുകളെയും ഏകോപിപ്പിച്ചുകൊണ്ട് കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.  
​  ചെങ്ങന്നൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ എഴുപതോളം പാടശേഖരങ്ങളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും ശിൽപ്പശാലയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img